അഹമ്മദാബാദ്: 22 വർഷത്തെ ഗുജറാത്തിലെ ബി ജെ പി ദുർഭരണം ഇക്കുറി അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് ഹാർദിക് പട്ടേൽ, അൽപേഷ് താക്കൂർ, ജിഗ് നേഷ് മേവാനി എന്നിവരെ ഒപ്പം ചേർന്ന് ബിജെപിക്കെതിരെ മത്സരിക്കാൻ ഔദ്യോഗികമായി ക്ഷണിച്ചു. മിഷൻ 125+ ആണ് കോൺഗ്രസിന്റെ ലക്ഷ്യമെന്ന് വാർത്താ സമ്മേളനത്തിൽ ഗുജറാത്ത് പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ഭരത് സിംഗ് സോളങ്കി പറഞ്ഞു. ഇക്കുറി വിശാല ചേരിയുണ്ടാക്കി ഗുജറാത്തിൽ ബിജെപിയെ തൂത്തെറിയുമെന്ന് -ഭരത് സിംഗ് സോളങ്കി പറഞ്ഞു.എത്ര അധികാര ദുർവിനിയോഗം നടത്തിയാലും കോൺഗ്രസായിരിക്കും ഇക്കുറി ഗുജറാത്തിൽ ജയിക്കുകയെന്നും അദ്ദേഹം പറഞ്ഞു. രണ്ടു പതിറ്റാണ്ടിനിടെ ഒരു ഗുജറാത്ത് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ഇത്തരത്തിൽ നടത്തുന്ന ആദ്യ പ്രഖ്യാപനമാണിത്.
വാർത്താ ഏജൻസിയായ എ എൻ ഐ ഭരത് സിംഗ് സോളങ്കിയുടെ പ്രസ്താവനയെ ഹാർദിക് സ്വാഗതം ചെയ്തതായി അറിയിച്ചു.ഭരണഘടനാപരമായി എനിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പ്രായം ആയിട്ടില്ല. മത്സരിക്കണമെന്ന താൽപര്യവുമില്ല. എന്നാൽ തന്റെ സംഘടനയുടെ ഭാഗമായവർ ബി ജെ പി ക്കെതിരായ വിശാല മുന്നണിയുടെ ഭാഗമാകും, ബിജെപിയെ പരാജയപ്പെടുത്തും;-ഹാർദിക്ക് പറഞ്ഞു. ബി ജെ പി ക്കെതിരെ ഗുജറാത്തിൽ വിശാല സഖ്യമുണ്ടാകുമെന്നും എ എൻ ഐ റിപ്പോർട്ട് ചെയ്തു. നവംബർ ആദ്യവാരം സഖ്യ പ്രഖ്യാപനമുണ്ടാകും. രാഹുൽ ഗാന്ധി നവംബർ ആദ്യം ദക്ഷിണ ഗുജറാത്ത് സന്ദർശിക്കുന്നുണ്ട്. അതോടനുബന്ധിച്ചുള്ള മഹാറാലിയിൽ സഖ്യം പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.
ഗുജറാത്തിലെ കോൺഗ്രസ് സമുദായ നേതാക്കളെ കൂട്ടുപിടിച്ചുള്ള വിശാലസഖ്യം രൂപീകരിക്കാനുള്ള നീക്കമാണ് പ്രഖ്യാപിച്ചിരിക്കുന്നത് . ഗുജറാത്തിലെ പിസിസി പ്രസിഡന്റ് ഭരത് സിങ് സോളങ്കിയാണ്, പട്ടേൽ സംവരണ പ്രക്ഷോഭ നേതാവ് ഹാർദിക് പട്ടേൽ, ദലിത് നേതാവ് ജിഗ്നേഷ് മെവാനി, പിന്നാക്ക–ദലിത്–ആദിവാസി ഐക്യവേദി നേതാവ് അൽപേഷ് താക്കൂർ എന്നിവരെ കോൺഗ്രസിലേക്കും ബിജെപി വിരുദ്ധ സഖ്യത്തിലേക്കും ക്ഷണിച്ചത്. ഭരത് സിങ് സോളങ്കി ഇപ്പോൾ പുറത്തെടുക്കുന്നത് കോൺഗ്രസിന്റെ പഴയ തന്ത്രം തന്നെയാണ്. ആ തന്ത്രത്തിന്റെ ഏറ്റവും വലിയ ആശാൻ ഭരത് സിങ്ങിന്റെ അച്ഛൻ തന്നെയായിരുന്നു – മാധവ് സിങ് സോളങ്കി. അദ്ഭുതപ്പെട്ടാനില്ലെന്നർഥം!
