തിരുവനന്തപുരം : മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആൻറണിയുടെ പിന്തുണയോടെ പുതിയ കെ.പി.സി.സി. പ്രസിഡന്റായി കൊടിക്കുന്നില്‍ സുരേഷ് നിയമിക്കപ്പെടുമെന്ന സൂചന ശക്തമായി.
ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നല്‍കിയ ലിസ്റ്റിനെ മറികടന്ന് എ.കെ.ആന്റണിയുടെ പിന്തുണയോടെ കൊടിക്കുന്നില്‍ സുരേഷ് പ്രസിഡന്റാകുമെന്ന സൂചനയാണ് വിശ്വസനീയ കേന്ദ്രങ്ങള്‍ നല്‍കുന്നത്. കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കളുമായി പുതിയ പ്രസിഡന്റിന്റെ കാര്യം തീരുമാനിക്കുവാന്‍ രാഹുല്‍ഗാന്ധി ചര്‍ച്ച നടത്തിയിരുന്നു. ഉമ്മന്‍ചാണ്ടി കൊടുത്ത പട്ടികയില്‍ കെ.സി. ജോസഫ്, ബെന്നി ബഹ്നാന്‍, പി.സി. വിഷ്ണുനാഥ് എന്നിവരും രമേശ് ചെന്നിത്തല കൈമാറിയ പട്ടികയില്‍ കെ. സുധാകരന്‍, വി.ടി. സതീശന്‍, ജോസഫ് വാഴക്കന്‍ എന്നിവരുടെ പേരുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഈ പട്ടികയില്‍ നിന്ന് വി.ടി. സതീശന്റെ പേര് മാത്രമാണ് രാഹുല്‍ ഗാന്ധി തെരെഞ്ഞെടുത്തത്. എ.കെ. ആന്റണിയോട് അഭിപ്രായം തേടിയപ്പോള്‍ കൊടിക്കുന്നില്‍ സുരേഷിന്റെ പേരാണ് അദ്ദേഹം നിര്‍ദ്ദേശിച്ചത്. ഈ പേരിനോട് രാഹുല്‍ ഗാന്ധിക്കും താല്പര്യം ഉണ്ടായിരുന്നു. എ.കെ. ആന്റണി കൂടി പിന്തുണച്ചതോടെ കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ഒരുതവണ കൂടി ചര്‍ച്ച നടത്തി കൊടിക്കുന്നിലിന്റെ പേര് പ്രജ്ഞാപിക്കും എന്നാണ് സൂചന.
ബി.ജെ.പി.- സിപിഐ(എം) കക്ഷികളുമായി അകന്നുനില്‍ക്കുന്ന കേരളത്തിലെ 15 ശതമാനത്തോളം വരുന്ന ദളിത് വിഭാഗത്തെ കോണ്‍ഗ്രസ്സിലേക്ക് ആകര്‍ഷിക്കുകയാണ് സുരേഷിന്റെ നിയമനംകൊണ്ട് ഹൈക്കമാന്‍ഡ് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം പ്രായക്കുറവും അദ്ദേഹത്തിന് അനുകൂല ഘടകമായി. ‘ഐ’ ഗ്രൂപ്പ് കൊടിക്കുന്നിലിനെ എതിര്‍ക്കില്ലെങ്കിലും ‘എ’ ഗ്രൂപ്പ് കൊടിക്കുന്നിലുമായി ശത്രുതയിലാണ്. യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് കെ.പി.സി.സി. പ്രസിഡന്റ് പദം ഒഴിയുന്ന എം.എം. ഹസ്സനോ ബെന്നി ബഹ്‌നാനോ നിയോഗിക്കപ്പെടുമെന്ന് സൂചനയുണ്ട്.
രാഹുല്‍ ഗാന്ധിയുടെ പൊതുവിലുള്ള തീരുമാനം ജാതി, ഗ്രൂപ്പ്, പ്രായം എന്നിവയ്ക്ക് പകരം കഴിവ് മാത്രം മാനദണ്ഡമാക്കി സംസ്ഥാന അധ്യക്ഷന്മാരെ തീരുമാനിക്കാണ്. പക്ഷേ ഇകാര്യത്തില്‍ കേരളത്തിനു ചിലപ്പോള്‍ ഇളവ് നല്‍കും. കെ.സുധാകരന്‍, കെ.വി തോമസ്, വി.ഡി സതീശന്‍, മുല്ലപ്പളളി രാമചന്ദ്രന്‍ തുടങ്ങിയവരുടെ പേരുകളാണ് ഹൈക്കമാന്‍ഡ് പരിഗണിക്കുന്നത്.
കെ.പി.സി.സി അഴിച്ചപണിക്ക് എ.ഐ.സി.സി നേതൃത്വം തയ്യാറെടുക്കുമ്പോള്‍ സംസ്ഥാന കോണ്‍ഗ്രസിലെ ഇരുഗ്രൂപ്പുകളും പ്രത്യേക പട്ടിക തയ്യാറാക്കി ചരടുവലികള്‍ തുടങ്ങി. ഇന്നാരംഭിക്കുന്ന ഔദ്യോഗിക ചര്‍ച്ചയില്‍ മറുഗ്രൂപ്പിലെ നോമിനിയെക്കാള്‍ തങ്ങളുടെ നോമിനിക്കാണ് യോഗ്യതയെന്ന വാദമാവും ഇരുഗ്രൂപ്പുകളും ഉയര്‍ത്തുക. വിശാല ഐ ഗ്രൂപ്പില്‍ നിന്നും ബിന്ദുകൃഷ്ണ , വി.ഡി സതീശന്‍ എന്നിവരും എ ഗ്രൂപ്പില്‍ നിന്നും പി.സി. വിഷ്ണുനാഥ് , ബെന്നി ബെഹനാന്‍ എന്നിവരും പരിഗണിക്കപ്പെടുന്നുണ്ട്. ഇരു ഗ്രൂപ്പുകളോടും അകലം പാലിക്കുന്ന മുതിര്‍ന്ന നേതാക്കളായ കെ. സുധാകരന്‍, കെ.മുരളീധരന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എന്നിവരുടെ സാധ്യതകളും എ.ഐ.സി.സി നേതൃത്വം ആരായുന്നുണ്ട്. മുന്‍.കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ ഒരു നോമിനികളെയും പരിഗണിക്കേണ്ടെന്ന പൊതുവികാരം എ.കെ ആന്റണി ഒഴികെയുള്ള നേതാക്കള്‍ക്കിടയില്‍ രൂപപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.