
കോഴിക്കോട്: ശശി തരൂരിനുള്ള പിന്തുണ ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനെ തള്ളി കെ മുരളീധരന്‍.തരൂരിന്റെ ഇതുവരെയുള്ള ഒരു പ്രവര്‍ത്തനവും വിഭാഗീയ പ്രവര്‍ത്തനമല്ലെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പിന്‍വലിച്ച പരിപാടി മറ്റൊരു സംഘടന നടത്തിയില്ലായിരുന്നുവെങ്കില്‍ കോണ്‍ഗ്രസിന് വലിയ ചീത്തപ്പേരായി മാറിയേനെയെന്നും അദ്ദേഹം പറഞ്ഞു.
ശശി തരൂരിന്റെ ഇതുവരെയുള്ള ഒരു പ്രവര്‍ത്തനവും വിഭാഗീയ പ്രവര്‍ത്തനമല്ലെന്നും തരൂരിന്റെ സന്ദര്‍ശനങ്ങളെ വിഭാഗീയതായി കാണേണ്ടതില്ലെന്നും മുരളീധരന്‍ പറഞ്ഞു.അദ്ദേഹത്തിന്റെ എല്ലാ പൊതു പരിപാടികളും അതാത് ഡിസിസികളെ അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയക്കാര്‍ തമ്മില്‍ കാണുമ്പോള്‍ കാലാവസ്ഥ വ്യതിയാനമല്ല ചര്‍ച്ച ചെയ്യുന്നത്. തരൂരിന് കേരള രാഷ്ട്രീയത്തില്‍ നല്ല പ്രസക്തിയുണ്ട്. ഗ്രൂപ്പ് ഉണ്ടാക്കല്‍ അല്ല തരൂരിന്റെ ലക്ഷ്യം. തരൂരിനെ എതിര്‍ത്ത് എതിരാളികള്‍ക്ക് ആയുധം കൊടുക്കരുതെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
ആരെയും വില കുറച്ച് കാണരുതെന്നും കണ്ടാല്‍ ഇന്നലെ സൗദിയോട് തോറ്റ മെസിയുടെ അവസ്ഥയാകുമെന്നും സതീശന്റെ പരാമര്‍ശത്തെ തള്ളി മുരളീധരന്‍ പറഞ്ഞു. ഇന്നലെ സൗദിയെ കുറച്ചു കണ്ട മെസിക്ക് തലയില്‍ മുണ്ടിട്ട് പോവേണ്ട അവസ്ഥ വന്നു. നയതന്ത്രപഞ്ചാത്തലമുള്ളവര്‍ക്ക് കോണ്‍ഗ്രസ് മുന്‍ഗണന നല്‍കിയിട്ടുണ്ട്. സതീശന്‍ പറഞ്ഞത് മൊത്തത്തിലുള്ള ബലൂണുകളെ കുറിച്ചാണ്. അത്തരം ബലൂണ്‍ ചര്‍ച്ച ഇപ്പോള്‍ ആവശ്യമില്ലെന്നും പ്രസ്താവനയെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ എടുത്താല്‍ മതിയെന്നും മുരളീധരന്‍ പറഞ്ഞു.
വര്‍ഗീയതയ്‌ക്കെതിരായുള്ള ഒരു സെമിനാറില്‍ പങ്കെടുക്കാന്‍ വന്ന തരൂരിന് കോണ്‍ഗ്രസിലെ ചിലരുടെ ഇടപെടല്‍കൊണ്ട് വേദികിട്ടാതെ മടങ്ങേണ്ടി വന്നു എന്നൊരു വാര്‍ത്ത വന്നിരുന്നുവെങ്കില്‍ അത് കോണ്‍ഗ്രസിനുണ്ടാക്കുമായിരുന്ന ആഘാതം ചെറുതല്ല. പക്ഷെ ഒരു സംഘടന അതേറ്റെടുത്ത് സെമിനാര്‍ നടത്തി. കോണ്‍ഗ്രസിന്റെ ആശയങ്ങള്‍ അദ്ദേഹം വ്യക്തമായി സംസാരിച്ചു.
ആളുകളെ വിലകുറച്ച് കണ്ടാല്‍ ഇന്നലെ മെസ്സിക്ക് പറ്റിയ പോലെ സംഭവിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു. സൗദിയെ വിലകുറച്ച് കണ്ടതോടെ മെസിയ്ക്ക് തലയില്‍ മുണ്ടിട്ട് പോവേണ്ടി വന്നു. നമ്മള്‍ ഒരാളെ വിലയിരുത്തുമ്പോള്‍ അത് തരം താഴ്ത്തലിലേക്ക് പോവേണ്ടെന്നും ബലൂണ്‍ ചര്‍ച്ചയൊന്നും ഇവിടെ ആവശ്യമില്ലെന്നും മുരളീധരന്‍ പറഞ്ഞു.