ന്യൂഡല്‍ഹി: ദേശീയപതാക കത്തിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച യുവാവിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ തമിഴ്‌നാടിനു നിര്‍ദ്ദേശം നല്‍കിയത്. ദേശീയപതാക കത്തിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ഇയാളെ തമിഴ് നാട് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ദേശീയപതാക കത്തിച്ച സംഭവം ഗുരുതരവും ഇതെക്കുറിച്ച് വിട്ടുവീഴ്ചയില്ലാത്ത അടിയന്തിര അന്വേഷണം വേണമെന്നുമാണ് ആഭ്യന്തരമന്ത്രാലയം അണ്ടര്‍ സെക്രട്ടറി പ്രദീപ്കുമാര്‍ പാണ്ടെ തമിഴ്‌നാട് ചീഫ് സെക്രട്ടറിക്ക് നല്കിയിരിക്കുന്ന നിര്‍ദ്ദേശം. നാഷണല്‍ ഹോണര്‍ ആക്ടും ഫ്‌ളാഗ് കോഡ് ഓഫ് ഇന്ത്യ പ്രകാരവും ഈ കുറ്റത്തിന് നടപടിയെടുക്കണെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. തമിഴ്‌നാട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടി ആഭ്യന്തരമന്ത്രാലയത്തിനു റിപ്പോര്‍ട്ട് ചെയ്യണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തമിഴ്‌നാട് സ്വദേശിയായ ദിലീപന്‍ മഹേന്ദ്രന്‍ എന്നയാളാണ് ദേശീയപതാക കത്തിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്. ഇതിനെതിരെ വ്യാപകപ്രതിഷേധം സോഷ്യല്‍ മീഡിയായില്‍ ഉയര്‍ന്നിരുന്നു. ഇതുകൂടാതെ സൈക്കിള്‍ റിക്ഷായുടെ ടയറില്‍ ദേശീയപതാക പ്രദര്‍ശിപ്പിച്ചും ദേശീയപതാകയില്‍ ചെരിപ്പുവച്ചും അവഹേളിക്കുന്ന ചിത്രങ്ങള്‍ ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നു.