
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപിന് മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ആശങ്കകൾ പങ്ക് വച്ച് സംവിധായകൻ ബാലചന്ദ്രകുമാർ. പ്രതി പ്രബലനാണെന്നും പുറത്തിറങ്ങിയത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വെല്ലുവിളിയാണെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു.
കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ തനിക്കും കുടുംബത്തിനുമെതിരെ ദിലീപ് അനുകൂലികളില്‍ നിന്നും നിരന്തരമായി അധിക്ഷേപമുണ്ടാകുന്നുവെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. പത്താം ക്ലാസുകാരനായ മകന്‍ സ്‌കൂളില്‍ വച്ച് പരിഹസിക്കപ്പെടുന്നു. കുടുംബത്തിന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകള്‍ നടത്താനാഗ്രഹിക്കുന്നവര്‍ തന്റെ അവസ്ഥ കണ്ട് പിന്നോട്ട് പോയേക്കാമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
തനിക്കെതിരെ പീഡനക്കേസ് വന്ന സമയത്ത് എന്റെ മകനോട് അവന്റെ അധ്യാപകന്‍ ഇക്കാര്യം പറഞ്ഞ് കളിയാക്കി. ദിലീപിന്റെ കൈയ്യില്‍ നിന്ന് കാശടിക്കാനല്ലേടാ നിന്റെയച്ഛന്‍ ശ്രമിച്ചത്, ഇപ്പോഴത്തെ അവസ്ഥ കണ്ടോ എന്ന് പറഞ്ഞ് കുട്ടികളുടെ മുന്നില്‍ വെച്ച് കളിയാക്കി എന്ന് ബാലചന്ദ്രകുമാർ പറയുന്നു. അവന്‍ ഇക്കാര്യം കരഞ്ഞു കൊണ്ട് ഒരു ബന്ധുവിനോട് പറഞ്ഞു. ബന്ധുവാണ് എന്നോട് ഇക്കാര്യം വന്ന് പറഞ്ഞത്. ഡിഇഒയ്ക്ക് പരാതി കൊടുക്കാന്‍ പോവുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
ഭാര്യക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ല. ഇനിയും വെളിപ്പെടുത്തലുകള്‍ വരാതിരിക്കട്ടെ എന്ന തന്ത്രത്തിന്റെ ഭാഗമായാണ് തനിക്കെതിരെ വന്ന പീഡന പരാതിയുള്‍പ്പെടെയുള്ള നീക്കങ്ങള്‍. എന്റെ നാടായ നെയ്യാറ്റിന്‍കര അദ്ദേഹത്തിന് വളരെ സ്വാധീനമുള്ള സ്ഥലമാണ്. കാശ് വാരിയെറിഞ്ഞാണ് ദിലീപ് കാര്യങ്ങള്‍ ചെയ്യുന്നത് എന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
ഞാന്‍ മരണപ്പെടാനുള്ള സാധ്യതയുണ്ട്. എനിക്ക് ദിവസേന അഞ്ചോ പത്തോ കോളുകള്‍ വിദേശത്ത് നിന്നും സ്വദേശത്ത് നിന്നും വരുന്നുണ്ട്. നിലവില്‍ പൊലീസ് സംരക്ഷണത്തിലാണ് കഴിയുന്നത്. ഏത് സമയത്തും എനിക്കൊരപകടം നേരിടാം എന്ന് പ്രതീക്ഷിച്ച് തന്നെയാണ് മുന്നോട്ട് പോവുന്നതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ താന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ജനശ്രദ്ധയ്ക്ക് വേണ്ടിയല്ല. തനിക്കെതിരെ ദിലീപ് ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് മറുപടിയായാണ് താന്‍ വെളിപ്പെടുത്തലുകള്‍ നടത്തുന്നത്. ദിലീപില്‍ നിന്ന് തനിക്ക് ജീവന് ഭീഷണി നേരിട്ട ഘട്ടത്തിലാണ് താന്‍ എല്ലാ കാര്യങ്ങളും പറയുന്നത്. സുരക്ഷ ആവശ്യപ്പെട്ട് പരാതി നല്‍കിയപ്പോഴാണ് നടിയെ ആക്രമിച്ച കേസ് പശ്ചാത്തലം വ്യക്തമാക്കേണ്ടി വന്നതെന്നും ബാലചന്ദ്രകുമാര്‍ കൂട്ടിച്ചേർത്തു.