ഗോവിന്ദച്ചാമിക്ക് വധശിക്ഷയില്ല; സൗമ്യ വധക്കേസിലെ നിയമ പോരാട്ടം അവസാനിച്ചു

ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷയില്ല. ഹൈക്കോടതി നല്‍കിയ വധശിക്ഷ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ അടക്കം ആറു ജഡ്ജിമാര്‍ അടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിച്ചത്. സുപ്രീം കോടതി ചേംബറില്‍ വ്യാഴാഴ്ചയാണ് കേസ് പരിശോധിച്ചത്. സൗമ്യക്കു നീതി നിഷേധിക്കപ്പെട്ടുവെന്ന സര്‍ക്കാര്‍ വാദം സുപ്രീം കോടതി തള്ളി. ഇതോടെ ഈ കേസിലെ നിയമ പോരാട്ടം അവസാനിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യ പ്രകാരം തുറന്ന കോടതിയിലായിരുന്നു വാദം. പുന:പരിശോധനാ ഹര്‍ജി തളളിയതിനെ തുടര്‍ന്നാണ് അവസാനശ്രമമെന്ന നിലയില്‍ സര്‍ക്കാര്‍ തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാര്‍, ജഡ്ജിമാരായ ദീപക് മിശ്ര, ജസ്തി ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, പ്രഫുല്ല ചന്ദ്ര പാന്ത്, യു.യു.ലളിത് എന്നിവരാണു ഹര്‍ജി പരിശോധിച്ചത്.

തിരുത്തല്‍ ഹര്‍ജിയില്‍ സുപ്രീം കേ!ാടതിയില്‍ നിന്നു നീതി കിട്ടുമെന്നുതന്നെയായിരുന്നു പ്രതീക്ഷയെന്ന് സൗമ്യയുടെ അമ്മ സുമതി. ഗോവിന്ദച്ചാമിയുടെ മരണം മാത്രമാണ് ആഗ്രഹം. നീതി കിട്ടുന്നതുവരെ പോരാടുക തന്നെ ചെയ്യുമെന്നും അവര്‍ പറഞ്ഞു.

ഒരു സര്‍ക്കാരിന് നിയമപരമായി ഏതറ്റം വരെ പോകാന്‍ കഴിയുമോ അതുവരെ സര്‍ക്കാര്‍ പോയിട്ടുണ്ടെന്ന് നിയമന്ത്രി എ.കെ. ബാലന്‍ പ്രതികരിച്ചു. ഇതിനപ്പുറം നിയമപരമായി എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും മന്ത്രി പറഞ്ഞു.

Top