ചെന്നൈ: റിലീസ് ചെയ്യാനിരിക്കുന്ന സിനിമയുടെ ടീസറില്‍ അശ്ലീല സംഭാഷണം ഉള്‍പ്പെടുത്തിയതിന് പ്രശസ്ത തമിഴ് താരം ജ്യോതികയ്ക്കും സംവിധായകന്‍ ബാലയ്ക്കുമെതിരെ കേസെടുത്തു. നാച്ചിയാര്‍ എന്ന സിനിമയുടെ ടീസറില്‍ അശ്ലീല പദപ്രയോഗം നടത്തിയെന്ന മേട്ടുപാളയം സ്വദേശി രാജന്‍ സമര്‍പ്പിച്ച പരാതിയിലാണ് പൊലീസ് കേസെടുത്തത്. പൊതുസ്ഥലത്ത് അസഭ്യവാക്കുകള്‍ ഉപയോഗിച്ചതിനും അത് ഇലക്ട്രോണിക് മാദ്ധ്യമത്തിലൂടെ പ്രക്ഷേപണം ചെയ്തതിനുമാണ് കേസെടുത്തിരിക്കുന്നത്. കേസ് നവംബര്‍ 28ന് മേട്ടുപാളയം കോടതി പരിഗണിക്കും.
നവംബര്‍ 15ന് പുറത്തിറങ്ങിയ സിനിമയുടെ ടീസറില്‍ ജ്യോതിക അവതരിപ്പിക്കുന്ന കഥാപാത്രം പുരുഷ കഥാപാത്രത്തെ അഭിസംബോധന ചെയ്യുന്ന വാക്കാണ് പരാതിക്കിടയാക്കിയത്. ഇത് അസഭ്യവാക്കായി ഉപയോഗിക്കുന്ന ഒന്നാണ്. സാധാരണ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമയും ട്രെയിലറുകളും സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റിന് വിധേയമാക്കണം. എന്നാല്‍ ഈ നാച്ചിയാര്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇതൊന്നും പാലിച്ചില്ലെന്ന് ആക്ഷേപമുണ്ട്.
സിനിമയില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് ജ്യോതികയെത്തുന്നത്. ടീസറില്‍ ആകെ സംഭഷണമായി ഈ വാക്കുമാത്രമാണ് ചേര്‍ത്തിരിക്കുന്നത്