മുംബൈ: കോവിഡ് പ്രതിരോധ വാക്സിന്റെ മൂന്ന് ഡോസ് എടുത്തതിനു ശേഷവും അമേരിക്കയിൽ നിന്നും മുംബൈയിലെത്തിയ യുവാവിന് ഒമിക്രോൺ ബാധ. ഫൈസറിന്റെ മൂന്ന് ഡോസുകൾ എടുത്തതിനു ശേഷമാണ് രോഗം സ്ഥിരീകരിച്ചത്.
നവംബർ ഒൻപതിനാണ് 29കാരനായ യുവാവ് ന്യൂയോർക്കിൽ നിന്നും മുംബൈയിലെത്തിയത്. വിമാനത്താവളത്തിൽ വച്ചു നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് സ്രവം ജീനോം സീക്വൻസിംഗിന് അയച്ചപ്പോഴാണ് ഒമിക്രോൺ ബാധ കണ്ടെത്തിയത്. രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇയാളുമായി അടുത്ത സമ്പർക്കമുണ്ടായിരുന്ന രണ്ടുപേരുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. ഇതോടെ മുംബൈയിലെ ഒമിക്രോൺ ബാധിതരുടെ എണ്ണം 15 ആയി. അതേസമയം, മഹാരാഷ്ട്രയിലെ ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം 40 ആയി ഉയർന്നു.