ലക്‌നോ: ലക്‌നൗവില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിക്ക് കുത്തേറ്റു. തിവേണി നഗറിലെ ബ്രൈറ്റ്‌നഗര്‍ സ്‌കൂളില്‍ ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്. ഏഴ് വയസ്സുകാരനായ ഹൃതിക് ശര്‍മയെ അതേ സ്‌കൂളിലെ ആറാം ക്‌ളാസ് വിദ്യാര്‍ഥിനിയാണ് മൂര്‍ച്ഛയുള്ള ആയുധം കൊണ്ട് കുത്തിയതെന്നാണ് ആരോപണം. സ്‌കൂളിലെ ടോയ്‌ലെറ്റില്‍ വെച്ചാണ് കുട്ടിക്ക് കുത്തേറ്റത്. നെറ്റിയിലും വയറിനും ഗുരുതരമായ പരിക്കേറ്റ വിദ്യാര്‍ഥി കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച സ്‌കൂളിലെ രാവിലെ അസംബ്‌ളി കഴിഞ്ഞതിനു ശേഷമാണ് സ്‌കൂള്‍ ഇന്‍ ചാര്‍ജ് ടോയ് ലെറ്റില്‍ രക്തം വാര്‍ന്ന നിലയില്‍ ഹൃതിക് തറയില്‍ കിടക്കുന്നത് കണ്ടത്. ടോയ് ലെറ്റില്‍ നിന്നും ആരോ മുട്ടുന്നത് കേട്ട് ഇദ്ദേഹം വാതില്‍ തുറന്നപ്പോഴാണ് കുത്തേറ്റ് കിടക്കുന്ന ഹൃത്വികിനെ കണ്ടത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ട്രോമ കെയര്‍ യൂണിറ്റില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ് വിദ്യാര്‍ഥി.
ആണ്‍കുട്ടികളെ പോലെ മുടി മുറിച്ച ഒരു ചേച്ചിയാണ് തന്നെ ബാത്ത്‌റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്ന് ഹൃതിക് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ടീച്ചര്‍ വിളിക്കുന്നുണ്ടെന്ന് പറഞ്ഞാണ് ഹൃതിക്കിനെ പെണ്‍കുട്ടി വിളിച്ചുകൊണ്ടുപോയത്. ടോയ് ലെറ്റില്‍ കയറി വാപൊത്തിപ്പിടിച്ച് നെറ്റിയിലും വയറ്റത്തും കുത്തുകയായിരുന്നു എന്നാണ് മൊഴി. വിദ്യാര്‍ഥിനി പിന്നീട് പുറത്തുനിന്നും വാതിലടച്ചതിന് ശേഷമാണ് പോയത്. എന്നാല്‍ കൃത്യം ചെയ്തതാരാണ് എന്നത് സംബന്ധിച്ച് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പെണ്‍കുട്ടിയെ കണ്ടാല്‍ തിരിച്ചറിയുമെന്നും ഹൃത്വിക് രക്ഷിതാക്കളോടും പൊലീസിനോടും പറഞ്ഞു. ബാത്ത്‌റൂമിന് സമീപത്തായി ഒരു സിസിടിവിയും ഇല്ലാത്തത് അന്വേഷണത്തില്‍ തിരിച്ചടിയായിട്ടുണ്ട്. അതേ സമയം, സ്‌കൂള്‍ അധികൃതര്‍ സംഭവം മൂടിവെക്കാന്‍ ശ്രമിച്ചുവെന്നും ആശുപത്രി അധികൃതരാണ് പൊലീസിനെ അറിയിച്ചതെന്നും ആരോപണമുണ്ട്. വിദ്യാര്‍ഥിയുടെ ജീവന്‍ രക്ഷിക്കുന്നതിനാണ് തങ്ങള്‍ പ്രഥമ പരിഗണന നല്‍കിയതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.