നെയ്യാറ്റിന്‍കരയില്‍ റോഡില്‍ വെച്ച് തര്‍ക്കത്തെ തുടര്‍ന്ന് ഡിവൈഎസ്പി പിടിച്ച് തള്ളിയ യുവാവ് കാറിടിച്ച് മരിച്ച സംഭവം നടന്ന പ്രദേശത്ത് ആ സമയം പകര്‍ത്തിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു.
കാറിടിച്ച് വീണ സനലിനെ ആംബുലന്‍സില്‍ കയറ്റി കൊണ്ട് പോകുന്നതും തുടര്‍ന്ന് ദൃക്‌സാക്ഷികള്‍ സ്ഥലത്ത് എത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് സംഭവം വിശദീകരിക്കുന്നതും വീഡിയോയില്‍ ഉണ്ട്. ഡിവൈഎസ്പി ഹരികുമാര്‍ മര്‍ദിച്ചെന്നും പിടിച്ച് തള്ളിയപ്പോള്‍ അതു വഴി വന്ന കാര്‍ സനലിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്നും ദൃക്‌സക്ഷിയായിരുന്നയാള്‍ വ്യക്തമാക്കുന്നു. കൊടങ്ങാവിളയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ ഡിവൈഎസ്പി തന്റെ വാഹനത്തിന് തടസമായി കാര്‍ പാര്‍ക്ക് ചെയ്തതില്‍ പ്രകോപിതനായി സനലിനെ മര്‍ദിക്കുകയായിരുന്നു.
വാഹനം മാറ്റിയിട്ട സനലിനെ പിന്നാലെയെത്തിയ ഡിവൈഎസ്പി റോഡിലേക്ക് തള്ളിയിട്ടു. ”കൈ മുറുകെ പിടിച്ചു ഓടാതിരിക്കാന്‍ വേണ്ടി. അവന്‍ കൈ കുടഞ്ഞു. അപ്പോള്‍ ഡിവൈഎസ്പി നീകൈ കുടയുന്നോടാ എന്ന് ചോദിച്ച് പിടിച്ചുതള്ളി. ആ വഴി വന്ന കാറിന് മുന്നിലേക്കാണ് അവന്‍ വീണത്”, സംഭവത്തെ കുറിച്ച് ദൃക്സാക്ഷിയുടെ വാക്കുകളാണിത്. വണ്ടി ഇടിച്ചതോടെ സനലിനെ ആശുപത്രിയിലെത്തിക്കാന്‍ നില്‍ക്കാതെ ഡിവൈഎസ്പി സ്ഥലത്ത് നിന്ന് രക്ഷപെടുകയും ചെയ്തു.
സംഭവത്തില്‍ ഡിവൈഎസ്പി ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. സംഭവ ശേഷം ഹരികുമാര്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇന്ന് പ്രദേശത്ത് ജനകീയ സമരസമിതി ഹര്‍ത്താലാണ്. മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും. ഇലക്ട്രീഷ്യനായിരുന്നു സനല്‍. ഭാര്യയും രണ്ടു മക്കളുമുണ്ട്.