ന്യൂഡല്‍ഹി: ക്രസ്തവ സഭകളെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവമായിരുന്നു കുമ്പസാര പീഡനം. ഇതിനെത്തിടര്‍ന്ന് ജലന്തര്‍ ബിഷപ്പിനെതിരെയും മറ്റ് വൈദികര്‍ക്കെതിരെയും ഉയര്‍ന്ന ജനരോഷം വളരെ വലുതാണ്. ഈ വിഷയത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ ഇന്ന് പുറത്തിറക്കിയ റിപ്പോര്‍ട്ട് വിവാദമായിരിക്കുകയാണ്.
ദേശീയ വനിതാ കമ്മീഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനും നല്‍കിയ റിപ്പോര്‍ട്ടിലാണ് വിവാദത്തിനിടയാക്കുന്ന നിര്‍ദ്ദേശം ഉള്ളത്.
ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ കന്യാസ്ത്രീയും ഓര്‍ത്തഡോക്‌സ് വൈദികര്‍ക്കെതിരെ ഒരു വനിതയും ഉന്നയിച്ച പീഡന പരാതികള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു കൂടാതെ ക്രൈസ്തവ സഭകളിലെ കുമ്പസാരം നിര്‍ത്തണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ഈ നിര്‍ദ്ദേശമാണ് വിശ്വാസികള്‍ക്കെതിരെയുള്ള വെല്ലുവിളിയായി നിരീക്ഷിക്കപ്പെടുന്നത്.
കുമ്പസാരം അവസാനിപ്പിക്കണമെന്ന നിര്‍ദ്ദേശം കേവല രാഷ്ട്രീയലാക്കോടെയുള്ളതാണെന്ന് ഇതിനെതിരെ പ്രതികരിച്ച അനില്‍ അക്കര എം.എല്‍.എ തന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ദേശീയ വനിതാ കമ്മീഷന് എന്താണ് കുമ്പസാരം എന്നുള്ളതിനെ കുറിച്ച് പ്രാഥമികമായ വിവരം പോലുമില്ലെന്നും എം.എല്‍.എ അഭിപ്രായപ്പെട്ടു.
അനില്‍ അക്കര എം.എല്‍എയുടെ വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
രാജ്യത്തെ സ്ത്രീ പീഡന കേസ്സുകളില്‍ അഭിപ്രായം പറയാനും നടപടി സ്വീകരിക്കാനുമുള്ള അധികാരം ദേശീയ വനിതാ കമ്മീഷനുണ്ട് അതിനെ സ്വാഗതം ചെയ്യുന്നു,
ഈ കേസുകള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നത് തന്നെയാണ് നല്ലതും.
എന്നാല്‍ ഇതിന്റെ കൂട്ടത്തില്‍ കുമ്പസാരം നിര്‍ത്തണമെന്നുള്ള വനിതാ കമ്മീഷന്‍ ശുപാര്‍ശ അംഗീകരിക്കാന്‍ കഴിയില്ല. ഇത് രാഷ്ട്രീയ ലാക്കോട് കൂടിയുള്ള ശുപാര്‍ശയാണ്. ഈ ശുപാര്‍ശയില്‍ ബിജെപി നേതൃത്വവും, വിശ്വാസിയെന്ന് അവകാശപ്പെടുന്ന കേന്ദ്ര മന്ത്രി കണ്ണന്താനവും നിലപാട് വ്യക്തമാക്കണം.
