കൊടിക്കുന്നിൽ പണിതുടങ്ങി..സുധാകരൻ തെറിക്കും!.സുധാകരനെ പുറത്താക്കാൻ എം.പിമാരുടെ ശക്തമായ നീക്കം

തിരുവനന്തപുരം : ഭാരത് ജോഡോ യാത്രക്ക് സമാപനമായതോടെ കെപിസിസി പ്രസിഡന്റ് സ്ഥാനം പിടിക്കാൻ കൊടിക്കുന്നിൽ സുരേഷ് പണിതുടങ്ങി.പ്രസിഡന്റ് സ്ഥാനത്ത് എത്താൻ കൊടിക്കുന്നിൽ സുരേഷ് സ്വന്തം നിലയിലും നീക്കം നടത്തുന്നുണ്ട്. എന്നാൽ ഹൈക്കമാൻഡ് നിലപാട് വ്യക്തമാക്കിയിട്ടില്ല.കെ.പി.സി.സി പ്രസിഡന്റ് മാറില്ലെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കെ.സുധാകരനെ മാറ്റാനുള്ള നീക്കങ്ങളും സജീവമാണ്. എം.പിമാരാണ് സുധാകരനെ പുറത്താക്കാൻ ശ്രമം നടത്തുന്നത്.

കേരളത്തിലെ കോൺഗ്രസിൽ പുന:സംഘടനാ ചർച്ചകൾ വീണ്ടും സജീവമാകുന്നു.ജോഡോ യാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുക്കാൻ പോയ നേതാക്കൾ മടങ്ങി വന്നാലുടൻ ചർച്ചകൾ പുനരാരംഭിക്കും.കെ.പി.സി.സിയുട‌െ പുതിയ മാർഗ നിർദ്ദേശം അനുസരിച്ചാകും ജില്ലകളിലെ പുന:സംഘടന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജില്ലാ അദ്ധ്യക്ഷന്മാർ ഒഴികെയുളള ഭാരവാഹികളിലാണ് പുന:സംഘടന വരുന്നത്. മിക്കവാറും ജില്ലകളിൽ പുന:സംഘടന സംബന്ധിച്ച ആദ്യ റൗണ്ട് ചർച്ചകൾ പൂർത്തിയായിട്ടുണ്ട്. ജോഡോ യാത്ര കഴിഞ്ഞാൽ തീരുമാനമെടുത്ത് കെ.പി.സി.സി നേതൃത്വത്തിന് പട്ടിക കൈമാറാനാണ് ധാരണ.

ജില്ലാ പുനസംഘടനയിൽ കെ.പി.സി.സി മാർഗ നിർദേശം കൃത്യമായി പാലിക്കണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ആകെയുള്ള 25 ഭാരവാഹികളിൽ 5 പേർ വൈസ് പ്രസിഡന്റുമാരും ഒരു ട്രഷററും 19 ജനറൽ സെക്രട്ടറിമാരും ആകും ഉണ്ടാകുക.

ഈ ജില്ലകളിൽ 26 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും ഉണ്ടായിരിക്കണമെന്നാണ് നിർദ്ദേശം. മറ്റു ജില്ലകളിൽ ആകെയുള്ള 35 ഭാരവാഹികളിൽ 6 വൈസ് പ്രസിഡന്റുമാരും ഒരു ട്രഷററും 28 ജനറൽ സെക്രട്ടറിമാരും ഉണ്ടായിരിക്കും. ഈ ജില്ലകളിൽ 36 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് രൂപികരിക്കുക.

ഉദയ്പൂർ ചിന്തൻ ശിവിർ തീരുമാനപ്രകാരം ഡിസിസി ഭാരവാഹികളായി വരുന്നവരിൽ 50 ശതമാനം പേർ പുതുമുഖങ്ങളും 50 വയസ്സിൽ താഴെ ഉള്ളവരും ആയിരിക്കണം. ഇത് കർശനമായി നടപ്പാക്കുന്നതായിരിക്കും ഇത്തവണത്തെ പുന:സംഘടന. സംസ്ഥാനത്തെ മുഴുവന്‍ ബ്ലോക്ക് മണ്ഡലം കമ്മറ്റികളിലും പുതുമുഖങ്ങളെ പ്രസിഡന്റുമാരായി നിയമിക്കും.

അനിവാര്യമായ സ്ഥലങ്ങളിൽ മാത്രം കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നിയമിച്ച ബ്ലോക്ക് , മണ്ഡലം പ്രസിഡന്റുമാരെ മികവിൻെറ അടിസ്ഥാനത്തിൽ മാത്രം തുടരാൻ അനുവദിക്കാനും ധാരണയായിട്ടുണ്ട് . സ്ഥാനമൊഴിയുന്ന ബ്ലോക്ക് പ്രസിഡന്റുമാരിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചവരെ ഡിസിസി ഭാരവാഹികളായി പരിഗണിക്കും .

