ഇന്‍ഡോര്‍: ബിജെപി ഭരിക്കുന്ന ഇന്‍ഡോര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ബജറ്റ് യോഗത്തിനിടെ ദേശീയഗാനം പകുതിക്ക് നിര്‍ത്തിച്ചത് വിവാദമാകുന്നു. പകരം വന്ദേമാതരം പാടിയാണ് സഭ പിരിഞ്ഞത്. ഇതാണ് വിവാദത്തിലായിരിക്കുന്നത്. ‘ജനഗണമന’ പാടിത്തുടങ്ങുകയും ഇടയ്ക്കുവെച്ച് ദേശീയഗാനം ഏതെന്ന ആശയക്കുഴപ്പത്തെ തുടര്‍ന്ന് നിര്‍ത്തുകയും തുടര്‍ന്ന് ‘വന്ദേമാതരം’ ആലപിക്കുകയും ചെയ്യുകയയിരുന്നു.
സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിച്ചതോടെയാണ് സംഗതി പുലിവാലായത്. കോര്‍പറേഷന്‍ പ്രതിനിധികളും മറ്റുള്ളവരും ചേര്‍ന്നാണ് ദേശീയഗാനം ആലപിക്കാന്‍ തുടങ്ങിയത്. ആലാപനം തുടരുന്നതിനിടെ ചില പ്രതിനിധികള്‍ ഇടപെട്ട് വന്ദേമാതരമാണ് ദേശീയഗാനമെന്ന് അഭിപ്രായപ്പെടുകയും തുടര്‍ന്ന് വന്ദേമാതരം ആലപിച്ചു തുടങ്ങുകയുമായിരുന്നു.
ദേശീയഗാനത്തെ തടസപ്പെടുത്തുകയോ ആലപിക്കുന്നതിനിടെ നിര്‍ത്തുകയോ ചെയ്യുന്നത് ഇന്ത്യന്‍ നിയമം അനുസരിച്ച് കുറ്റകരമാണ്. മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ് ഇത്. ദേശീയഗാനത്തെ അപമാനിച്ചുവെന്നും ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നുമാണ് പ്രതപക്ഷത്തിന്റെ ആവശ്യം.
വീഡിയോയില്‍ എംഎല്‍എ കൂടിയായ നളിനി ഗൗഡയേയും വ്യക്തമായി കാണാം. ഇക്കാര്യം മന:പൂര്‍വം സംഭവിച്ചതല്ലെന്നും ആരുടേയോ നാവിന് ഉണ്ടായ പിഴയാണ് വിവാദത്തിന് ഇടവെച്ചിരിക്കുന്നതെന്നും മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അധ്യക്ഷന്‍ അജയ് സിങ് നരൂക പറഞ്ഞു. ബജറ്റ് സമ്മേളനം തുടങ്ങുമ്പോള്‍ ദേശീയ ഗീതവും തീരുമ്പോള്‍ ദേശീയഗാനവും ആലപിക്കുന്നതാണ് ഐഎംസിയുടെ നിലവിലെ രീതിയെന്നും അജയ് സിങ് നരൂക കൂട്ടിച്ചേര്‍ത്തു.