നിർഭയ കേസിലെ മുഖ്യ പ്രതി മുകേഷ് സിംഗ് നൽകിയ ഹർജി സുപ്രീം കോടതി തളളി. ദയാഹർജി രാഷ്ട്രപതി നിരസിച്ചതിനെതിരെ നൽകിയ ഹർജിയാണ് തളളിയത്. അടിയന്തര പ്രാധാന്യത്തോടെയാണ് ഹർജി സുപ്രീം കോടതി പരിഗണിച്ചത്. രാഷ്ട്രപതിയുടെ തീരുമാനത്തിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
രാഷ്ട്രപതിയുടെ തീരുമാനം പുനപരിശോധിക്കാന്‍ പരിമിതമായ അധികാരം മാത്രമാണ് ഉളളത് എന്ന് ഇന്നലെ തന്നെ കോടതി വാക്കാൽ സൂചിപ്പിച്ചിരുന്നു. ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബഞ്ചാണ് മുകേഷ് സിംഗ് നല്‍കിയ ഹര്‍ജി തളളിയിരിക്കുന്നത്. ജയിലില്‍ വെച്ച് പീഡിപ്പിക്കപ്പെടുന്നു എന്ന ആരോപണം രാഷ്ട്രപതിയുടെ തീരുമാനം പുനപരിശോധിക്കാനുളള കാരണമാകുന്നില്ല എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
പ്രതികള്‍ തീഹാര്‍ ജയിലില്‍ വെച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നു എന്ന് മുകേഷ് സിംഗിന്റെ അഭിഭാഷകയായ അഞ്ജന പ്രകാശ് കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കോടതി തനിക്ക് മരണശിക്ഷ മാത്രമാണ് വിധിച്ചത്, പീഡിപ്പിക്കപ്പെടുവാനാണോ വിധിച്ചത് എന്ന് പ്രതിക്ക് വേണ്ടി അഭിഭാഷക ചോദിച്ചിരുന്നു.
മാത്രമല്ല 2012ലെ നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ പ്രതിയായ രാം സിംഗിന്റെ മരണം കൊലപാതകമാണ് എന്നും മുകേഷ് സിംഗിന്റെ അഭിഭാഷക ആരോപിച്ചു. 2013 മാര്‍ച്ചില്‍ രാം സിംഗിനെ ജയിലിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാം സിംഗിനെ കൂടാതെ മുകേഷ് സിംഗ്, പവന്‍ ഗുപ്ത, വിനയ് കുമാര്‍ ശര്‍മ, അക്ഷയ് കുമാര്‍ എന്നിവരാണ് നിര്‍ഭയ കേസിലെ പ്രതികള്‍. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയിരുന്നു.
ദില്ലി കോടതി കേസിലെ നാല് പ്രതികള്‍ക്കുമെതിരെ മരണ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഫെബ്രുവരി 1ന് രാവിലെ 6 മണിക്ക് പ്രതികളെ തൂക്കിലേറ്റാനാണ് വാറണ്ട്. ജനുവരി 22ന് രാവിലെ 7 മണിക്ക് വധശിക്ഷ നടപ്പിലാക്കാനായിരുന്നു കോടതി ആദ്യം ഉത്തരവിട്ടത്. എന്നാല്‍ മുകേഷ് സിംഗ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയതോടെ ആദ്യത്തെ മരണവാറണ്ട് കോടതി റദ്ദ് ചെയ്തു. രാഷ്ട്രപതി ദയാഹര്‍ജി തളളിയതിന് പിന്നാലെ പുതിയ മരണവാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. പ്രതിയായ അക്ഷയ് കുമാര്‍ വിധിക്കെതിരെ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.