ദില്ലി: യോഗ പരിശീലിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും യോഗ അഭ്യസിക്കാം. യോഗ രാജ്യത്തെ ഒന്നിപ്പിക്കുകയാണെന്നും മോദി പറഞ്ഞു.
യോഗ ഒരു മതപരമായ ആചാരം അല്ലെന്നും മോദി വ്യക്തമാക്കി. യോഗദിനാചരണത്തിന്റെ ഭാഗമായി ചണ്ഡീഗഡില്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. യോഗയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കുന്നവരെ ആചരിക്കുന്നതിനായി അടുത്ത യോഗ ദിനം മുതല്‍ രണ്ട് പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മോദി പറഞ്ഞു.
യോഗ ഒരു ജനകീയ മുന്നേറ്റമായി മാറിയെന്ന് മോദി അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര യോഗദിനം എന്ന ആശയത്തിന് ആഗോളതലത്തില്‍ തന്നെ വലിയ സ്വീകരണമാണ് ലഭിച്ചത്. എന്നാല്‍ യോഗയുടെ ഗുണങ്ങള്‍ അംഗീകരിക്കാന്‍ ഇപ്പോഴും ചിലര്‍ തയ്യാറല്ല. മോദി പറഞ്ഞു. യോഗദിനത്തിന് ലോകത്തിന്റെ മുഴുവന്‍ പിന്തുണയുണ്ട്. യോഗ ചെയ്യുന്നതില്‍ ഏതെങ്കിലും തരത്തിലുള്ള വിവേചനം നിലനില്‍ക്കുന്നില്ല. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ ആര്‍ക്കും യോഗ ചെയ്യാവുന്നതാണ്. സമൂഹത്തിലെ എല്ലാ തട്ടിലുള്ളവരും ഇന്ന് യോഗയുടെ ഗുണഫലങ്ങള്‍ അനുഭവിക്കുന്നുണ്ട്. മോദി ചൂണ്ടിക്കാട്ടി.
സൂര്യനോട് ഭൂമി ഏറ്റവും അടുത്തുവരുന്ന ദിവസമാണ് ജൂണ്‍ 21. വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദിനം. ഇക്കാരണം കൊണ്ടാണ് ജൂണ്‍ 21 അന്താരാഷ്ട്ര യോഗദിനമായി ആചരിക്കുന്നതെന്നും മോദി വ്യക്തമാക്കി.
ലോകം മുഴുവന്‍ ഇന്ന് യോഗദിനം ആചരിക്കുകയാണ്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രിമാരും രാജ്യമെമ്പാടും നടക്കുന്ന വിവിധ ചടങ്ങുകളില്‍ പങ്കെടുക്കുന്നുണ്ട്. ചണ്ഡീഗഡില്‍ പ്രധാനമന്ത്രി പങ്കെടുക്കുത്ത പരിപാടിയില്‍ 30,000 ലധികം പേരാണ് സന്നിഹിതരായത്. രാവിലെ ആറരയ്ക്കാണ് ചടങ്ങുകള്‍ ആരംഭിച്ചത്.