അതുപോലെ മികച്ച പ്രവർത്തനം കാഴ്ചവെച്ച മണ്ഡലം പ്രസിഡന്റുമാരെ ബ്ലോക്ക് പ്രസിഡന്റുമാരായി പരിഗണിക്കാനും കെ.പി.സി.സി നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്.പ്രവര്‍ത്തന മികവും, എല്ലാ തലത്തിലുള്ളവരെയും യോജിപ്പിച്ചു പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിവുള്ള, മുഴുവന്‍ സമയ പ്രവര്‍ത്തനത്തിന് സന്നദ്ധരായവരെ മാത്രമേ ബ്ലോക്ക് പ്രസിഡന്റായി പരിഗണിക്കാന്‍ പാടുള്ളുവെന്നും നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്.

സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍, സഹകരണ സ്ഥാപനങ്ങള്‍, ബാങ്കിംഗ് മേഖല എന്നിവയില്‍ സ്ഥിരം ജോലിയുള്ളവരെയും, ത്രിതല പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരെയും ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തിലേക്ക് പരിഗണിക്കേണ്ടതില്ലെന്നാണ് മാർഗ രേഖ അനുശാസിക്കുന്നത്.

ഡി.സി.സി ഭാരവാഹികള്‍, ഡി.സി.സി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍ എന്നിവരെ നിയമിക്കുമ്പോൾ മുന്‍ കെപിസിസി അംഗങ്ങൾ, മുൻ കെ.പി.സി.സി വിശാല എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, പോഷകസംഘടനാ ജില്ലാ പ്രസിഡന്റുമാര്‍, സംസ്ഥാന ഭാരവാഹികള്‍, മുന്‍പ് ബ്ലോക്ക് പ്രസിഡന്റുമാരായും ഡി.സി.സി ഭാരവാഹികളായും പ്രവര്‍ത്തിച്ചിരുന്നവര്‍, മുൻ യൂത്ത് കോണ്ഗ്രസ് പാർലമെന്റ് പ്രസിഡന്റുമാർ, യൂത്ത് കോണ്‍ഗ്രസ്സില്‍ 2010 ന് മുന്‍പ് പ്രവര്‍ത്തിച്ചവരും ഇപ്പോഴും സംഘടനയില്‍ മറ്റ് യാതൊരു പദവികളും ലഭിക്കാതിരിന്നിട്ടുള്ള ജില്ലാ ഭാരവാഹികള്‍, നിയോജകമണ്ഡലം പ്രസിഡന്റുമാര്‍, ട്രേഡ് യൂണിയന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംസ്ഥാന നേതാക്കൾ,ജില്ലാ പ്രസിഡന്റുമാര്‍ എന്നിവരെ പരിഗണിക്കാനും അനുവാദമുണ്ട്.

പുതുതായി നിയമിക്കപ്പെടുന്ന ഡി.സി.സി ഭാരവാഹികള്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍ എന്നിവരില്‍ കുറഞ്ഞത് 50 ശതമാനം പേരെങ്കിലും 50 വയസ്സിൽ താഴെയുള്ള യുവജനങ്ങളും, പുതുമുഖങ്ങളും ആയിരിക്കേണ്ടതാണെന്നും മാർഗരേഖയിൽ പറയുന്നു.

ജില്ലകളിലെ പാർട്ടി പുന: സംഘടനയിൽ അച്ചടക്ക നടപടി നേരിട്ടവരെ പരിഗണിക്കരുതെന്ന് കെ.പി.സി.സി നേതൃത്വത്തിൻെറ കർശന നിർദ്ദേശം. കഴിഞ്ഞ 2 വർഷത്തിനിടയിൽ കെ.പി.സി.സി അച്ചടക്ക നടപടി എടുത്തിട്ടുള്ളവരെ പുനഃസംഘടനയിൽ ഒരു തലത്തിലും പരിഗണിക്കരുതെന്നാണ് നിർദ്ദേശം.എല്ലാ തലത്തിലുമുള്ള ഭാരവാഹികളെ നിശ്ചയിക്കുമ്പോള്‍ സംഘടനാ പ്രവര്‍ത്തനമികവും സംശുദ്ധ പശ്ചാത്തലമുള്ളവരും സ്വഭാവ ശുദ്ധിയുള്ളവരും ആയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും നേതൃത്വം ജില്ലാ നേതൃത്വത്തെ ഓർമ്മപ്പെടുത്തുന്നുണ്ട്.

രാഷ്ട്രീയേതര കേസുകൾ ഒഴികെയുളള ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരെ ഭാരവാഹികളാക്കാൻ പാടില്ല. ഓരോ ജില്ലയിലെയും പാർട്ടി ഭാരവാഹികളെ നിശ്ചയിക്കുമ്പോൾ അതാത് ജില്ലകളിലെ സാമൂഹിക ഘടനക്ക് അനുസൃതമായ സോഷ്യൽ ബാലൻസിങ്ങ് പാലിക്കണമെന്നും കെ.പി.സി.സി നേതൃത്വം ജില്ലാ നേതൃത്വത്തോട് നിർദ്ദേശിച്ചിട്ടുണ്ട്.ജില്ലകളിലെ ജനസംഖ്യാ തോത് അനുസരിച്ചുളള മത-സാമുദായിക പ്രാതിനിധ്യം ഭാരവാഹിത്വത്തിലും വേണമെന്നാണ് സോഷ്യൽ ബാലൻസിങ്ങ് കൊണ്ട് നേതൃത്വം അർത്ഥമാക്കുന്നത്.

Top