മലപ്പുറം: ചിക്കന്‍ മസാലയില്‍ പുഴുക്കളെ കണ്ടെത്തിയ പരാതിയില്‍ നിറപറക്കെതിരെ സംസ്ഥാന ഫുഡ് ആന്‍ഡ് സേഫ്റ്റി കമ്മീഷണര്‍ ശക്തമായ നടപടിയ്ക്ക്. കഴിഞ്ഞ ദിവസം മലപ്പുറം നഗരസഭാ ആരോഗ്യവിഭാഗത്തില്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെ കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം ഫൂഡ് ആന്‍ഡ് സേഫ്റ്റി മൊബൈല്‍ വിജിലന്‍സ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പരിശോധന നടത്തി. പരാതിക്കാരനായ ഉപഭോക്താവില്‍ നിന്നും തെളിവുകള്‍ ശേഖരിക്കുകയും പരാതി സ്വീകരിക്കുകയും ചെയ്തു. ചിക്കന്‍ മസാലയില്‍ മാരകയമായ തോതില്‍ മായം ചേര്‍ത്തതായാണ് സംശയിക്കുന്നത്.
തിരൂരിലെത്തിയ ഉദ്യോഗസ്ഥരാണ് പരാതിക്കാരനില്‍ നിന്ന് തെളിവുകള്‍ ശേഖരിച്ചത്. ഒരു മണിക്കൂറിലധികം പരിശോധ നീണ്ടു. നിറപറയുടെ ചിക്കന്‍ ചില്ലി മസാല പൗഡര്‍ പാക്കറ്റില്‍ ജീവനുള്ള പുഴുക്കളും പ്രാണികളും ഉള്ളതായി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. പൗഡറില്‍ വലിയ തോതില്‍ മായം ചേര്‍ത്തിട്ടുണ്ടോയെന്നും പരിശോധനക്ക് ശേഷം ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചു. ചിക്കന്‍ മസാലയുടെ പാക്കറ്റ് സീല്‍ വച്ച ശേഷം പരിശോധനക്കായി ഉദ്യോഗസ്ഥര്‍ കൊണ്ടുപോയി. സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയതിന്റെ ബില്ലും ഉപഭോക്താവില്‍ നിന്നുള്ള പരാതിയും തെളിവായി സ്വീകരിച്ചിട്ടുണ്ട്.
പരാതി സ്വീകരിച്ച ശേഷം ചിക്കന്‍ മസാല വാങ്ങിയ തിരൂരിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ പരിശോധന നടത്തുകയും മസാലപ്പൊടി ഇവിടെ നിന്നും വാങ്ങിയതാണെന്നും സ്ഥിരീകരിച്ചു.ഫൂഡ് ആന്‍ഡ് സേഫ്റ്റി കോഴിക്കോട് റീജണല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍ ഹലീല്‍, മൊബൈല്‍ വിജിലന്‍സ് ഓഫീസര്‍ പി.ജെ വര്‍ഗീസ് എന്നിവരാണ് അനുപമ ഐ.എ.എസിന്റെ നിര്‍ദ്ദേശപ്രകാരം ഉപഭോക്താവിനെ സമീപിച്ച് പരാതി സ്വീകരിച്ചത്.
രണ്ട് ദിവസത്തിനുശേഷം പരിശോധനാ ഫലം ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ. പിടിച്ചെടുത്ത പാക്കറ്റിന്റെ അതേ ബാച്ച് നമ്പറിലുള്ള ചിക്കന്‍ ചില്ലി മാസാലപ്പൊടി കണ്ടെടുക്കുന്നതിനായി ഫൂഡ് ആന്‍ഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ മെസേജ് അലര്‍ട്ട് കൈമാറിയിട്ടുണ്ട്.സംസ്ഥാനത്തെ മുഴുന്‍ ജില്ലകളിലേക്കും സന്ദേശം കൈമാറിയതായും ഉതുപ്രകാരം ഇതേ ബാച്ചിലെ മറ്റു പാക്കറ്റുകളും പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പുഴക്കള്‍ അതേ ബാച്ചില്‍ മറ്റ് ജില്ലകളിലും കണ്ടെത്തിയാല്‍ നിറപറ ഉല്‍പ്പനങ്ങള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും ഫുഡ് ആന്റ് സേഫ്റ്റി വിഭാഗം അറിയിച്ചു. നേരത്തെ അളവില്‍ കൂടുതല്‍ അന്നജം നിറപറ ഉല്‍പ്പനങ്ങളില്‍ കണ്ടതിനെ തുടര്‍ന്ന് നിറപറയുടെ ചില ഉല്‍പ്പനങ്ങള്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം നിരോധിച്ചിരുന്നു. ഇപ്പോള്‍ ചിക്കന്‍ മസാലയില്‍ പുഴു കണ്ടെത്തിയ സംഭവ ഗൗരവമായാണ് ഭക്ഷ്യസുരക്ഷാ വിഭാഗം കൈകാര്യം ചെയ്യുന്നത്.
തിരൂര്‍ മുത്തൂരില്‍ താമസക്കാരനും താനൂര്‍ കെ.പുരം സ്വദേശിയുമായ കെ.ടി മുസ്തഫ തിങ്കളാഴ്ചയായിരുന്നു തിരൂരിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ചിക്കന്‍ മസാല വാങ്ങിയത്. 28 രൂപയുടെ നൂറ് ഗ്രാം പാക്കറ്റ് ചിക്കന്‍ മസാലപ്പൊടിയായിരുന്നു. വീട്ടിലെത്തിയ ശേഷം പാക്കറ്റ് പൊട്ടിച്ച് കുപ്പിയിലേക്ക് മാറ്റുമ്പോഴായിരുന്നു പുഴുക്കള്‍ പൊന്തിവരുന്നതായി കണ്ടത്. 2015 ജൂണ്‍ അഞ്ചിന് പാക്ക് ചെയ്ത മസാല പൗഡറിന് നാലു മാസം കൂടി കാലാവധിയുണ്ട്. എന്നാല്‍ കാലാവധി തീരുംമുമ്പ് ചിക്കന്‍ പൗഡറില്‍ കറുത്തതും വെളുത്ത നിറത്തിലുമുള്ള പുഴുക്കളും കൂടാതെ നിറ വ്യത്യാസവും കണ്ടെത്തിയിട്ടുണ്ട്.