കൊച്ചി: ഇത്തണത്തെ പുതുവത്സരാഘോഷം കൊച്ചിയില്‍ റേവ് പാര്‍ട്ടികള്‍ തകര്‍ക്കുമെന്ന് റിപ്പോര്‍ട്ട്. ഗോവയിലും ബംഗളുരുവിലും റേവ് പാര്‍ട്ടികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് കൊച്ചി ഒരു മെയിന്‍ ഹബ്ബായി മാറാനുള്ള സാധ്യത ഉണ്ടായത്. കേന്ദ്രത്തിന്റെ കര്‍ശന നിയന്ത്രണം കാരണമാണ് ലഹരി മാഫിയ കൊച്ചിയെ കേന്ദ്രമാക്കുന്നതെന്നാണ് വിവരം. സിറ്റി പൊലീസ് കമ്മിഷണര്‍ എം.പി. ദിനേശിനു ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ ഡസ്റ്റര്‍ എന്ന പേരില്‍ കൊച്ചിയില്‍ ലഹരിവേട്ട തുടങ്ങി.
പുതുവല്‍സര പാര്‍ട്ടികളില്‍ വിറ്റഴിക്കാന്‍ തമിഴ്‌നാട് സ്വദേശികള്‍ കൊച്ചിയിലെത്തിച്ച ബ്യുപ്രിനോര്‍ഫിന്‍ ഇനത്തില്‍പെട്ട മുന്നൂറിലധികം മയക്കുമരുന്ന് ആംപ്യൂളുകളും മുപ്പതോളം നൈട്രോ സെപാം ഗുളികകളും സിറ്റി ഷാഡോ പൊലീസും സെന്‍ട്രല്‍ പൊലീസും ചേര്‍ന്നു പിടികൂടി. കന്യാകുമാരി സ്വദേശി കുളച്ച മണി എന്ന മണികണ്ഠന്‍, നാഗര്‍കോവില്‍ സ്വദേശി സുരേഷ് എന്നിവരാണ് അറസ്റ്റിലായത്.
നഗരത്തില്‍ ഒന്‍പതു കേന്ദ്രങ്ങളില്‍ ഇത്തവണ പുതുവല്‍സര റേവ് പാര്‍ട്ടിക്കു കോപ്പു കൂട്ടുന്നതായാണു പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം. ഗോവയിലെയും ബെംഗളൂരുവിലെയും പുതുവല്‍സര റേവ് പാര്‍ട്ടികള്‍ക്കു കൊച്ചിയില്‍നിന്നു പ്രത്യേക ബസില്‍ ആളെയെത്തിക്കാനുള്ള നീക്കം നേരത്തേ നടന്നിരുന്നു. എന്നാല്‍ ഈ രണ്ടിടത്തും ഇത്തവണ കര്‍ശന നിയന്ത്രണങ്ങളുണ്ടാകുമെന്നു ബോധ്യപ്പെട്ടതോടെയാണു സംഘം കൊച്ചിയില്‍ കൂടുതല്‍ പാര്‍ട്ടി കേന്ദ്രങ്ങള്‍ തുറക്കാന്‍ ആലോചിച്ചത്.
ഹോട്ടലുകള്‍ മാത്രമല്ല, ചില ഫ്‌ലാറ്റുകളും ഇതിനുള്ള കേന്ദ്രമാണ്. ലഹരി ഉപയോഗിച്ചുള്ള പാര്‍ട്ടികള്‍ക്ക് സമൂഹ മാധ്യമങ്ങള്‍ വഴി ആളുകളെ കണ്ടെത്തിക്കഴിഞ്ഞു. രണ്ടു ദിവസത്തേക്ക് ആവശ്യമായ ലഹരിമരുന്ന് ഉള്‍പ്പെടെയുള്ള പാക്കേജിനു പതിനായിരം രൂപ മുതലാണു നിരക്ക്. ലഹരി ഉപയോക്താവ് എന്ന നിലയില്‍ ഈ സമൂഹ മാധ്യമഗ്രൂപ്പുകളില്‍ കയറിപ്പറ്റിയാണു പൊലീസ് വിവരം ശേഖരിച്ചത്. തമിഴ്‌നാട് സ്വദേശികളിലേക്ക് എത്തിയതും ഈ നീക്കത്തിലൂടെയാണ്.
പൊലീസിനു സംശയം തോന്നാതെ കടത്തിക്കൊണ്ടു വരാനും ഉപയോഗിക്കാനുമുള്ള സൗകര്യം കണക്കിലെടുത്താണ് ലഹരി മാഫിയ ആംപ്യൂള്‍ വില്‍പനയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നു പൊലീസ് കരുതുന്നു. കാന്‍സര്‍ രോഗികള്‍ വേദനസംഹാരിയായി ഉപയോഗിക്കുന്ന ബ്യൂപ്രിനോര്‍ഫിന്‍ ആപ്യൂളുകള്‍ അതീവ നിയന്ത്രണങ്ങളോടെയാണു കേരളത്തിലെ മെഡിക്കല്‍ ഷോപ്പുകളില്‍ വില്‍ക്കുന്നത് എന്നതിനാല്‍ ഇവിടെ വന്‍ തോതില്‍ ലഭിക്കുക എളുപ്പമല്ല.
എന്നാല്‍ ഡല്‍ഹിയില്‍ നിന്ന് ഒരെണ്ണത്തിന് 30 രൂപ നിരക്കില്‍ ഇവ ലഭിക്കും. ആപ്യൂളുകള്‍ വന്‍തോതില്‍ ശേഖരിച്ച്, ട്രെയിന്‍ മാര്‍ഗം നഗരത്തില്‍ എത്തിച്ച് 1500 രൂപയ്ക്കാണ് ഇവര്‍ റേവ് പാര്‍ട്ടി സംഘങ്ങള്‍ക്കു വില്‍ക്കുന്നത്.
പുതുവല്‍സരം പ്രമാണിച്ചുള്ള ലഹരിപിടിത്തത്തിനായി ക്രൈം ഡിറ്റാച്ച്‌മെന്റ് അസി. കമ്മിഷണര്‍ ബിജി ജോര്‍ജിന്റെ നേതൃത്വത്തില്‍ സെന്‍ട്രല്‍ സിഐ എ. അനന്തലാല്‍, ഷാഡോ എസ്‌ഐ ഹണി കെ. ദാസ് എന്നിവരുള്‍പ്പെട്ട സംഘത്തെയാണു നിയോഗിച്ചിരിക്കുന്നത്. നഗരത്തിലേക്ക് സ്ഥിരമായി കഞ്ചാവും മറ്റു ലഹരി മരുന്നുകളും കടത്തുന്നവരുടെ നീക്കങ്ങള്‍ സൈബര്‍ സെല്‍ വഴിയും നിരീക്ഷിക്കുന്നുണ്ട്.