കടം കയറി ജീവിക്കാനായി ഇന്‍ഷുറന്‍സ് കമ്പനിയിൽ ജോലി…പലരുമറിയാത്ത പാച്ചേനിയുടെ ജീവിതം.മണ്ഡലം പ്രസിഡന്റുമാർ കോടിപതികളായപ്പോൾ കടം കയറി ചങ്കുപൊട്ടി മരിച്ച ഒരു കോൺഗ്രസുകാരൻ !

കണ്ണൂര്‍: കോൺഗ്രസ്  ഭാരവാഹിത്വം കച്ചവടമായി ഉപയോഗിച്ച് കോടികൾ ഉണ്ടാക്കിയവർ ഉള്ളപ്പോൾ ആദര്ശ പരിവേഷം കൊണ്ട് വെറും കയ്യോടെ ജീവിതം മുന്നോട്ട് കൊണ്ടുപോയ വ്യത്യസ്ഥാനായിരുന്നു അന്തരിച്ച പ്രമുഖ കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി. സതീശൻ പാച്ചേനി അവസാന കാലത്ത് നേരിട്ടത് വലിയ പ്രതിസന്ധികള്‍. ജീവിക്കനായി അദ്ദേഹം ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലി ചെയ്ത കാര്യം പല സഹപ്രവര്‍ത്തകരും അറിഞ്ഞിരുന്നില്ല. സംഘടനയ്ക്കുള്ളിലും പാർലമെന്‍ററി രംഗത്തും ചുമതലകൾ ഇല്ലാതെ വന്നതോടെയാണ് പഞ്ചാബ് നാഷണൽ ബാങ്ക് മെറ്റ് ലൈഫിൽ ഇൻഷുറൻസ് മാനേജറായി പാച്ചേനി ജോലിക്ക് ചേ‍ർന്നത്.

സംഘടന പ്രവർത്തനത്തിനിടെയുണ്ടായ സാമ്പത്തിക ബാധ്യതകൾ തീർക്കണമെന്നും വീട് വയ്ക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. കഴിഞ്ഞ വർഷം ഡിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് മാറിയതിന് ശേഷം കെപിസിസി അംഗം മാത്രമായി തുടരുകയായിരുന്നു സതീശൻ പാച്ചേനി. എ കെ ആന്‍റണി ഒഴിയുമ്പോൾ രാജ്യസഭയിലേക്ക് ഒരു അവസരം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ, അതുണ്ടായില്ല. കോൺഗ്രസ് സംഘടനയിലും പാർലമെന്‍ററി രംഗത്തും ചുമതലകൾ ഇല്ലാതായതോടെ ജീവിതത്തിൽ ഇനി എന്ത് ചെയ്യണം എന്ന ചോദ്യം പാച്ചേനിക്ക് മുന്നിൽ വന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അങ്ങനെയാണ് പഞ്ചാബ് നാഷണൽ ബാങ്ക് മെറ്റ് ലൈഫ് ഇൻഷുറൻസിൽ ഒരു അഭിമുഖത്തിന് ഉദ്യോഗാർത്ഥിയായി പാച്ചേനി പോയത്. ഇന്‍റർവ്യൂ പാസായി ഇൻഷുറൻസ് മാനേജറായി ഈ ജൂണിൽ ജോലിയിൽ കയറി. മെറ്റ് ലൈഫ് ഇൻഷൂറൻസിലേക്ക് നിക്ഷേപകരെ ആകർഷിക്കലും ഫീൽഡ് വർക്കിനായി പുതുതായി ആളുകളെ ചേ‍ർക്കലുമായിരുന്നു ജോലി. നാല് പതിറ്റാണ്ടായി പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്ന പാച്ചേനിക്ക് സ്വന്തമായി ഒരു വീട് വയ്ക്കാന്‍ പോലും സാധിച്ചിരുന്നില്ല.

