പട്ന: ബിഹാറിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. വ്യക്തമായ ആധിപത്യത്തോടെ ബീഹാറിൽ ദേശീയ ജനാധിപത്യ സഖ്യം ഭരണത്തിലേക്ക്.കേവലഭൂരിപക്ഷത്തിലേക്ക് എൻഡിഎ എത്തുമെന്നാണ് ഇപ്പോഴത്തെ ഫല സൂചന. 130 ഓളം സീറ്റുകളിലാണ് നിലവിൽ എൻഡിഎ മുന്നേറുന്നത്. ഇപ്പോഴത്തെ ലീഡ് നില പ്രകാരം ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയാകാനാണ് സാധ്യത. 70 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ ജെഡിയു 47 സ്ഥലങ്ങളിലാണ് ലീഡ് ചെയ്യുന്നത്.
243 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 122സീറ്റുകളാണ് വേണ്ടത്. 124 സീറ്റുകളിൽ എൻഡിഎയും 107 സീറ്റുകളിൽ മഹാസഖ്യവും ലീഡ് ചെയ്യുന്നു. ലീഡ് നില അനുസരിച്ച് ആർജെഡിയെ മറികടന്ന് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകാനാണ് സാധ്യത. എന്നാൽ 30 ശതമാനത്തിൽ താഴെ വോട്ടുകൾ മാത്രമാണ് ഇതുവരെ എണ്ണി കഴിഞ്ഞത്. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് വോട്ടെണ്ണൽ നടക്കുന്നത്. അതിനാല്‍ അന്തിമഫലപ്രഖ്യാപനം വൈകും.
എൻഡിഎ- 124 (ബിജെപി- 70, ജെഡിയു-49). മഹാസഖ്യം-107 (ആർജെഡി- 66, കോൺഗ്രസ്- 21), എന്നിങ്ങനെയാണ് ഉച്ചയ്ക്ക് 2.30വരെയുള്ള ലീഡ് നില. എൽജെപി മൂന്ന് സീറ്റിലും ലീഡ് ചെയ്യുന്നു. സിപിഐ എംഎൽഎൽ 12 സീറ്റിലും സിപിഎം 5 സീറ്റിലും സിപിഐ മൂന്നുസീറ്റിലും ലീഡ് ചെയ്യുന്നു. എഐഎംഐഎം രണ്ട് സീറ്റിലും മുന്നിട്ടുനിൽക്കുന്നു.
38 ജില്ലകളിലെ 55 സെന്ററുകളിലെ 414 ഹാളുകളിലായാണ് വോട്ടെണ്ണൽ നടക്കുന്നത്. തപാൽ വോട്ടുകളാണ് ആദ്യം എണ്ണിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വോട്ടെണ്ണൽ നടപടികൾ പുരോഗമിക്കുന്നത്. ഓരോ വോട്ടിംഗ് മെഷിനും വിവിപാറ്റ് യൂണിറ്റും സാനിറ്റൈസ് ചെയ്ത ശേഷമാകും കൗണ്ടിംഗ് ടേബിളിൽ എത്തിക്കുക. ഇതാണ് കാലതാമസത്തിന് കാരണം. സുതാര്യത ഉറപ്പ് വരുത്താൻ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. സ്ഥാനാർഥിക്കും പാർട്ടി പ്രതിനിധിക്കും സിസിടിവി ദൃശ്യങ്ങൾ കാണാൻ സംവിധാനമൊരുക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം വലിയ സ്‌ക്രീനിൽ പ്രദർശിപ്പിക്കും.