കൊച്ചി:സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം.വി.ഗോവിന്ദൻ മന്ത്രി സ്ഥാനം രാജി വെക്കും എന്ന നിയമസഭാംഗത്വം തൽക്കാലം രാജിവെക്കേണ്ടതില്ലെന്ന് സിപിഐഎമ്മിൽ പൊതുധാരണ. മന്ത്രിസ്ഥാനം എപ്പോൾ രാജി വെക്കണമെന്നതിൽ വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുക്കും. മുൻഗാമികളായ പിണറായിയുടേയും കോടിയേരിയുടേയും പാരമ്പര്യം പിന്തുടർന്നാണ് എം.വി.ഗോവിന്ദൻ എം.എൽ.എ സ്ഥാനത്ത് തുടരുക. അടുത്ത കേന്ദ്രകമ്മിറ്റി യോഗം അദ്ദേഹത്തെ പൊളിറ്റ് ബ്യൂറോ ക്ഷണിതാവാക്കാനും സാധ്യതയുണ്ട്.
1998 ഒക്ടോബറിൽ വൈദ്യുതി മന്ത്രിസ്ഥാനം രാജിവെച്ച് പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായപ്പോൾ 2001ൽ കാലാവധി അവസാനിക്കും വരെ എം.എൽ.എ സ്ഥാനം നിലനിർത്തിയിരുന്നു. 2015 ഫെബ്രുവരിയിൽ കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറിയാകുമ്പോഴും തലശേരിയിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു. കാലാവധി തീരും വരെ അദ്ദേഹവും തുടർന്നു. ഈ സാഹചര്യത്തിൽ എം.വി.ഗോവിന്ദനും രാജിവെക്കേണ്ടതില്ലെന്നാണ് നേതൃതലത്തിലെ ധാരണയും, അദ്ദേഹം തന്നെ വാർത്താസമ്മേളനത്തിൽ പറഞ്ഞതിൻ്റെ പൊരുളുമെന്നാണ് സൂചന.
വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യമടക്കം ചർച്ച ചെയ്യും. ഓണത്തിനു മുൻപുതന്നെ മന്ത്രിസ്ഥാനം രാജിവെക്കാനാണ് സാധ്യത തെളിയുന്നത്. അങ്ങിനെയെങ്കിൽ മന്ത്രിസഭാ പുനസംഘടനയും വൈകില്ല. രാജ്യത്തെ ഏറ്റവും വലിയ ഘടകത്തിൻറെ സെക്രട്ടറിയെന്ന നിലയിൽ സ്വാഭാവികമായും അദ്ദേഹം പൊളിറ്റ് ബ്യൂറോയുടേയും ഭാഗമാകും. അടുത്ത കേന്ദ്രകമ്മിറ്റിയായിരിക്കും അദ്ദേഹത്തെ പിബിയിൽ ക്ഷണിതാവായി ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കുക.