കേരളത്തിൽ കെ.കരുണാകരനെപ്പോലെ ഗുജറാത്ത് കോൺഗ്രസിലെ കരുത്തനായിരുന്നു മാധവ് സിങ് സോളങ്കി. മൂന്നു തവണ മുഖ്യമന്ത്രി. 1976 ൽ ആദ്യമായി മുഖ്യമന്ത്രിപദത്തിലെത്തിയ സോളങ്കി സമുദായ വോട്ടുകൾ വാരുന്നതിലെ ‘ശാസ്ത്രീയ സമീപനം’ അവതരിപ്പിച്ച ‘ശാസ്ത്രജ്ഞൻ’ കൂടിയായിരുന്നു. സംസ്ഥാനത്ത് ഏറ്റവുമധികം മണ്ഡലങ്ങളിൽ സ്വാധീനമുള്ള നാലു സമുദായങ്ങളെ – ക്ഷത്രിയർ, ഹരിജനങ്ങൾ, ആദിവാസികൾ, മുസ്‌ലിംകൾ- കയ്യിലെടുത്തുകൊണ്ടുള്ള ആ പരീക്ഷണം സോളങ്കിയെ രണ്ടു തിരഞ്ഞെടുപ്പുകളിൽ അടുപ്പിച്ച് വൻഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിച്ചു.ഈ സമുദയങ്ങളുടെ ആദ്യാക്ഷരങ്ങൾ ചേർത്തുണ്ടക്കിയ ഖാം (KHAM) തിയറി എന്ന പേരിലാണ് അതറിയപ്പെട്ടത്. ഗുജറാത്തിൽ പട്ടേൽ സമുദായത്തെ കോൺഗ്രസിൽനിന്ന് എക്കാലത്തേക്കുമായി അകറ്റിയതും ഇതേ രാഷ്ട്രീയ തിയറിയായിരുന്നു. തിയറി സമുദായം തന്നെയാണെങ്കിലും അച്ഛൻ ഉപേക്ഷിച്ച പട്ടേലുകളെ വീണ്ടും ഒപ്പം ചേർക്കാനാണു മകൻ ഭരതിന്റെ ശ്രമം എന്നതു മറ്റൊരു യാദൃച്ഛികത!
∙ കരുണാകരൻ മറന്നില്ലൊരിക്കലും
മാധവ് സിങ് സോളങ്കി ഗുജറാത്തിലെ കരുണാകര തുല്യനായിരുന്നെങ്കിലും അദ്ദേഹം കരുണാകരനോടു ചെയ്തത് ജീവിതാവസാനം വരെ കരുണാകരൻ മറന്നിരിക്കില്ല! കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയിൽനിന്ന് 1995ൽ കെ.കരുണാകരനെ മാറ്റാനുള്ള തീരുമനമെടുത്ത എഐസിസി ജനറൽ സെക്രട്ടറിയായിരുന്നു സോളങ്കി. അന്ന് കേരളത്തിന്റെ ചുമതലയായിരുന്നു സോളങ്കിക്ക്. 2004 ലെ ലോക്സഭാ തിരഞ്ഞെടുപ്പു കാലത്ത്, അഹമ്മദാബാദിലെ വസതിയിൽ വച്ച് സോളങ്കിയെ കണ്ടപ്പോൾ ” 1995ൽ കരുണാകരനോടു ചെയ്‌തതു ശരിയല്ലെന്ന് ഇപ്പോൾ തോന്നുന്നുണ്ടോ?.. ടോണി ജോസ് എന്ന മനോരമ ലേഖകന്റെ ചോദ്യത്തിന് ഉത്തരം ഇങ്ങനെ ആയിരുന്നു ‘‘അന്നത്തെ സഹചര്യം അങ്ങനെയായിരുന്നു. (തമിഴ്നാട്ടിലെ) ജി.കെ.മൂപ്പനരും അന്ന് എന്റെ കൂടെയുണ്ട്. എംഎൽഎമാരെ ഒറ്റയ്‌ക്കൊറ്റയ്‌ക്കു കണ്ടപ്പോൾ ഭൂരിപക്ഷം കരുണാകരന്റെ കൂടെയല്ല എന്നു മനസ്സിലായി. പിന്നെ മറ്റെന്തു ചെയ്യാൻ കഴിയും.’’
