കോഴിക്കോട്: നിപ്പാവൈറസ് ബാധയെത്തുടര്‍ന്നു കോഴിക്കോട്, മലപ്പുറം ജില്ലകളിലെവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് 12 ലേക്കു നീട്ടിവച്ചതായി കോഴിക്കോട് ജില്ലാകളക്ടര്‍ യു.വി. ജോസ്, മലപ്പുറം ജില്ലാ കളക്ടർ അമിത് മീണ എന്നിവർ അറിയിച്ചു.കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ 12 വരെ പൊതുപരിപാടികള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുമുണ്ട്. ആളുകള്‍ ഒന്നിച്ചു ചേരുന്നതും മറ്റും നിയന്ത്രിക്കണമെന്നും ജില്ലാ കളക്ടര്‍അറിയിച്ചു.
പ്രഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. സിബിഎസ്ഇ, ഐസിഎസ്ഇ ഉൾപ്പെടെയുള്ള സർക്കാർ/സ്വകാര്യ സ്കൂളുകൾ, കോളജുകൾ, എൻട്രൻസ്- പിഎസ‌്സി പരിശീലന സ്ഥാപനങ്ങൾ, മദ്രസകൾ, ട്യൂഷൻ ക്ലാസുകൾ, അങ്കണവാടികൾ എന്നിവ ഉൾപ്പടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. അവധിദിവസങ്ങളിൽ അധ്യാപകർ സ്ഥാപനങ്ങളിൽ വരേണ്ടതില്ല. ഇതു സംബന്ധിച്ചുള്ള വിവരം എല്ലാ സ്കൂളുകൾക്കും നൽകാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് കളക്ടർ നിർദേശിച്ചു.
ദേശീയതലത്തിലുള്ള യുപിഎസ്‌സി പരീക്ഷ മാറ്റിവയ്ക്കാന്‍ കഴിയില്ലെങ്കിലും പ്രത്യേക ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കോഴിക്കോട് കളക്ടർ അറിയിച്ചു. പരീക്ഷാ സെന്‍ററുകളിലെത്തുന്നവര്‍ക്ക് ഏതെങ്കിലും രീതിയില്‍ പനിയോ മറ്റ് അസുഖങ്ങളോ ഉണ്ടെങ്കില്‍ അക്കാര്യം പ്രത്യേകമായി ശ്രദ്ധിച്ച് നടപടികള്‍ സ്വീകരിക്കും.വയനാട് ജില്ലയിൽ പൊതുപരിപാടികൾക്ക് താത്കാലിക നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. യോഗങ്ങൾ, പൊതുചടങ്ങുകൾ, പ്രകടനങ്ങൾ എന്നിവ ഒഴിവാക്കാനാണ് നിർദേശം.
കോഴിക്കോട് ജില്ലയിൽനിന്ന് നിരവധി രോഗികളെത്തുന്ന വയനാട്ടിലെ രണ്ട് പാരന്പര്യ ചികിത്സാ കേന്ദ്രങ്ങൾ താത്കാലികമായി അടച്ചിടാനും നിർദേശിച്ചിട്ടുണ്ട്. നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുന്നവർക്കെതിരേ നടപടി സ്വീകരിക്കാൻ മലപ്പുറം കളക്ടർ ആർഡിഒയ്ക്ക് നിർദേശം നൽകി.മലപ്പുറത്ത് കിലയുടെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്കായി നടത്താൻ നിശ്ചയിച്ച പരിശീലന പരിപാടി മാറ്റിവയ്ക്കാൻ ഡയറക്ടറോട് ആവശ്യപ്പെടുമെന്നും കളക്ടർ അറിയിച്ചു. നിപ്പാ വൈറസ് വ്യാപനം സംബന്ധിച്ചുള്ള ആശങ്കയുടെ ഘട്ടം 11ന് തീരുമെന്നാണ് ആരോഗ്യ വകുപ്പ് കണക്കുകൂട്ടുന്നത്.
പ്രതി വവ്വാലല്ല !
