മുസ്ലിം ലീഗില്‍ നാടകീയ രംഗങ്ങള്‍; കുഞ്ഞാലിക്കുട്ടിയെ പൊന്നാനിയിലേക്ക് മാറ്റാന്‍ നീക്കം

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കവേ മുസ്ലിംലീഗില്‍ നാടകീയ നീക്കങ്ങള്‍. പൊന്നാനിയിലെ സിറ്റിങ് എംപിയായി ഇ ടി മുഹമ്മദ് ബഷീറിനെ മലപ്പുറം മണ്ഡലത്തിലേക്ക് മാറ്റാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. മുസ്ലിം വിഷയങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതില്‍ മിടുക്കനായ ഇ ടി മുഹമ്മദ് ബഷീറിനെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കങ്ങള്‍ നടക്കുന്നത്.

മുസ്ലിം വിഷയത്തില്‍ ഉപരിയായുള്ള വിഷയങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ഇടി പരാജയപ്പെട്ടതോടെ മതേതര വോട്ടുകള്‍ അദ്ദേഹത്തിന് ലഭിക്കില്ലെന്ന വിലയിരുത്തലാണുള്ളത്. അതുകൊണ്ട് തന്നെ കുഞ്ഞാലിക്കുട്ടിയെ പൊന്നാനിക്ക് മാറ്റി മലപ്പുറത്ത് ഇടിയെ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് ഉയര്‍ത്തിയിരിക്കുന്നത്. പൊന്നാനിയിലെ മുസ്ലിംലീഗ് മണ്ഡലം കമ്മിറ്റി അംഗങ്ങള്‍ തന്നെയാണ് ഇടിയെ മത്സരിപ്പിക്കരുത് എന്ന ആവശ്യവുമായി രംഗത്തെത്തിയത്. പകരം പൊന്നാനിയില്‍ കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കണം എന്നാണ് ആവശ്യം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിലവില്‍ മലപ്പുറത്തെ പ്രതിനിധീകരിക്കുന്ന എംപിയാണ് കുഞ്ഞാലിക്കുട്ടി. അതേ സമയം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും പ്രഖ്യാപനവും പാര്‍ട്ടി അദ്ധ്യക്ഷന്‍ പാണക്കാട് ഹൈദരാലി തങ്ങള്‍ക്ക് മുസ്ലിംലീഗ് ഉന്നത അധികാര സമിതി കഴിഞ്ഞ ദിവസം വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരം ഒരു നീക്കം പാര്‍ട്ടിയില്‍ നടക്കുന്നത്. ഇന്നോ നാളെയോ ലീഗ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും. കഴിഞ്ഞ ദിവസം പൊന്നാനിയിലെ ലീഗും കോണ്‍ഗ്രസും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി പരിഹരിക്കാന്‍ യോഗം നടത്തിയിരുന്നു.

നേരത്തെ ഇ ടിക്കെതിരെ പൊന്നാനിയിലെ യൂത്ത് കോണ്‍ഗ്രസ് സമ്മേളനം പ്രമേയം പാസാക്കിയിരുന്നു. ഇതിന് പുറമേ പ്രദേശികമായി ലീഗിനും കോണ്‍ഗ്രസിനും ഇടയില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. സാധാരണപോലെ രണ്ടു സീറ്റില്‍ തന്നെയായിരിക്കും ലീഗ് മത്സരിക്കുക. മൂന്നാം സീറ്റിന് പാര്‍ട്ടി അണികളില്‍നിന്നും ചില നേതാക്കളില്‍നിന്നും സമ്മര്‍ദമുണ്ടായ സാഹചര്യത്തില്‍ ഇതിനകം നടന്ന യു.ഡി.എഫ് നേതൃചര്‍ച്ചകളില്‍ ലീഗ് നേതാക്കള്‍ ഈ വികാരം അറിയിച്ചിരുന്നു.

അടുത്ത് ഒഴിവ് വരുന്ന രാജ്യസഭ സീറ്റ് ലീഗിന് നല്‍കുന്ന തീരുമാനം മുന്നണിയിലുണ്ടാകണമെന്നതാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്. ഈ വിഷയത്തില്‍ അനുകൂല നിലപാട് കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഇതിനാലാണ് തീരുമാനം അനിശ്ചിതമായി നീളുന്നത്. ഈ വിഷയത്തില്‍ കര്‍ക്കശ നിലപാടെടുക്കാന്‍ പ്രവര്‍ത്തക സമിതിയില്‍ ആവശ്യമുയര്‍ന്നേക്കും.

പാര്‍ട്ടിയുടെ മണ്ഡലങ്ങളായ മലപ്പുറത്തും പൊന്നാനിയിലും ഇത്തവണയും പുതുമുഖങ്ങള്‍ക്കൊന്നും സാധ്യതയില്ല. നിലവിലെ എംപിമാരും ദേശീയ നേതാക്കളുമായ പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും തന്നെയായിരിക്കും വീണ്ടും മത്സരിക്കുക.

