മൂന്നാം സീറ്റ് കൊടുത്തില്ലെങ്കിൽ ലീഗ് മുന്നണി വിടും!വയനാടിന് വേണ്ടി ആവശ്യം; ഇല്ലെങ്കില്‍ കണ്ണൂരോ വടകരയോ വേണം.വഴങ്ങിക്കൊടുക്കാൻ കോൺഗ്രസ് ! സമ്മർദ്ധം ശക്തമാക്കി ലീഗ് !മൂന്നാം സീറ്റ് ഔദാര്യമല്ല, ലീഗിന്റെ അവകാശമാണെന്ന് ലീഗും കെഎംസിസിയും

മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് ആവശ്യം ഉയര്‍ത്തി മുസ്‌ളീംലീഗ് വീണ്ടും. വയനാട് കൂടി നല്‍കണമെന്ന ആവശ്യത്തില്‍ ലീഗ് ഉറച്ചു നില്‍ക്കുന്നത് യുഡിഎഫിലെ സീറ്റ് വിഭജനം പ്രതിസന്ധിയിലാക്കി . മുമ്പും ലീഗ് ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ടെങ്കിലും അവസാന നിമിഷം അനുരഞ്ജന ചര്‍ച്ചയില്‍ പിന്നോക്കം പോകുന്നതായിരുന്നു സ്ഥിതി. എന്നാല്‍ ഇത്തവണ ലീഗ് വിട്ടുവീഴ്ചയ്ക്കില്ല എന്ന നിലപാടിലാണ്. മൂന്നാം സീറ്റായി വയനാടിനായിരിക്കും ഇവര്‍ അവകാശം ഉന്നയിക്കുക.

വയനാട്ടില്‍ രാഹുല്‍ഗാന്ധി മത്സരിക്കുന്ന സ്ഥിതിയുണ്ടായാല്‍ കണ്ണൂരോ വടകരയോ വേണമെന്ന് ആവശ്യപ്പെടും. രാഹുല്‍ മത്സരിക്കുന്നില്ലെങ്കില്‍ വയനാട് ചോദിക്കും. ഇന്ന് അഞ്ചുമണിയോടെ ചേരുന്ന യോഗത്തില്‍ ഈ ആവശ്യം ഉന്നയിക്കും. അതേസമയം മുസ്‌ളീംലീഗ് വഴങ്ങാത്ത സാഹചര്യം ഉണ്ടായാല്‍ രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിന് വിട്ടുകൊടുക്കേണ്ടി വരും. അതേസമയം രാജ്യസഭാ സീറ്റുകള്‍ കൊണ്ട് പ്രശ്‌നം അവസാനിപ്പിക്കാന്‍ കഴിയുമോ എന്നാണ് ആശങ്ക. എല്‍ഡിഎഫും ബിജെപിയും സീറ്റുവിഭജനവുമായി ബന്ധപ്പെട്ട കാര്യത്തില്‍ ധാരണയായിട്ടുണ്ട്. എന്നാല്‍ യുഡിഎഫ് ചര്‍ച്ചയില്‍ തട്ടി നില്‍ക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൂന്നാം സീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ കെഎംസിസി. മൂന്നാം സീറ്റ് മുസ്ലിം ലീഗിന്റെ അവകാശമാണ്, ഔദാര്യമല്ലെന്ന് കെഎംസിസി പ്രസിഡന്റും മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവുമായ പുത്തൂര്‍ റഹ്‌മാന്‍ പറഞ്ഞു. ഘടകകക്ഷിയോട് മുഖം തിരിക്കുന്ന അവിവേകം യുഡിഎഫ് നേതൃത്വത്തില്‍ നിന്ന് ഉണ്ടാവരുത്. അര്‍ഹതയുണ്ടെന്ന് സമ്മതിച്ചും ലീഗിനെ പുകഴ്ത്തിയും സീറ്റ് തരാതിരിക്കുന്ന നിലപാട് കോണ്‍ഗ്രസ് ആവര്‍ത്തിക്കരുതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം വിമര്‍ശിച്ചു.

പോസ്റ്റിന്റെ പൂര്‍ണ രൂപം:

‘മൂന്നാം സീറ്റ് ഔദാര്യമല്ല, മുസ്ലിം ലീഗിന്റെ അവകാശമാണ്.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ആഗതമാവുമ്പോഴെല്ലാം സജീവമാകുന്ന ചര്‍ച്ചയാണ് ‘മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ്’. സംഘശക്തിയും സംഘടനാബലവും നിലവിലെ രാഷ്ട്രീയ പ്രാധാന്യവും വെച്ചുനോക്കിയാല്‍ നാലോ അതില്‍ കൂടുതലോ സീറ്റുകളില്‍ മത്സരിക്കുവാനുള്ള ന്യായമായ അര്‍ഹത തീര്‍ച്ചയായും മുസ്ലിം ലീഗിനുണ്ട്. 1962ല്‍ കോണ്‍ഗ്രസിനോടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടും ഒറ്റയ്ക്ക് മത്സരിച്ച് രണ്ട് പാര്‍ലമെന്റ് സീറ്റുകള്‍ നേടിയ മുസ്ലിം ലീഗിന്, ആറു പതിറ്റാണ്ടുകള്‍ക്കിപ്പുറം ഐക്യ ജനാധിപത്യ മുന്നണിയിലെ നിര്‍ണായക കക്ഷിയായി നിലകൊള്ളുമ്പോഴും രണ്ട് സീറ്റിലധികം മത്സരിക്കാന്‍ അവസരം ലഭിക്കുന്നില്ല എന്ന വസ്തുത ഖേദകരമാണ്.