അതിനായി സൂക്ഷിച്ച പണം ഡിഡിസി ഓഫീസ് കെട്ടിട നിർമ്മാണത്തിന് ചെലവാക്കി. ഇത് പിന്നീട് പാർട്ടി തിരികെ നൽകി. സംഘടന പ്രവർത്തനത്തിനിടെയുണ്ടാകുന്ന സാമ്പത്തിക ആവശ്യങ്ങള്‍ക്ക് പലപ്പോഴും സുഹൃത്തുക്കളിൽ നിന്ന് കടംവാങ്ങിയും സ്വർണ്ണം പണയം വച്ചുമൊക്കെയാണ് പാച്ചേനി പണം കണ്ടെത്തിയിരുന്നത്. ബാങ്ക് ലോൺ ഉൾപെടെ പത്ത് ലക്ഷത്തിലധികം രൂപ പാച്ചേനിക്ക് ബാധ്യത ഉണ്ടെന്നാണ് അടുപ്പമുള്ളവർ പറയുന്നത്.

സ്വന്തമായി വീടില്ലാത്തതിനാൽ സഹോദരൻ സുരേഷിന്‍റെ വീട്ടിലായിരുന്നു പാച്ചേനിയുടെ മൃതദേഹം ബന്ധുക്കൾക്കും നാട്ടുകാ‍ർക്കും അന്തിമോപചാരം അ‍ർപ്പിക്കാനായി വച്ചത്. സതീശന്റെ ആദർശ ജീവിതം ഇന്ന് ഏറെ മഹത്വത്തോടെ വാഴ്ത്തിപ്പാടുന്ന സഹപ്രവർത്തകരിൽ പലർക്കും അവസാന കാലത്ത് ഇൻഷുറൻസ് കംപനിയിൽ ജോലി ചെയ്താണ് പാച്ചേനി ജീവിച്ചിരുന്നത് എന്ന് അറിയില്ലായിരുന്നു. പാർട്ടി ഓഫീസിനായി വീടുവിറ്റ പണം പോലും ചെലവഴിച്ച സതീശന്‍റെ കടങ്ങൾ കോൺഗ്രസ് ഏറ്റെടുക്കുമെന്നും കുടുംബത്തിന് വീട് വച്ചുനൽകുമെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ അറിയിച്ചിരുന്നു.

വെറും ചുമട്ടു തൊഴിലാളി ആയിരുന്ന ഏരുവേശിയിലെ അടക്കം കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടുമാർ ചില നേതാക്കൾ കോടികളുടെ അധിപനായി വിലസുന്നു.സഹകരണ ബാങ്ക് നിയമനങ്ങൾ അടക്കം ലക്ഷങ്ങൾ അഴിമതി നടത്തി ചുരുക്കം വർഷങ്ങൾ കൊണ്ട് കോടിക്കണക്കിനു പണം ഉണ്ടാക്കി എന്ന് ആരോപണം ഉള്ളപ്പോഴാണ് കെപിസിസി ജനറൽ സെക്രട്ടറിയും ഡിസിസി പ്രസിഡന്റും ആയി ജീവിച്ച സതീശൻ പാച്ചേനി കടക്കാരനായി മരിച്ചത് .ഒടുവിൽ ജീവിക്കാനായി ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്ത ജീവിതം മുന്നോട്ട് കൊണ്ടുപായത് .മുന്നിൽ ജീവിതം എങ്ങനെ എന്ന കടുത്ത സ്ട്രെസ്സിൽ രക്ത സമ്മർദ്ധത്തിൽ ജീവിതം നഷ്ടമാവുകയായിരുന്നുവോ പാച്ചേനിയുടേതും എന്നത് ചോദ്യമായി നിലനിൽക്കുകയാണ് .

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിനടുത്ത് സ്ഥിതി ചെയ്യുന്ന പാച്ചേനിയിലെ കമ്മ്യൂണിസ്റ്റ് ഗ്രാമത്തിൽ അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തിലായിരുന്നു സതീശൻ പാച്ചേനിയുടെ ജനനം. എന്നാൽ എ കെ ആന്റണിയുടെ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിൽ ആകൃഷ്ടനായി സതീശൻ ചെങ്കൊട്ടയിൽ നിന്ന് പടർന്നുകയറിയത് കോൺഗ്രസിലേക്ക്.

