കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ തദ്ദേശ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. വിജയത്തിന് പിതൃത്വം അവകാശപ്പെടാന്‍ ഒരുപാട് പേരുണ്ടാകും എന്നാല്‍ പരാജയം അനാഥനാണ്. ഇരുപതില്‍ 19 സീറ്റ് ലഭിച്ചിട്ട് വന്നപ്പോള്‍ തനിക്കാരും പൂച്ചെണ്ട് തന്നില്ല. തിരഞ്ഞെടുപ്പ് വിജയം കൂട്ടായ പ്രവര്‍ത്തനമാണെന്നാണ് അന്ന് പറഞ്ഞതെന്നും കൂട്ടായ നേതൃത്വത്തില്‍ വിശ്വസിക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.
കേരളത്തിൽ നിലനിൽക്കുന്ന പൊതുരാഷ്‌ട്രീയം നാട്ടിൽ ചർച്ചയാക്കാൻ കഴിഞ്ഞില്ലെന്നും, തെറ്റിദ്ധാരണ പരത്തുന്ന പ്രചരണങ്ങളെ ഫലപ്രദമായി നേരിടാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നും വാർത്താസമ്മേളനത്തിൽ മുല്ലപ്പള്ളി വ്യക്തമാക്കി. വീഴ്‌ചകൾ സംഭവിച്ചുവെന്നത് സത്യമാണ്. ആ വീഴ്‌ചയിൽ നിന്ന് പാഠം ഉൾക്കൊണ്ട് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാൻ കഴിയുമെന്ന ശുഭാപ്‌തിവിശ്വാസം കോൺഗ്രസ് പാർട്ടിക്ക് ഉണ്ടെന്നും കെപിസിസി അദ്ധ്യക്ഷൻ പറഞ്ഞു.
മാദ്ധ്യമങ്ങൾ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് ഉണ്ടായത്. മാനിനെ ചെന്നായക്കൂട്ടം ആക്രമിച്ചതുപോലെ ക്രൂരമായി പോയത്. താനെന്ത് തെറ്റാണ് ചെയ‌്തതെന്നും മുല്ലപ്പള്ളി ചോദിച്ചു. തിരഞ്ഞെടുപ്പ് ഫലത്തിൽഒരുതരത്തിലുള്ള നിരാശയുമില്ല. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മിന്നുന്ന ജയം നേടാൻ കോൺഗ്രസിന് കഴിയുമെന്നും അദ്ദേഹം ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിച്ചു.
വീഴ്‌ചകൾ എല്ലാം ഉടൻ തന്നെ പരിഹരിക്കും. ഇന്നലെ നടന്ന പൊളിറ്റിക്കൽ അഫയേഴ്‌സ് യോഗത്തിൽ ഇതിന് ധാരണയായിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് ജനുവരി 6,7 തീയതികളിൽ രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, എംപിമാർ, എംഎൽഎമാർ, ഡിസിസി പ്രസിഡന്റുമാർ എന്നിവരുടെ യോഗം ചേരാൻ തീരുമാനിച്ചതായും മുല്ലപ്പള്ളി വ്യക്തമാക്കി.