കൊച്ചി:റിപ്പോർട്ടർ ചാനല്‍ തലവനായ നികേഷ് കുമാർ വർഷങ്ങളായി വാടക കൊടുക്കുന്നില്ല .ലക്ഷങ്ങളുടെ വാടക കുടിശിക ചോദിച്ചാൽ ഭീഷണിയും . റിപ്പോര്‍ട്ടര്‍ ചാനലിന്റെ തിരുവനന്തപുരം ബ്യൂറോ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ വാടക കൃത്യമായി നല്‍കാത്തതിനെ തുടര്‍ന്ന് പ്രവാസി വ്യവസായിയും കെട്ടിട ഉടമയുമായ ജേക്കബ് തോമസ് പരാതിയുമായി കോടതിയിലേയ്ക്ക് പോകേണ്ട ഗതികേടിലായിരിക്കയാണ് . കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി 15 ലക്ഷത്തോളം രൂപയാണ് തനിക്ക് നികേഷ് കുമാര്‍ നല്‍കാനുള്ളതെന്ന് കെട്ടിട ഉടമ പറയുന്നു.തിരുവനന്തപുരം ഏരീസ് പ്ലസ് തിയറ്റര്‍ കോംപ്ലക്സിന് എതിര്‍വശം സ്ഥിതി ചെയ്യുന്ന ഗള്‍ഫ് സ്റ്റാര്‍ എന്ന കെട്ടിടത്തിലെ രണ്ടാം നിലയിലാണ് റിപ്പോര്‍ട്ടര്‍ ചാനലിന്റെ ബ്യുറോയും സ്റ്റുഡിയോയും പ്രവര്‍ത്തിക്കുന്നത്. 2012 മുതലാണ് ചാനലിന്റെ പ്രവര്‍ത്തനം ഇവിടെ ആരംഭിക്കുന്നത്. നാല്‍പതിനായിരം രൂപ മാസ വാടകയിനത്തല്‍ കരാര്‍ ഒപ്പ് വച്ചായിരുന്നു കെട്ടിടം വാടകയ്ക്ക് നല്‍കിയത്. രണ്ട് വര്‍ഷമായി വാടക നൽകാത്തതിനെ തുടർന്ന് കെട്ടിടം ഒഴിഞ്ഞു നൽകാൻ ആവശ്യപ്പെട്ടിട്ടും ഇതിനൊന്നിനും തയ്യാറാകുന്നില്ലെന്നും വാടക ചോദിച്ച് ചെല്ലുമ്പോൾ അപമര്യാദയായിട്ടാണ് ചില ജീവനക്കാര്‍ പെരുമാറുന്നതെന്നും കെട്ടിട മുതലാളി ജേക്കബ് തോമസ് പ്രതികരിക്കുന്നു.
ആദ്യത്തെ ആറ് മാസം കൃത്യമായി വാടക നല്‍കിയിരുന്നു. പിന്നീട് ചെറിയ മുടക്കങ്ങള്‍ വരാൻ തുടങ്ങി. രണ്ട് മാസത്തെ വാടക ഒരുമിച്ചും പിന്നീട് നാല് മാസം ആകുമ്പോൾ ഒരു മാസത്തെ വാടകയും അതിന് ശേഷം ആറ് മാസമാകുമ്പോൾ ഒരുമിച്ച് രണ്ട് മാസത്തെ എന്നീ കണക്കിനായിരുന്നു വാടക നല്‍കിയിരുന്നത്. പിന്നീട് ഒഴിഞ്ഞു മാറാൻ ആവശ്യപ്പെടുമ്പോൾ വാടക ഉടനെ തരാം എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറും. രണ്ടാമത്തെ തവണ കരാര്‍ ഒപ്പിട്ട ശേഷവും ഇത് പുതുക്കാനുള്ള മര്യാദ പോലും നികേഷ് കാണിച്ചില്ലെന്നും ഉടമ പറയുന്നു.
നികേഷ്കുമാറിനെ വിളിച്ച് വാടകയുടെ കാര്യം നേരിട്ട് പറയാന്‍ തുടങ്ങിയതോടെ നികേഷിന്റെ വാക് സമർഥ്യത്തിൽ താൻ വീണു പോയതായും ഉടമ പറയുന്നു. ആദ്യമൊക്കെ ഫോണെടുത്ത് കാര്യം പറയുമായിരുന്നു. പിന്നീട് വിളിച്ചാല്‍ ഫോണെടുക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. അയ്യോ നിങ്ങളുടെ വാടക ഇത് വരെ കിട്ടിയില്ലേ, ഞാന്‍ പറഞ്ഞതാണല്ലോ എത്രയും വേഗം നല്‍കണമെന്ന്, ഞാന്‍ ഒന്ന് അന്വേഷിക്കട്ടെ കേട്ടോ എന്നിങ്ങനെ പറഞ്ഞ് ഒഴിഞ്ഞ് മാറാൻ തുടങ്ങിയെന്നും ഉടന്‍ തരാം എന്ന പതിവ് പല്ലവി തുടങ്ങിയിട്ട് ഇപ്പോള്‍ വര്‍ഷം രണ്ട കഴിഞ്ഞുവെന്നും ഉടമ പറയുന്നു.
നികേഷിന്റെ എല്‍ഡിഎഫ് ബന്ധം പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നതായും ഉടമ പറയുന്നു. ഇതോടെയാണ് സഹികെട്ട കെട്ടിട ഉടമ നിയമ നടപടിയുമായി മുന്നോട്ട് പോയത്. കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ച് ഇപ്പോഴും മുന്നോട്ട് പോകുന്നുവെന്ന് കാണിച്ച് തിരുവനന്തപുരം റെന്റ് കണ്‍ട്രോള്‍ കോടതിയില്‍ പരാതി സമര്‍പ്പിക്കുന്നത്. കേസ് നല്‍കി മൂന്ന് മാസത്തോളം വാദം തുടര്‍ന്നു. ചാനലിന്റെ അഭിഭാഷകനായി എത്തിയ ആള്‍ പിന്നീട് കേസ് വേറൊരാള്‍ക്ക് കൈമാറി മടങ്ങി. മൂന്ന് മാസത്തോളം നടപടി ക്രമങ്ങള്‍ പുരോഗമിച്ച ശേഷം ജഡ്ജി അവിടെ നിന്നും മാറി പോയി. ഏകദേശം 10 മാസം കഴിഞ്ഞിട്ടും പുതിയ നിയമനം നടന്നിട്ടില്ല. ഇത് കാരണം വാടകയുമില്ല കെട്ടിടവുമില്ലെന്ന അവസ്ഥയിലാണ് ഈ പ്രവാസി വ്യവസായി.