കണ്ണൂര്‍: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് അനുമതി നല്‍കിയതിന് ശേഷം ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ഉപയോഗിച്ച് ഇതുവരെ ഏണ്ണൂറോളം സ്ത്രീകളാണ് ബുക്കിംഗ് നടത്തിയിരിക്കുന്നത്. സുരക്ഷാ നിരീക്ഷണത്തിന്റെ ഭാഗമായി പോലീസ് പരിശോധനയില്‍ ഇവരില്‍ ആന്ധ്രയില്‍ നിന്നും ബുക്ക് ചെയ്തിരിക്കുന്ന യുവതികളില്‍ അധികവും നക്‌സല്‍ മേഖലയില്‍ നിന്നുള്ളവരാണെന്ന് കണ്ടെത്തി.
നക്‌സല്‍ മേഖയില്‍ നിന്നുള്ള യുവതികളാണ് ബുക്കിംഗ് നടത്തിയവരില്‍ അധികവുമെന്ന് കേന്ദ്ര ഇന്റലിജന്‍സിനും വിവരം ലഭിച്ചു. ഇവരുടെ വിവരങ്ങള്‍ കേന്ദ്ര ഇന്റലിജന്‍സ് ശേഖരിച്ച് തുടങ്ങി. ബുക്ക് ചെയ്തിരിക്കുന്നവരിലധികവും ആക്ടിവിസ്റ്റുകളും നക്സലുകളുമാണെന്നാണ് സൂചന.
നക്സല്‍ സംഘടനകള്‍ ശബരിമലയില്‍ സ്ത്രീകളെ എത്തിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. പ്രത്യേക സുരക്ഷാമേഖലയായ ശബരിമലയിലേക്ക് യുവതീ പ്രവേശനം സാദ്ധ്യമാക്കുന്നതിന്റെ പേരില്‍ നക്സല്‍ സംഘങ്ങള്‍ എത്തിയാലുണ്ടാകാവുന്ന സുരക്ഷാ വീഴ്ച കേരളാ പൊലീസിന് പുതിയ തലവേദനയാകുകയാണ്.
അന്യസംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന നക്സല്‍ സംഘങ്ങളെ തിരിച്ചറിയാന്‍ നിലവില്‍ പൊലീസിന് സംവിധാനങ്ങളില്ല. ഏക മാര്‍ഗം ദേഹപരിശോധന മാത്രമാണ്. മെറ്റല്‍ ഡിറ്റക്ടര്‍, സ്‌കാനല്‍, മുഖം തിരിച്ചറിയാനുള്ള കാമറ എന്നിവ മാത്രമാണ് ഉള്ളത്. ഇതിലൂടെ സ്‌ഫോടക വസ്തുക്കള്‍ കൊണ്ടുവന്നിട്ടുണ്ടോയെന്ന് മാത്രമാണ് പരിശോധിക്കാന്‍ സാധിക്കുക. ഇതോടെ ശബരിമല സുരക്ഷ പൊലീസിന് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്.