മുംബൈ മെട്രോയിലെ വനിതാ ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെ സഹപ്രവര്‍ത്തകരുടെ തെറിവിളി; പുരുഷ ഡ്രൈവര്‍മാര്‍ നിരന്തരം അധിക്ഷേപിക്കുന്നതായി പരാതി

മുംബൈ: മെട്രോ സിറ്റിയായ മുംബൈയിലെ വനിതാ ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെ സഹപ്രവര്‍ത്തകരുടെ ലൈംഗീകാധിക്ഷേപം. സര്‍ക്കാര്‍ സംവരണപ്രകാരം അഞ്ച് ശതമാനത്തോളം റിക്ഷയുടെ പെര്‍മിറ്റുകളും സ്ത്രീകള്‍ക്കാണ് ലഭിക്കുക. എന്നാല്‍ ഇവിടുത്തെ പുരുഷഡ്രൈവര്‍മാരില്‍ നിന്നും വലിയ തോതിലുള്ള ലൈംഗീക അതിക്രമമാണ് തങ്ങള്‍ക്ക് ഉണ്ടാകുന്നതെന്ന് അവര്‍ വെളിപ്പെടുത്തുന്നു. ഒരു ദേശിയ മാധ്യമം നടത്തിയ അന്വേഷണത്തിലാണ് ഇത് വ്യക്തമാക്കിയത്.

മുംബൈയുടെ കിഴക്കന്‍ നഗരമായ താനെയിലാണ് ഇത്തരത്തില്‍ ഏറ്റവുമധികം പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നത്. 150തോളം വനിത ഓട്ടോ ഡ്രൈവര്‍മാരാണ് ഇവിടെയുള്ളത്. താനെയിലെ റെയില്‍ വേ സ്‌റ്റേഷനു മുന്നില്‍ സ്ത്രീകള്‍ക്കായി വനിതാ റിക്ഷാ സ്റ്റാന്‍ഡും അനുവദിച്ചിട്ടുണ്ട്. എന്നാല്‍ നിരത്തിലിറങ്ങുമ്പോള്‍ പുരുഷന്‍മാരായ സഹപ്രവര്‍ത്തകര്‍ നിരന്തരം അസഭ്യവാക്കുകളുപയോഗിക്കുകയും മനോവീര്യം കെടുത്തുന്ന വിധത്തില്‍ പരിഹസിക്കുകയും ചെയ്യുകയാണ് പതിവ്.

”നിങ്ങള്‍ക്ക് ബിസിനസ് ചെയ്യണമെങ്കില്‍, വേശ്യകള്‍ പോകുന്നിടത്തേക്ക് പൊയ്‌ക്കൊള്ളുക” എന്നതാണ് സ്ഥിരം അധിക്ഷേപം. യാത്രക്കാരുമായി പോകുമ്പോഴും പുരുഷന്‍മാര്‍ ഇത്തരത്തില്‍ അസഭ്യവാക്കുകള്‍ പറയാറുണ്ടെന്നും വനിതകള്‍ പരാതിയില്‍ പറയുന്നു. മുമ്പ് കേരളത്തിലും സമാനമായ അന്തരീക്ഷം ഉണ്ടായിരുന്നു. ജാതീയവും സ്ത്രീവരുദ്ധവുമായ ആക്രമണങ്ങള്‍ക്ക് വിധേയമായ കണ്ണൂരിലെ ഓട്ടോ ഡ്രൈവറായ ചിത്രലേഖ ദേശീയ തലത്തില്‍ വാര്‍ത്തയായിരുന്നു.

മുംബൈ പോലീസിന്റെ ഭാഗത്തുനിന്നും മോശമായ അഭിപ്രായമാണ് തങ്ങള്‍ നേരിടുന്നത്. നിയമംതെറ്റിക്കുന്നതിന് പിഴയീടാക്കുമ്പോള്‍ അതൊരു പ്രണയലേഖനമായാണ് കാണുന്നതെന്നും പോലീസ് അധികാരികള്‍ പറയാറുണ്ടെന്നും ഇവര്‍ പറയുന്നു. ഇത്തരത്തില്‍ ആറ് വനിത ഡ്രൈവര്‍മാരാണ് പരാതിയുമായി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.

Top