നിപ്പാ വൈറസ് ബാധയുടെ ഉറവിടത്തിന് കാരണമാണെന്ന് സംശയിച്ച പഴംതീനി വവ്വാലുകളിലും നിപ്പാ വൈറസില്ലെന്ന് പരിശോധനാ ഫലം. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസിലെ(എന്‍ഐഎസ്എച്ച്എഡി) പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
മൂന്ന് വവ്വാലുകൾ, വവ്വാലുകളുടെ മൂത്രം, കാഷ്ഠം എന്നിവയുടെ 10 സാമ്പിളുകൾ, സൂപ്പിക്കടയിലെ മൂസയുടെ വീട്ടിലെ മുയലിന്‍റെ രക്തം, ഇവയുടെ മുക്കിലെ സ്രവം, സിറം എന്നിവയായിരുന്നു പരിശോധനയ്ക്കയച്ചത്. ഇതിലൊന്നും നിപ്പാവൈറസ് ഇല്ലെന്നാണ് ഇപ്പോൾ പരിശോധയിൽ വ്യക്തമായത്. ലക്ഷത്തിൽ നാല് വവ്വാലുകൾ എന്ന രീതിയിൽ മാത്രമേ നിപ്പാ വൈറസ് ഉണ്ടാകാൻ സാധ്യതയുള്ളൂ എന്നതിനാൽ ഇത് അന്തിമഫലമായി വിലയിരുത്താനാകില്ല. അതേസമയം വിശദമായ നിരീക്ഷണം ഇനിയും തുടരാനാണ് മൃഗസംരക്ഷണവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. പ്രദേശത്തെ മനുഷ്യരൊഴികെയുള്ള എല്ലാ ജീവജാലങ്ങളുടെയും സാമ്പിളുകള്‍ വീണ്ടും ഭോപ്പാലിലേക്ക് അയയ്ക്കുമെന്നു ജില്ലാമൃഗസംരക്ഷണ ഓഫീസർ ഡോ. എ.സി. മോഹന്‍ദാസ് അറിയിച്ചു.
ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച സൂപ്പിക്കടയിലെ വീടിനു പിറകിലുള്ള കാടുപിടിച്ച സ്ഥലത്തെ മരത്തില്‍ നിന്നുള്ള വവ്വാലിനെയാണ് പിടികൂടി പരിശോധനയ്ക്ക് അയച്ചത്. നിപ്പാ വൈറസ് ബാധയ്ക്ക് കാരണം പ്രാണിതീനി വവ്വാലുകളല്ലെന്ന് ആദ്യ പരിശോധനയിൽ വ്യക്തമായിരുന്നു.കേരളം സന്ദർശിക്കാൻ ഭയം വേണ്ട: ഐഎംഎ ദേശീയ പ്രസിഡന്‍റ് .തിരുവനന്തപുരം: നിപ്പാ വൈറസിൽ ഭീതി വേണ്ടെന്ന് ഐഎംഎ ദേശീയ പ്രസിഡന്‍റ് ഡോ. രവിവഡേക്കർ.
കോവളത്ത് ആരംഭിച്ച രാജ്യാന്തര സെമിനാറിന്‍റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലാണിതു പറഞ്ഞത്. 300ഓളം ഡോക്ടർമാർ സമ്മേളനത്തിനു എത്തിയത് അതിനു തെളിവാണെന്നും അദ്ദേഹം പറഞ്ഞു. മുൻപരിചയമില്ലാതിരുന്നിട്ടും പ്രത്യേക ഉപകരണങ്ങളോ പരിശീലനമോ കൂടാതെ ഇവിടത്തെ ഡോക്ടർമാർ നിപ്പാ ബാധ തിരിച്ചറിച്ചു. അതിൽ ഇന്ത്യൻ ഡോക്ടർമാർക്കാകെ അഭിമാനിക്കാം. മറ്റു രാജ്യങ്ങളിൽ നിപ്പാ തിരിച്ചറിയാൻ മാസങ്ങളെടുക്കുന്പോഴാണ് വളരെ പെട്ടെന്നുതന്നെ നിപ്പാ കേരളം തിരിച്ചറിഞ്ഞത്.നിപ്പാ പ്രതിരോധത്തിൽ സർക്കാരും ഏജൻസികളും സ്വീകരിച്ച നടപടി അഭിനന്ദനാർഹമാണെന്നും ഐഎംഎ ദേശീയ പ്രസിഡന്‍റ് ചൂണ്ടിക്കാട്ടി.