ദേശീയ വനിതാ കമ്മീഷന് എന്താണ് കുമ്പസാരം എന്നുള്ളതിനെ കുറിച്ച് പ്രാഥമികമായ വിവരം പോലുമില്ലാതെയാണ് കുമ്പസാരം നിര്‍ത്തലാക്കണം എന്നുള്ള ശുപാര്‍ശ നല്‍കിയത്. ലോകത്തെ വിവിധ മതത്തില്‍ പെട്ട വിശ്വാസികള്‍ പല തരത്തിലാണ് കുമ്പസാരം എന്ന ആചാരം നടത്തിവരുന്നത്. കേരളത്തിലെ പല ക്രിസ്തീയ ദേവാലയങ്ങളിലും പുരോഹിതന്‍മാര്‍ മാത്രം കേള്‍ക്കുന്ന രഹസ്യ കുമ്പസാര ആചാരം നടന്നു വരുന്നുണ്ട്. എന്നാല്‍ കുമ്പസാരം പുരോഹിതന്‍മാരുടെ അടുത്ത് തെറ്റുകള്‍ ഏറ്റുപറഞ്ഞ് നടത്തണമെന്ന് ഒരു ലിഖിത നിയമവും നിലവിലില്ല. വ്യക്തികള്‍ക്ക് സ്വയം മനസ്താപം നടത്തി കുമ്പസാര പ്രക്രിയയില്‍ പങ്കാളിയാകാവുന്നതാണ്. ഞാന്‍ തന്നെ വര്‍ഷങ്ങളായി പലപ്പോഴും സ്വയം മനസ്താപമെന്ന കുമ്പസാര പ്രക്രിയയ്ക്ക് വിധേയനാകുന്ന വ്യക്തിയാണ്.
വ്യക്തികള്‍ സ്വയം മനസ്താപപ്പെടുന്നതും, സ്വയം തെറ്റ് ഏറ്റു പറഞ്ഞ് ശുദ്ധീകരിക്കാന്‍ കഴിയാത്ത വ്യക്തികള്‍ക്ക് പുരോഹിതന്‍മാരുടെ സഹായം തേടുന്നതിലും തെറ്റില്ല. തെറ്റുകള്‍ ഏറ്റു പറയുന്നതും, തെറ്റുകളില്‍ നിന്ന് തെറ്റുകളിലേയ്ക്ക് പോകാതിരിക്കാന്‍ കഴിയുന്ന ഒരു ചര്യ യോഗ പോലെ തന്നെ പവിത്രമായ രീതിയാണ്. ഇത് ക്രിസ്തുമത വിശ്വാസികളുടെ മാത്രം അവകാശമല്ല. നിലവില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പല കേസ്സുകളിലും കൗണ്‍സിലിംഗ് പോലുള്ള ശാസ്ത്രീയ പ്രക്രിയ രാജ്യത്തെ നിയമവ്യവസ്ഥയുടെ ഭാഗമായിട്ടുള്ളതാണ്. കുടുംബ കോടതികളില്‍ തന്നെ ന്യായാധിപന്‍മാര്‍ പല കേസ്സുകളിലും ഈ പ്രക്രിയ സ്വീകരിച്ചു വരുന്നുണ്ട്. ഇവിടെ ചില സ്ത്രീ പീഢന കേസ്സുകള്‍ മറയാക്കി രാജ്യത്ത് വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാന്‍ വേണ്ടിയുള്ള തന്ത്രപരമായ ശുപാര്‍ശയാണ് തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ നല്‍കിയിട്ടുള്ളത്.
ദേശീയ വനിതാ കമ്മീഷന്‍ ഈ ശുപാര്‍ശയോടു കൂടി അതിന്റെ അന്തസത്തയെ തന്നെ ചോര്‍ത്തി കളഞ്ഞിരിക്കുകയാണ്. അവര്‍ക്ക് ആ സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹതയില്ല. അവര്‍ സ്വയം ഒഴിയാന്‍ തയ്യാറായില്ലെങ്കില്‍ അവരെ തല്‍സ്ഥാനത്ത് നിന്ന് നീക്കാന്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി തയ്യാറാകണം. ഇത് സംബന്ധിച്ച കത്ത് ആഭ്യന്തര വകുപ്പ് മന്ത്രിക്ക് നല്‍കുമെന്നും അനില്‍ അക്കര എം.എല്‍.എ അറിയിച്ചു.