മലപ്പുറം: നിറപറ കറിപൗഡറിനെതിരെ വീണ്ടും ഗുരുതരമായ ആരോപണം. നേരത്തെ നിറപറയുടെ കറിപൗഡറുകളില്‍ അളവില്‍ കൂടുതല്‍ അന്നജം കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു. നിറപറയുടെ നിരവധി ഉല്‍പ്പനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മലപ്പുറത്ത് ചിക്കന്‍ മസാലയില്‍ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയത്.
മപ്പുറം തിരൂര്‍ സ്വദേശി ടി.കെ മുസ്തഫ ഇന്നലെ വാങ്ങിയ നിറപറ ചില്ലി ചിക്കന്‍ മസാല പൗഡറിലാണ് ജീവനുള്ള പുഴുക്കളെ കണ്ടെത്തിയിരിക്കുന്നത്. 2015 ജൂണ്‍ അഞ്ചിന് പാക്ക് ചെയ്ത മസാല പൗഡറിന് നാലു മാസം കൂടി കാലാവധിയുണ്ട്. എന്നാല്‍ കാലാവധി തീരും മുമ്പ് ചിക്കന്‍ പൗഡറില്‍ കറുത്തതും വെളുത്ത നിറത്തിലുമുള്ള പുഴുക്കളും കൂടാതെ നിറവ്യത്യാസവും കണ്ടെത്തിയിട്ടുണ്ട്. ഇതേതുടര്‍ന്നാണ് നടപടി ആവശ്യപ്പെട്ട് നിറപറക്കെതിരെ ഉപഭാക്താവ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി സമര്‍പ്പിച്ചത്. എന്നാല്‍ പരാതി ഒതുക്കി തീര്‍ക്കാനായി പണവും മറ്റു ഓഫറുകളും നല്‍കി നിറപറ അധികൃതരും സമ്മര്‍ദവുമായെത്തിയിട്ടുണ്ട്.
തിരൂര്‍ മുത്തൂര്‍ സ്വദേശിയായ മുസ്തഫ ഇന്നലെ തിരൂരിലെ സബീല്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നാണ് 28 രൂപയുടെ നൂറ് ഗ്രാം പാക്കറ്റ് ചിക്കന്‍ മസാലപ്പൊടി വാങ്ങിയത്. വീട്ടിലെത്തിയ ശേഷം പാക്കറ്റ് പൊട്ടിച്ച് കുപ്പിയിലേക്ക് മാറ്റുമ്പോഴായിരുന്നു പുഴുക്കള്‍ പൊന്തിവരുന്നതായി കണ്ടത്. തുടര്‍ന്ന് പാക്കറ്റില്‍ തന്നെ മാസാലപ്പൊടി നിക്ഷേപിച്ച് വാങ്ങിയ സൂപ്പര്‍മാര്‍ക്കറ്റിനെ സമീപിച്ചു. വിഷയം നിറപറ അധികൃതരെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ അറിയിച്ചെങ്കിലും സംഭവം പുറത്തു പറയരുതെന്നും പ്രശ്‌നം പരിഹരിക്കാമെന്നും മറുപടി നല്‍കി.സംഭവം പുറത്തറിയണമെന്നും ജനങ്ങള്‍ ഇനി വഞ്ചിതരാവരുതെന്നും വ്യക്തമാക്കി മുസ്തഫ കറിപൗഡറുമായി മുനിസിപ്പല്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ച് പരാതി സമര്‍പ്പിച്ചു.
എന്നാല്‍ പരാതി നല്‍കിയ വിവരം പുറത്തറിഞ്ഞതോടെ സംഭവം ഒതുക്കി തീര്‍ക്കാനുള്ള ശ്രമവുമായി നിറപറ ഡിസ്ഡ്രിബ്യൂട്ടേഴ്‌സ് സമ്മര്‍ദവുമായെത്തി. നഗരസഭാ ഭരണ സമിതിയെയും പരാതിക്കാരെയും ഇവര്‍ സമീപിച്ചെങ്കിലും വിട്ടുവീഴ്ച ചെയ്യാന്‍ നഗരസഭയും പരാതിക്കാരനും തയ്യാറായില്ല. ഇതിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് പരാതിക്കാരനായ മുസ്തഫ, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ എന്നിവര്‍ വ്യക്തമാക്കി. നേരത്തെ നിറപറയില്‍ മായം കണ്ടെത്തിയതിനെ തുടര്‍ന്ന് നടപടിയെടുത്ത ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ടിവി അനുപമക്കെതിരെ ഇവര്‍ നീക്കം നടത്തിയിരുന്നു. അനുപമയുടെ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് അനുകൂലമായ വിധി നേടുകയായിരുന്നു.