വി.കുര്‍ബാന സ്വീകരണം കൈയില്‍ മാത്രം.നിപ്പ ആശങ്കയില്‍ കര്‍ശന നിയന്ത്രണങ്ങളുമായി കത്തോലിക്കാ സഭ

കോഴിക്കോട്: നിപ്പ വൈറസ് ആശങ്കയില്‍ കര്‍ശന നിയന്ത്രണങ്ങളുമായി കത്തോലിക്കാ സഭ. നിപ്പ വൈറസിന്റെ രണ്ടാം ഘട്ടവും പിടിമുറുക്കിയതോടെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയ പശ്ചാത്തലത്തിലാണ് സഭയും കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. കര്‍ശന നിയന്ത്രണങ്ങള്‍ സംബന്ധിച്ച് താമരശ്ശേരി രൂപത മെത്രാന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പുറത്തിറക്കിയ സര്‍ക്കുലറിലാണ് വ്യക്തമാക്കിയിരിക്കുന്നത്. വി. കുര്‍ബാനയ്ക്കിടയില്‍ നല്‍കുന്ന വി. കുര്‍ബാന സ്വീകരണം ഇനി നിശ്ചിത കാലത്തേക്ക് കൈകളില്‍ മാത്രമേ നല്‍കൂവെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.ജൂണ്‍ മൂന്നിന് തുടങ്ങാനിരുന്ന മതബോധന ക്ലാസുകള്‍ ജൂണ്‍ പത്തിലേക്ക് മാറ്റിവെച്ചിട്ടുണ്ട്. നേരത്തെ കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലും തലശ്ശേരി വിദ്യഭ്യാസ ജില്ലയിലേയും സ്‌കൂളുകള്‍ തുറക്കുന്നതും നിപ്പയു െടപശ്ചാത്തലത്തില്‍ ണനീട്ടിവെച്ചിരിക്കുകയാണ്.

നിപ്പ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിവാഹം, മാമ്മോദീസ, വീടു വെഞ്ചരിപ്പ് ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ മാറ്റി വെയ്ക്കണമെന്ന് പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിപ്പ ആശങ്ക മാറുന്നതുവരെ കുടുംബ കൂട്ടായ്മകള്‍ കൂടുന്നതിനും രൂപതയുടെ കീഴില്‍ വിലക്കിയിരിക്കുകയാണ്. അത്യാവശ്യമല്ലാത്ത യാത്രകളും, സമ്മേളനങ്ങളും, ആഘോഷങ്ങളും കഴിവതും മാറ്റിവെയ്ക്കാനും സര്‍ക്കുലറില്‍ പറയുന്നുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ്, ബാലുശേരി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊടിയത്തൂരില്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തി. നിപ്പ ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് 18 പേരാണ് മരണമടഞ്ഞത്. 18 പേരിലാണ് രോഗം ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിപ്പയുടെ ഉറവിടം കണ്ടെത്താൻ പഠനം തുടരും

അതേസമയം നിപ പരിശോധിച്ച പഴംതീനി വാവലുകളിലൊന്നും നിപ്പ സാന്നിധ്യം കണ്ടെത്താത്ത സാഹചര്യത്തിൽ ഉറവിടത്തിനായി പഠനങ്ങൾ തുടരേണ്ടിവരുമെന്ന് മൃഗസംരക്ഷണ വകുപ്പ്. ഭോപ്പാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസിൽ പരിശോധിച്ച സാംപിളുകൾ നെഗറ്റിവാണ്. എന്നാൽ പഴംതീനി വാവലുകളല്ല വൈറസ് വാഹകരെന്ന് ഇതിനർഥമില്ല. കൂടുതൽ സാംപിളുകൾ ശേഖരിച്ചു പരിശോധിക്കുകയാണ് ഇനിവേണ്ടതെന്നും ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ. എ.സി. മോഹൻദാസ് പറഞ്ഞു. ചങ്ങരോത്തുള്ള ജാനകിക്കാട്ടിൽനിന്നു ശേഖരിച്ച പഴംതീനി വവ്വാലുകളിലെ സാംപിളുകളിൽ നിപ്പ വൈറസിന്റെ സാന്നിധ്യമില്ലെന്ന റിപ്പോർട്ട് ഇന്നു പുറത്തുവന്നിരുന്നു. ഭോപ്പാലിലെ അതിസുരക്ഷാ ലാബിൽനിന്നുള്ള പരിശോധനാഫലമാണ് പുറത്തുവന്നത്. വവ്വാലുകളുടെ രക്തവും സ്രവവും വിസർജ്യവുമുൾപ്പെടെ 13 സാംപിളുകളാണു പരിശോധിച്ചത്.

