ദില്ലി: നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജിയെ വെടിവെച്ചു കൊന്ന നാഥുറാം ഗോഡ്‌സെ ആര്‍എസ്എസുകാരനായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ഗോഡ്‌സെയുടെ കുടുംബം തന്നെയാണ് ഈ ഞെട്ടിപ്പിക്കുന്ന സത്യം പുറത്തുവിട്ടത്. കൃത്യം നടത്തുന്ന സമയത്തും ഗോഡ്‌സെ സംഘടന വിട്ടിട്ടില്ലെന്നും ഗോഡ്സെയുടെ ബന്ധുവായ സത്യാകി സവര്‍ക്കര്‍ പറയുന്നു.
ഗോഡെസെയുടെ സഹോദരന്‍ ഗോപാല്‍ ഗോഡ്സെയുടെ മകളായ ഹിമാനി സവര്‍ക്കറുടെ മകനാണ് സത്യാകി. 1932ല്‍ സാഗ്ലിയില്‍ വെച്ചാണ് ഗോഡ്സെ ആര്‍എസ്എസില്‍ ചേര്‍ന്നത്. മരിക്കും വരെ അദ്ദേഹം ആര്‍എസ്എസിന്റെ ബൗദ്ധിക് കാര്യവാഹ് ആയിരുന്നു. ഗോഡ്സെ ആര്‍എസ്എസുകാരനായിരുന്നുവെന്ന കാര്യം ആര്‍എസ്എസ് മറച്ചുവെക്കുന്നത് ദുഖമുണ്ടെന്നും സത്യാകി പറഞ്ഞു. നാഥുറാമിന്റെയും ഗോപാല്‍ ഗോഡ്സെയുടെയും എഴുത്തുകള്‍ കുടുംബത്തിന്റെ പക്കലുണ്ടെന്നും ഇവയെല്ലാം സൂചിപ്പിക്കുന്നത് ഗോഡ്സെ ആര്‍എസ്എസ് ഉപേക്ഷിച്ചിട്ടില്ലെന്നതാണെന്നും സത്യാകി പറയുന്നു.
1994 ജനുവരിയില്‍ ഫ്രണ്ട്ലൈന്‍ നല്‍കിയ അഭിമുഖത്തില്‍ ഗോഡ്സെ ആര്‍എസ്എസുകാരനായിരുന്നുവെന്ന് ഗോപാല്‍ ഗോഡ്സെ പറഞ്ഞിരുന്നു. ഞങ്ങള്‍ സഹോദരങ്ങള്‍ വീട്ടില്‍ വളര്‍ന്നതിനേക്കാള്‍ കൂടുതല്‍ ആര്‍എസ്എസിലാണ് വളര്‍ന്നതെന്ന് പറയാം. ആര്‍എസ്എസ് ഞങ്ങള്‍ക്കു കുടുംബംപോലെയായിരുന്നുവെന്നും ഗോപാല്‍ പറഞ്ഞിരുന്നു. ഗാന്ധി വധത്തില്‍ ആര്‍എസ്എസിന് പങ്കുണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ സംഘടന കോടതിയെ സമീപിച്ചിരിക്കെയാണ് ഗോഡ്സെ ആര്‍എസ്എസുകാരനാണെന്ന വെളിപ്പെടുത്തലുമായി ബന്ധു രംഗത്തെത്തിയത്.