പ്രസിദ്ധമായ മാവിച്ചേരി കേസിൽ ഉള്‍പ്പെടെ നിരവധി തവണ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു വേണ്ടി ജയില്‍ശിക്ഷ അനുഭവിക്കുകയും അനവധി കര്‍ഷക പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത പാച്ചേനി ഉറുവാടനായിരുന്നു മുത്തച്ഛൻ. അച്ഛൻ പാലക്കീല്‍ ദാമോദരനും അമ്മ മാനിച്ചേരി നാരായണിയും കർഷക തൊഴിലാളികളും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകരുമായിരുന്നു. ഇവരുടെ മൂത്തമകനായി 1968 ജനുവരി അഞ്ചിനാണ് മാനിച്ചേരി സതീശന്‍ എന്ന സതീശന്‍ പാച്ചേനി ജനിച്ചത്.

അടിയന്തരാവസ്ഥയ്ക്കെതിരെ ഗുവാഹത്തി എഐസിസി സമ്മേളനത്തിൽ എ കെ ആന്റണി നടത്തിയ പ്രസംഗം പത്രത്തിൽ വായിച്ചതാണ് സ്കൂൾ വിദ്യാർഥിയായിരുന്ന പാച്ചേനിയെ കോൺഗ്രസിലേക്ക് ആകർഷിച്ചത്. ആന്റണി മുന്നോട്ടു വച്ച മൂല്യാധിഷ്ഠിത രാഷ്ട്രീയത്തോടുള്ള ഇഷ്ടവും ആദരവും സ്കൂൾ കാലയളവിൽ കെഎസ്‌യുവിൽ അണിചേരാൻ പ്രേരണയായി. പരിയാരം ഹൈസ്കൂൾ പഠിക്കുമ്പോൾ ആദ്യമായി രൂപീകരിക്കപ്പെട്ട കെഎസ്‌യു യൂണിറ്റിന്റെ പ്രസിഡ‍ന്റായി. പിന്നീട് കണ്ണൂർ പോളിടെക്നിക്കിലും കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായി. കെഎസ്‌യു താലൂക്ക് സെക്രട്ടറി, കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, സംസ്ഥാന ജനറൽ സെക്രട്ടറി എന്നിങ്ങനെ 1999 ൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വരെയായി.

കമ്മ്യൂണിസ്‌റ്റ് പാരമ്പര്യമുള്ള കുടുംബത്തിലെ ഇളമുറക്കാരൻ കെഎസ്‌യു ആയെന്നറിഞ്ഞപ്പോൾ തറവാട്ടിൽ നിന്നു 16ാം വയസ്സിൽ പടിയിറക്കി. റേഷൻ കാർഡിൽ നിന്ന് പേരു വെട്ടി. എന്നാൽ അതൊന്നും പാച്ചേനിയെ പിന്തിരിപ്പിച്ചില്ല. കോൺഗ്രസായാൽ കയറിക്കിടക്കാൻ വീടും പഠിക്കാൻ പണവും കിട്ടില്ലെന്നായിട്ടും തീരുമാനത്തിൽ അദ്ദേഹം ഉറച്ചുനിന്നു.

കണ്ണൂരിലെ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങളിൽ സജീവമായിരുന്ന സതീശനിലെ നേതൃപാടവം തിരിച്ചറിഞ്ഞ എ കെ ആന്റണിയാണ് സംസ്ഥാന തലത്തിലേക്ക് കൈപിടിച്ചു കയറ്റിയത്. എ-ഐ എന്നീ ഗ്രൂപ്പുകളിലായി കോൺഗ്രസുകാർ മത്സരിച്ച് പ്രവര്‍ത്തിക്കുന്ന കാലമായിരുന്നു അത്. വളരെ പെട്ടെന്നാണ് സതീശന്‍ കണ്ണൂരില്‍ എ ഗ്രൂപ്പിന്റെ യുവനായകനായി മാറിയത്. സൗമ്യമായ പെരുമാറ്റവും നിസ്വാര്‍ത്ഥമായ പ്രവര്‍ത്തന ശൈലിയും മുന്നോട്ടുള്ള യാത്രക്ക് ഊർജമായി.

