കൊലപാതക കേസിൽ വിധി ദിവസം പ്രതിയുടെ ആത്മഹത്യ ശ്രമം ; ജയിലിനുള്ളിൽ കൈ ഞരമ്പ് മുറിച്ചു

പാലക്കാട്:
വളാഞ്ചേരിയില്‍ അമ്മയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ കേസിൽ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. കോടതിവിധി പറയുന്ന ദിവസം തന്നെയാണ് കൈ ഞരമ്പ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചത്. വളാഞ്ചേരി കാടാമ്പുഴയില്‍ പൂര്‍ണ ഗര്‍ഭിണിയെയും മകനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി വെട്ടിച്ചിറ ചാരിയത്തൊടി മുഹമ്മദ് ഷരീഫ് (42) ആണ് മലമ്പുഴ ജില്ലാ ജയിലില്‍ കൈ ഞരമ്പ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചത്. ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് ആത്മഹത്യാ ശ്രമം.
മഞ്ചേരി ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ വിധി കേള്‍ക്കാന്‍ പോകും മുമ്പ് കുളിക്കാന്‍ കയറിയപ്പോഴായിരുന്നു ആത്മഹത്യ ശ്രമം. പൊലീസ് ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച്‌ ചികിത്സ നല്‍കി. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തതിനാല്‍ പൊലീസ് ജീപ്പില്‍ മഞ്ചേരി കോടതിയില്‍ എത്തിച്ചു.

Top