കുരിശിന് പകരം ഫ്രാങ്കോ പിടിച്ചത്..? പിസി ജോര്‍ജും ശശി എംഎല്‍എയും കൂട്ടിനുള്ള കാര്‍ട്ടൂണ്‍ വിവാദത്തില്‍

തൃശൂര്‍: ലളിതകല അക്കാദമിയുടെ പുരസ്‌കാരം നേടിയ കാര്‍ട്ടൂണിന്റെ പേരില്‍ വിവാദം. കാര്‍ട്ടൂണിനെതിരെ പ്രതിഷേധവുമായി കെസിബിസി രംഗത്തെത്തി. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ പ്രതിസ്ഥാനത്തുള്ള ബിഷപ് ഫ്രാങ്കോയെയും അദ്ദേഹത്തെ പിന്തുണച്ച പി.സി ജോര്‍ജ് എം.എല്‍.എയേയും ലൈംഗികാരോപണം നേരിട്ട പി.കെ ശശി എം.എല്‍.എയേയും പശ്ചാത്തലമാക്കിയാണ് കാര്‍ട്ടൂണ്‍.

ബിഷപ് ഫ്രാങ്കോയുടെ പേര് പറഞ്ഞ് ക്രൈസ്തവ വിശ്വാസ പ്രതീകമായ നല്ല ഇടയന്റെ പ്രതീകത്തെയാണ് കുരിശിന് പകരം അപമാനകരമായ ചിഹ്നം വരച്ചു അവഹേളിച്ചിരിക്കുന്നത് എന്നാണ് കെസിബിസിയുടെ പ്രസ്താവനയില്‍ പറയുന്നത്. എന്നാല്‍ വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി എ.കെ ബാലന്‍ രംഗത്തെത്തി. കെ.കെ സുഭാഷിന്റെ ‘വിശ്വാസം രക്ഷതി’ എന്ന കാര്‍ട്ടൂണാണ് വിവാദമായത്. ‘ശ്രീ. എ. സതീഷ് കുമാറിന്റെ ‘സുഖമീ യാത്ര’ എന്ന കാര്‍ട്ടൂണിനും കാര്‍ട്ടൂണിസ്റ്റ് ഉണ്ണികൃഷ്ണന്റെ ‘പുലിപ്പാല്‍’ എന്ന രചനയ്ക്കും കാര്‍ട്ടൂണ്‍ ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌കാരം ജൂറിയുടെ തീരുമാനപ്രകാരം പ്രഖ്യാപിക്കുകയുണ്ടായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാന സര്‍ക്കാരിന് കീഴിലെ അക്കാദമികള്‍ എല്ലാം സ്വതന്ത്രമായ രീതിയിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. അവരുടെ ആഭ്യന്തര കാര്യങ്ങളില്‍ ഒരുവിധത്തിലുള്ള ഇടപെടലുകളും സര്‍ക്കാര്‍ നടത്താറില്ല. അവാര്‍ഡ് നിര്‍ണയം പോലെയുള്ള സുപ്രധാനമായ പരിപാടികളും ഏറ്റവും നിക്ഷ്പക്ഷവും സുതാര്യവുമായാണ് നടത്തിവരുന്നത്.

ഈ വര്‍ഷത്തെ ലളിതകലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ പുരസ്‌കാരം ലഭിച്ച കെ കെ സുഭാഷിന്റെ വിശ്വാസം രക്ഷതി എന്ന കാര്‍ട്ടൂണിനെ സംബന്ധിച്ച് ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഒരു പ്രത്യേക മതപ്രതീകങ്ങളെ അവഹേളിക്കുന്ന രീതിയിലും പ്രകോപനപരവുമായാണ് പ്രസ്തുത കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിട്ടുള്ളത് എന്നതാണ് ആക്ഷേപത്തിന്റെ കാതലായ ഭാഗം. അത്തരമൊരു ആക്ഷേപം ഉയര്‍ന്നുവന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഇക്കാര്യം പരിശോധിക്കുകയുണ്ടായി’- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

എന്നാല്‍ കാര്‍ട്ടൂണിനെ പിന്തുണച്ച് ലളിതകലാ അക്കാദമിയും രംഗത്തെത്തി. കാര്‍ട്ടൂണ്‍ അവാര്‍ഡിനെ കുറിച്ച് ഉണ്ടായ വിവാദം അത്യന്തം ഖേദകരമാണെന്ന് അക്കാദമി പ്രസ്താവനയില്‍ പറയുന്നു. അവാര്‍ഡ് നിര്‍ണയിച്ചത് കേരളത്തിലെ പ്രമുഖരായ കാര്‍ട്ടൂണിസ്റ്റുകള്‍ ഉള്‍പ്പെട്ട സമിതിയാണ്. അത് അംഗീകരിക്കേണ്ടത് കേരളീയ പൊതു സമൂഹത്തിന്റെ മാന്യതയാണ്. വിമര്‍ശനകലയായ കാര്‍ട്ടൂണിന്റെ കൈ കെട്ടിയാല്‍ അതിന്റെ അര്‍ത്ഥം തന്നെ നഷ്ടമാകും.

ഇന്ത്യയിലെത്തന്നെ പ്രമുഖ കാര്‍ട്ടൂണിസ്റ്റുകളുടെ നാടാണ് കേരളം. തന്റെ കലയിലൂടെആരെയും തുറന്ന് വിമര്‍ശിച്ച കുഞ്ചന്‍ നമ്പ്യാരുടെ മഹനീയ പൈതൃകം കേരളത്തിനുണ്ട്. പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിനെ നിരന്തരം വരകളിലൂടെ വിമര്‍ശിക്കാന്‍ സുഹൃത്തു കൂടിയായ കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ മടി കാണിച്ചിട്ടില്ല. അതിന്റെ പിന്തുടര്‍ച്ച മലയാളത്തിലെ കാര്‍ട്ടൂണിനുമുണ്ട് എന്നതില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു.

വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ താല്‍പര്യങ്ങളുടെ കണ്ണടകളിലൂടെ നര്‍മത്തെ കാണുന്നതും അധിക്ഷേപിക്കുന്നതും ദുഃഖകരമാണ്. തുറന്ന വിമര്‍ശനത്തിലൂടെ ഭരണകര്‍ത്താക്കളെ ഉള്‍പ്പടെ നിശിതമായി വിമര്‍ശിച്ച തിരഞ്ഞെടുപ്പ് കാലമാണ് ഈയടുത്ത് കഴിഞ്ഞത് .ചിരി വരയുടെ കൈ കെട്ടരുത് എന്ന് ഒരിക്കല്‍ക്കൂടി അഭ്യര്‍ത്ഥിക്കുന്നു. തുറന്ന മനസോടെ വിമര്‍ശനവരകള്‍ ആസ്വദിക്കാനുള്ള അന്തരീക്ഷം പുലരട്ടെ. ചിരിയും ചിന്തയും മായാതിരിക്കട്ടെ.

Top