പേരാമ്പ്രയിൽ മൂന്നു പേർ മരിച്ച വീട്ടിലെ കിണറ്റിൽനിന്നു പിടിച്ച ഷഡ്പദങ്ങളെ തിന്നുന്ന വവ്വാലല്ല രോഗം പരത്തിയതെന്ന് നേരത്തെ തെളിഞ്ഞിരുന്നു. രക്തം, സ്രവം, വിസർജ്യം ഉൾപ്പെടെയുള്ള സാംപിളുകളാണു ഭോപ്പാലിലെ ലാബിൽ പരിശോധിച്ചത്. പശു, ആട്, പന്നി സാംപിളുകളിലും വൈറസ് സാന്നിധ്യം കണ്ടെത്താനായിരുന്നില്ല. പിടിച്ച വവ്വാലുകൾ പ്രാണികളെ ഭക്ഷിക്കുന്ന ഇനം (ഇൻസെക്ടിവോറസ് ബാറ്റ് – മെഗാഡെർമ സ്പാസ്മ) ആയതിനാൽ വിദഗ്ധർ നേരത്തേ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു.

പകരുന്നത് വവ്വാൽ വഴിയോ? തെളിവില്ല

ഇന്ത്യയിൽ ആദ്യത്തെ നിപ്പ വൈറസ് ബാധയുണ്ടായ ബംഗാളിലെ സിലിഗുഡിയിലും വവ്വാലുകളെയാണ് ആദ്യം സംശയിച്ചതെങ്കിലും സ്ഥിരീകരിക്കാനായിരുന്നില്ല. തൊട്ടടുത്ത ബംഗ്ലദേശിൽ ഈ വൈറസ് ബാധിച്ചിരുന്നതിനാൽ അവിടെ നിന്ന് ആരെങ്കിലും രോഗവുമായി എത്തിയതാകാം എന്ന നിഗമനത്തിലാണ് അന്ന് എത്തിയത്. രോഗം പകർത്തിയ മൃഗങ്ങളെയോ പക്ഷികളെയോ കണ്ടെത്താൻ ഒരു പഠനവും സിലിഗുഡിയിൽ നടത്തിയതുമില്ല– ലോകാരോഗ്യ സംഘടനയും പുണെയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും നടത്തിയ രണ്ടു പഠനങ്ങളിലാണ് ഇക്കാര്യം പറയുന്നത്.

‘റൈബവൈറിൻ’ ഫലപ്രദം

നിപ്പ വൈറസിനു ഫലപ്രദമായ പ്രതിരോധ മരുന്ന് കണ്ടെത്തിയിട്ടില്ലെങ്കിലും ‘റൈബവൈറിൻ’ കുറച്ചൊക്കെ രോഗശമനത്തിനു സഹായകമാകുമെന്നു ലോകാരോഗ്യ സംഘടനയുടെ പഠനം പറയുന്നു. വിറയൽ, ഛർദ്ദി തുടങ്ങിയവ നിയന്ത്രിക്കാൻ ഇതു സഹായിക്കും. പനി നിയന്ത്രിക്കുക, ന്യൂറോളജിക്കൽ ലക്ഷണങ്ങൾ ചികിത്സിക്കുക എന്നിവയും പ്രധാനമാണ്. ആൽ വാക് കാനറി പോക്സ് വെക്റ്റോറെഡ് നിപ്പ എഫ് ആൻഡ് ജി വാക്സിൻ പന്നികളിൽ പരീക്ഷിച്ച് ഫലപ്രദമാണെന്ന് കണ്ടിട്ടുണ്ട്. ഇതു മനുഷ്യർക്കും ഉപയോഗിക്കാവുന്ന വാക്സിൻ ആണോ എന്ന പരീക്ഷണം തുടരുകയാണെന്നു ലോകാരോഗ്യ സംഘടനയുടെ പഠനം പറയുന്നു.

 

Top