കുറലിലങ്ങാട്: കന്യാസ്ത്രീ പീഡനക്കേസില്‍ ഫ്രാങ്കോയ്ക്ക് അനുകൂലമായി കൂറുമാറിയ ഇടവക വികാരി ഫാദര്‍ നിക്കോളാസ് മണിപ്പറമ്പില്‍ കുറവിലങ്ങാട് മഠത്തിലെത്തി. വികാരിയുടെ സന്ദര്‍ശനം കന്യാസ്ത്രീകളെ സ്വാധീനിക്കാനെന്ന് സിസ്റ്റര്‍ അനുപമ. സമരം ചെയ്തതും പരാതി നല്‍കിയതും തെറ്റായി പോയെന്നും നിക്കോളാസ് കന്യാസ്ത്രീകളോട് പറഞ്ഞെന്നും സിസ്റ്റര്‍ അനുപമ വ്യക്തമാക്കി.
കന്യാസ്ത്രീകളെ സ്വാധീനിക്കാന്‍ വികാരി ഫാദര്‍ നിക്കോളാസ് മണിപ്പറമ്പില്‍ ശ്രമിച്ചെന്ന് ആരോപണം ഉയര്‍ന്നു. മാനസിക സമ്മര്‍ദമുണ്ടാക്കാനായിരുന്നു ഫാദര്‍ നിക്കോളാസിന്റെ ശ്രമം. സമരവും പരാതികളും സഭയ്‌ക്കെതിരാണെന്നു പറഞ്ഞ് കുറ്റബോധമുണ്ടാക്കാനാണ് ശ്രമിച്ചതെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു. ഫാദര്‍ നിക്കോളാസ് കുറവിലങ്ങാട് മഠത്തിലെത്തി കന്യാസ്ത്രീകളെ സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു പ്രതികരണം.
നേരത്തെ, ബിഷപ്പിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നു പൊലീസിനു മൊഴി നല്‍കിയ ഫാ.നിക്കോളാസ്, പിന്നീട് മലക്കം മറിഞ്ഞത് വിവാദത്തിലായിരുന്നു. ബിഷപ്പിനെതിരെ കന്യാസ്ത്രീകളുടെ പക്കല്‍ ശക്തമായ തെളിവുകളുണ്ടെന്നും അതില്‍ ചിലത് താന്‍ കണ്ടുവെന്നുമായിരുന്നു വൈദികന്റെ മൊഴി. എന്നാല്‍ കന്യാസ്ത്രീ തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്ന നിലപാടിലാണ് ഇപ്പോള്‍ ഫാ.നിക്കോളാസ്. ഞായറാഴ്ച കുര്‍ബാനയ്ക്കിടയിലെ പ്രസംഗത്തില്‍ കന്യാസ്ത്രീയെ വിമര്‍ശിക്കുകയും ചെയ്തു. പരാതിക്കാരിയായ കന്യാസ്ത്രീ പീഡനവിവരം ആദ്യം വെളിപ്പെടുത്തിയത് ഫാദര്‍ നിക്കോളാസിനോടായിരുന്നു.