പാർലമെന്ററി രംഗത്തെ നിർഭാഗ്യവാൻ

അഞ്ചുതവണ നിയമസഭയിലേക്കും ഒരു തവണ ലോക്സഭയിലേക്കും സതീശൻ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. പലപ്പോഴും മത്സരം ഇടതു കോട്ടകളിൽ, വമ്പൻമാരോടായിരുന്നു.
2001ൽ മാർക്സിസ്റ്റു പാർട്ടിയുടെ ഉറച്ച സീറ്റായി ഗണിക്കപ്പെടുന്ന മലമ്പുഴയില്‍ വി എസ് അച്യുതാനന്ദനെ നേരിടാന്‍ കോണ്‍ഗ്രസ് നേതൃത്വം ഇറക്കിയത് സതീശനെയായിരുന്നു. പരാജയപ്പെട്ടെങ്കിലും വി എസിനെ ഞെട്ടിച്ചതായിരുന്നു ആ മത്സരഫലവും വോട്ട് നിലയും. 4703 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു സതീശൻ പരാജയപ്പെട്ടത്. അതുവരെ എല്ലാ തെരഞ്ഞെടുപ്പുകളിലും സി പി എം സ്ഥാനാർത്ഥികൾ ഇരുപതിനായിരത്തിലേറെ വോട്ടുകൾക്ക് ജയിച്ചുകൊണ്ടിരുന്ന മണ്ഡലമാണ് മലമ്പുഴ. 2006ലും വി എസിനെ നേരിടാൻ ഇറങ്ങിയത് പാച്ചേനി തന്നെയായിരുന്നു. എന്നാൽ വി എസ് പഴയ ആളായിരുന്നില്ല. 20,017 വോട്ടുകൾക്കായിരുന്നു ഇത്തവണ പരാജയപ്പെട്ടത്.

2009ൽ പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ എം ബി രാജേഷിനോടായി അങ്കം. അവിടെയും പരാജയപ്പെട്ടെങ്കിലും സിപിഎം നേതൃത്വത്തെ ഞെട്ടിക്കാൻ സതീശന് സാധിച്ചു. വെറും 1820 വോട്ടുകൾക്ക് മാത്രമായിരുന്നു തോൽവി.

പിന്നീട് സ്വന്തം നാടായ തളിപ്പറമ്പില്‍ ഇന്നത്തെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനോടും പൊരുതി തോറ്റു. ഇരിങ്ങൽ സ്കൂളിൽ സ്വന്തം അധ്യാപകനായിരുന്ന എം വി ഗോവിന്ദനെതിരായ സ്ഥാനാർഥിത്വം തെരഞ്ഞെടുപ്പു ഗോദയിൽ ഗുരുവിനെതിരെ ശിഷ്യന്റെ പോരാട്ടമായും മറ്റുമുള്ള വിലയിരുത്തലിലൂടെയും ശ്രദ്ധേയമായി. മത്സരിച്ച എല്ലായിടത്തും വീറോടെ പൊരുതിയെങ്കിലും അവിടെയെല്ലാം പാച്ചേനിക്ക് കാലിടറി. അവസാനത്തെ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് എസ് നേതാവ് കടന്നപ്പള്ളി രാമചന്ദ്രനോടും തോല്‍ക്കേണ്ടി വന്നപ്പോള്‍ രാഷ്ട്രീയത്തിലെ നിര്‍ഭാഗ്യവാനായി സതീശൻ പാച്ചേനി മുദ്രകുത്തപ്പെട്ടു.

2016 ഡിസംബർ മുതൽ 2021 വരെ കണ്ണൂർ ഡിസിസി പ്രസിഡന്റായിരിക്കെ കരുതലോടെ മേൽനോട്ടം വഹിച്ചു നിർമിച്ച കണ്ണൂർ ഡിസിസി ഓഫിസ് ‘കോൺഗ്രസ് ഭവൻ’ പൂർത്തിയാക്കിയത് പാച്ചേനിയുടെ നേതൃത്വമികവായി. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ ജില്ലയിൽ, ഇന്ത്യയിലെ തന്നെ ഏറ്റവും വിസ്തൃതിയുള്ള കോൺഗ്രസ് ഓഫീസുകളിലൊന്നുണ്ടെന്ന ഖ്യാതിയും മേൽവിലാസവും എഴുതിച്ചേർത്താണ് സതീശൻ പാച്ചേനി ഡിസിസി പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞത്.

 

Top