എന്നാല്‍, രണ്ടുപേരുടെയും മണ്ഡലങ്ങള്‍ പരസ്പരം മാറ്റണമെന്ന് നേതൃത്വത്തിലെ നല്ലൊരു വിഭാഗത്തിനും അഭിപ്രായമുണ്ട്. പ്രത്യേകിച്ച് പൊന്നാനിയിലെ പ്രാദേശിക ലീഗ് നേതാക്കളില്‍ ഭൂരിഭാഗവും കുഞ്ഞാലിക്കുട്ടി അവിടെ മത്സരിക്കുന്നതാണ് ഗുണകരമാവുകയെന്ന് സംസ്ഥാന പ്രസിഡന്റ് ഹൈദരലി തങ്ങളെയും മറ്റു ഭാരവാഹികളെയും അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി എംഎല്‍എമാരില്‍ ബഹുഭൂരിഭാഗത്തിന്റെയും അഭിപ്രായവും ഇതുതന്നെയാണ്.

കാരണം നിലവില്‍ പൊന്നാനി ലീഗിന് അത്ര സുരക്ഷിതമല്ല. മണ്ഡലത്തിലെ ഏഴു നിയമസഭ മണ്ഡലങ്ങളില്‍ തവനൂര്‍, താനൂര്‍, പൊന്നാനി എന്നിവയില്‍ എല്‍.ഡി.എഫ് എല്‍.എല്‍.എമാരാണുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 25,000 വോട്ടിന്റെ ഭൂരിപക്ഷമേ ഇവിടെ ഇ.ടിക്ക് ലഭിച്ചിട്ടുള്ളൂ. ഈ മേഖലയിലെ പുതിയ പണക്കാരൊക്കെ ലീഗിന്റെ എതിര്‍ പാളയത്തിലുമാണ്. എല്‍.ഡി.എഫ് പണവും സ്വാധീനവുമുള്ള വ്യക്തികളെ സ്വതന്ത്രരായി രംഗത്തിറക്കുകയാണെങ്കില്‍ അത് ലീഗിന് വലിയ വെല്ലുവിളിയാകും. ഈ നീക്കങ്ങളെ അതേ രീതിയില്‍ നേരിടാന്‍ കുഞ്ഞാലിക്കുട്ടിയെപ്പോലുള്ള നേതാക്കള്‍ക്കേ കഴിയൂവെന്നാണ് പാര്‍ട്ടിയില്‍ നല്ലൊരു വിഭാഗത്തിന്റെ അഭിപ്രായം. യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക കമ്മിറ്റികളും പൊന്നാനിയില്‍ കുഞ്ഞാലിക്കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെടുകയും നേതൃത്വത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മല്‍സരിക്കട്ടെ എന്ന നിലപാടാണ് പി.വി.അബ്ദുല്‍ വഹാബ് എംപി.അടക്കുള്ള നേതാക്കള്‍ക്കുള്ളത്. പാര്‍ട്ടിയിലെ ഫണ്ട് റൈസിങ് കുഞ്ഞാലിക്കുട്ടിയാണെന്നത് പരസ്യമായ രഹസ്യമാണ്. അഖിലേന്ത്യാ സെക്രട്ടറിയെന്ന പരിഗണന നല്‍കാതെ സ്ഥാനാര്‍ത്ഥിയെ ഏകപക്ഷീയമായി പ്രഖ്യാപിക്കരുതെന്ന ശക്തമായ നിലപാടാണ് പി.കെ.കുഞ്ഞാലിക്കുട്ടി തന്റെ അടുത്ത കേന്ദ്രങ്ങളോട് വിശദീകരിച്ചത്. താന്‍ പൊന്നാനിയിലേക്ക് മല്‍സരിക്കാന്‍ ആവിശ്യപ്പെടുന്നതിന് പിന്നില്‍ പ്രത്യേക താല്‍പര്യമുണ്ടെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ നിലപാട്. പാണക്കാട് കുടുംബത്തില്‍ നിന്നും ശക്തമായ നിര്‍ദ്ദേശം വരികയാണെങ്കില്‍ മല്‍സരത്തില്‍ നിന്നും മാറി നില്‍ക്കണമെന്ന ചിന്ത കുഞ്ഞാലിക്കുട്ടി പ്രകടിപ്പിച്ചതായാണ് അടുത്ത കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. മുത്തലാഖ് വിഷയത്തിലെ ചര്‍ച്ച വേളയില്‍ അടക്കം വിട്ടുനിന്നതാണ് കുഞ്ഞാലിക്കുട്ടിയുടെ ജനപ്രീതി ലീഗിനുള്ളില്‍ ഇടിയാന്‍ കാരണമായത്.

Top