കേരള രാഷ്ട്രീയത്തില്‍ മുസ്ലിം ലീഗിന്റെ പ്രാധാന്യവും മുന്നണി ബലതന്ത്രത്തില്‍ മുസ്ലിം ലീഗിന്റെ സ്ഥാനവും ചെറുതല്ല. കേവലം രണ്ട് എംഎല്‍എ മാത്രമുള്ള കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനും ഒരു എംഎല്‍എ പോലുമില്ലാത്ത ആര്‍എസ്പിക്കും ഓരോ പാര്‍ലമെന്റ് സീറ്റ് വീതം അനുവദിക്കുമ്പോള്‍, 15 എംഎല്‍എമാരും ആയിരകണക്കിന് ജനപ്രതിനിധികള്‍ ത്രിതല പഞ്ചായത്ത്/മുന്‍സിപ്പാലിറ്റി/ കോര്‍പ്പറേഷനുകളിലുള്ള മുസ്ലിം ലീഗിന് കേവലം രണ്ട് സീറ്റുകളില്‍ മാത്രമാണ് മത്സരിക്കാന്‍ അവസരം കിട്ടുന്നത്. ലീഗ് കൂടുതല്‍ സീറ്റുകള്‍ ചോദിക്കുന്നില്ല എന്നതാണ് വാസ്തവത്തില്‍ ഔദാര്യം.

ഇടതുമുന്നണിയില്‍ സംഘടന ശക്തിയില്‍ മുസ്ലിം ലീഗിനേക്കാള്‍ എത്രയോ പിന്നിലുള്ള സിപിഐക്ക് ലഭിക്കുന്നത് 4 സീറ്റുകളാണ് എന്ന വസ്തുത കൂടി കണക്കിലെടുത്താല്‍ മുസ്ലിം ലീഗിനു കൂടുതല്‍ സീറ്റുകള്‍ എന്നതാണ് നീതിയെന്നും അത് ലീഗിന്റെ അവകാശമാണെന്നും ആര്‍ക്കും മനസ്സിലാവും.

മോദി ഭരണകൂടം മൂന്നാമൂഴത്തിന് ആയുധം മൂര്‍ച്ച കൂട്ടുന്ന ഇന്ത്യയില്‍, മുസ്ലിം അതിജീവനം ദിനംപ്രതി ദുഷ്‌കരമാവുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍, മുസ്ലിം ലീഗിന്റെ രാഷ്ട്രീയ പ്രസക്തി കൂടി വരുന്നു എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. മുസ്ലിം രാഷ്ട്രീയ ചോദ്യങ്ങളോടൊപ്പം ചേര്‍ന്ന് നില്‍ക്കാന്‍ പലപ്പോഴും ‘മുഖ്യധാര മതേതര’ കക്ഷികള്‍ മടികാട്ടുമ്പോള്‍, ‘ഒന്നുമില്ലെങ്കിലും ഞങ്ങള്‍ക്ക് ഒരുമിച്ച് കരയാനെങ്കിലും ഒരു വേദി വേണമെന്ന്’ ഖാഇദേ മില്ലത്ത് ഇസ്മായില്‍ സാഹിബ് അന്ന് പറഞ്ഞതിന്റെ പ്രസക്തി കൂടുതല്‍ വെളിവാകുകയാണ്.

അതുകൊണ്ട് കേരളത്തിലെ പ്രിയ കോണ്‍ഗ്രസ് നേതൃത്വത്തോട് ഉണര്‍ത്താനുള്ളത്, എല്ലാ പ്രാവശ്യത്തേയും പോലെ മുസ്ലിം ലീഗിന് അധിക സീറ്റിന് അര്‍ഹതയുണ്ടെന്ന് പരസ്യമായി സമ്മതിച്ചും ലീഗിന്റെ രാഷ്ട്രീയ ബലത്തെ പുകഴ്ത്തിയും സീറ്റ് തരാതിരിക്കുന്ന നിലപാട് ഇത്തവണ ആവര്‍ത്തിക്കരുതെന്നാണ്. നിങ്ങള്‍ തന്നെ അംഗീകരിക്കുന്ന ന്യായമായ അര്‍ഹത മാത്രമാണ് മുസ്ലിം ലീഗ് നേതൃത്വവും അണികളും ആവശ്യപ്പെടുന്നത്. അവകാശം ചോദിക്കുന്ന ഘടകകക്ഷിയോട് മുഖം തിരിക്കുന്ന അവിവേകം യുഡിഎഫ് നേതൃത്വത്തില്‍ നിന്ന് ഇത്തവണയും ഉണ്ടാവാതിരിക്കട്ടെ എന്നാണ് മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ വിനീതമായ അഭ്യര്‍ത്ഥന’

അതിനിടയില്‍ ലീഗിന്റെ പിന്തുണയുള്ളത് കൊണ്ടാണ് കോണ്‍ഗ്രസ് നിലനില്‍ക്കുന്നതെന്ന എല്‍ഡിഎഫ് കണ്‍വീനറുടെ പ്രസ്താവനയും യുഡിഎഫിനെ വലച്ചിട്ടുണ്ട്. മുസ്‌ളീംലീഗിനെ കോണ്‍ഗ്രസ് അവഗണിച്ചെന്നും ലീഗ് തനിച്ച് മത്സരിക്കുകയാണെങ്കില്‍ കോണ്‍ഗ്രസ് ഗതികേടിലാകുമെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. ഉച്ചയ്ക്ക് നടക്കുന്ന യുഡിഎഫ് യോഗത്തില്‍ അന്തിമ തീരുമാനം എടുക്കും. അതേസമയം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം അനുവദിക്കാന്‍ സാഹചര്യമില്ലെന്ന മറുപടി നേരത്തേ കോണ്‍ഗ്രസ് മുസ്ലീംലീഗിന് നല്‍കിയിട്ടുള്ളതാണ്.

Top