വീഡിയോയിലൂടെ തന്റെ മരണം പ്രവചിച്ച യുവതി ദിവസങ്ങള്‍ക്കകം മരണപ്പെട്ടു

Soni

ഉത്തര്‍പ്രദേശ്: വീട്ടുകാര്‍ തന്നെ കൊല്ലുമെന്ന് വീഡിയോയിലൂടെ വെളിപ്പെടുത്തിയ യുവതി ദിവസങ്ങള്‍ക്കകം മരിച്ചു. സോണി എന്ന ഇരുപത്തിയാറുകാരിയാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ഹത്രാസിലാണ് സംഭവം.

വീടിനുള്ളില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇഷ്ടപ്പെട്ട ആളെ വിവാഹം കഴിക്കണമെന്ന ആവശ്യം വീട്ടുകാര്‍ അംഗീകരിക്കുന്നില്ലെന്നും അച്ഛനും സഹോദരനും തന്നെ കൊല്ലാന്‍ ആഗ്രഹിക്കുന്നുണ്ടെന്നുമാണ് വീഡിയോയില്‍ പറയുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സോണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദിവസങ്ങള്‍ക്ക് മുന്‍പാണ് യുവതിയുടെ വെളിപ്പെടുത്തലുള്ള വീഡിയോ പുറത്തുവന്നത്. എന്റെ വീട്ടുകാര്‍ എന്നെ കൊല്ലാന്‍ നോക്കുകയാണ്. ഞാന്‍ ഇമ്രാന്‍ എന്നയാളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു. പക്ഷെ വീട്ടുകാര്‍ എന്നെ ഈ വില്ലേജില്‍ നിന്നും മാറ്റിനിര്‍ത്താന്‍ ശ്രമിക്കുകയാണ്. എന്റെ അച്ഛനും സഹോദരനും എന്നെ കൊല്ലാന്‍ ആഗ്രഹിക്കുന്നു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലെ മൂത്രപ്പുരയില്‍ നിന്നുമാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.

എന്റെ ജീവന്‍ അപകടത്തിലാണ്. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം ഈ ആളുകള്‍ക്കായിരിക്കും. വീഡിയോയില്‍ പറയുന്നു. വീട്ടുകാരുടെ പേരുകളും വീഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ കണ്ട് ആളുകള്‍ വീട്ടില്‍ എത്തിയപ്പോഴേക്കും സോണി മരിച്ചിരുന്നു.

സംഭവത്തില്‍ സോണിയുടെ മാതാപിതാക്കളും നാല് സഹോദരങ്ങളും ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ ഒളിവിലാണ്. മുംബൈയില്‍ താമസിച്ചിരുന്ന ഇവര്‍ സോണിയുമായി ഉത്തര്‍പ്രദേശിലേക്ക് മാറുകയായിരുന്നു. കുടുംബാംഗങ്ങളുമായി സോണി കുറച്ച് ദിവസം മുന്‍പ് വില്ലേജില്‍ എത്തിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. വെള്ളിയാഴ്ച സോണി മരിച്ചതായി വീട്ടുകാര്‍ പറഞ്ഞെന്നും എന്നാല്‍ മരണകാരണം വ്യക്തമാക്കിയില്ലെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.

അതേസമയം മരണത്തില്‍ അസ്വഭാവികത ഇല്ലെന്നാണ് പ്രാഥമിക നിഗമനത്തില്‍ മനസിലാകുന്നതെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹത്തില്‍ ബലപ്രയോഗത്തിന്റെ പാടുകള്‍ ഒന്നും ഇല്ലെന്നും മരണകാരണം കണ്ടെത്തുക പ്രയാസമാമെന്നും പൊലീസ് ചൂണ്ടിക്കാട്ടി. യുവതിയുടെ മൃതദേഹം ചൊവ്വാഴ്ച സംസ്‌കരിച്ചിരുന്നു. വീട്ടുകാരെയും വീഡിയോയില്‍ യുവതി പരാമര്‍ശിക്കുന്ന ഇമ്രാന്‍ എന്ന യുവാവിനേയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Top