തീരുമാനം അറിയിച്ചപ്പോൾ കരുണാകരന്റെ പ്രതികരണം എന്തായിരുന്നു?
‘‘അദ്ദേഹം ആദ്യം വിശ്വസിച്ചില്ല. നിങ്ങളെന്താണീ പറയുന്നത്, എംഎൽഎമാർ കൂടുതൽ എന്റെ കൂടെയാണ് എന്നായിരുന്നു പ്രതികരണം. പക്ഷേ കാര്യങ്ങൾ വിശദീകരിച്ചപ്പോൾ അംഗീകരിച്ചു. പിറ്റേന്ന് അദ്ദേഹം തന്നെ ആന്റണിയുടെ പേര് നിർദേശിക്കുകയും ചെയ്‌തു.കേരള രാഷ്‌ട്രീയം ഇപ്പോൾ ശ്രദ്ധിക്കാറുണ്ടോ? കരുണാകരനെ കാണാറുണ്ടോ? (കരുണാകരൻ ജീവിച്ചിരിക്കുന്ന കാലമാണ്)കാര്യമായി ശ്രദ്ധിക്കാറില്ല. കരുണാകരനെ എഐസിസി യോഗങ്ങളിൽവച്ചു കാണും. ഞങ്ങൾ രണ്ടുപേരും പ്രത്യേക ക്ഷണിതാക്കളാണ്. അടുത്തടുത്താണ് ഇരിക്കാറുള്ളത്.’’∙ ബോഫോഴ്സിലെ ഇടപെടൽ
ഇതേ സോളങ്കി, കരുണാകരനെ പോലെതന്നെ ഗുജറാത്തിന്റെ മുഖ്യമന്ത്രിസ്‌ഥാനത്തുനിന്നു പടിയിറക്കപ്പെട്ട ചരിത്രവുമുണ്ട്. ഗുജറാത്തിനെ ഇളക്കിമറിച്ച സംവരണ വിരുദ്ധ സമരമാണ് 1985ൽ ജാതി രാഷ്‌ട്രീയത്തിന്റെ തലതൊട്ടപ്പനായ സോളങ്കിയുടെ കസേര തെറിപ്പിച്ചത്. അന്നു പ്രധാനമന്ത്രി രാജീവ് ഗാന്ധി കേന്ദ്രമന്ത്രിസഭയിലേക്കു ക്ഷണിച്ചെങ്കിലും സോളങ്കി വഴങ്ങിയില്ല. പകരം, ജീൻസും ടീ ഷർട്ടുമണിഞ്ഞ് പെട്ടിയും പൂട്ടി യൂറോപ്പ് പര്യടനത്തിനു വിമാനം കയറി.
പിണങ്ങിപ്പോയ നേതാവ് ആറുമാസത്തെ പര്യടനം കഴിഞ്ഞ് തിരിച്ചെത്തി രാജീവിന്റെ മന്ത്രിസഭയിൽ ചേരുകയും ചെയ്‌തു! വിദേശകാര്യമായിരുന്നു വകുപ്പ്. ബോഫോഴ്സ് ആരോപണം കത്തിനിന്നപ്പോൾ സ്വീഡൻ സർക്കാരിനോട് അന്വേഷണം നിർത്തി വയ്ക്കാൻ സോളങ്കി ആവശ്യപ്പെട്ടതായി ആരോപണമുണ്ടായിരുന്നു. അതേക്കുറിച്ചു ചോദിച്ചപ്പോൾ ഒഴിഞ്ഞുമാറുകയായിരുന്നു അന്ന്: ‘‘അതൊക്കെ വെറുതേ പറയുന്നതാണ്. എനിക്ക് കേസിൽ യാതൊരു പങ്കുമില്ലെന്നു കോടതി വിധിച്ചു കഴിഞ്ഞതാണ്. ഇക്കാര്യം സംസരിക്കാൻ താൽപര്യമില്ല.’’