തിരുവനന്തപുരം: കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കുകയെന്ന ബിജെപി മോഹങ്ങള്‍ക്ക് നിറം പകരാന്‍ തിരുവനന്തപുരത്ത് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ അവതരിപ്പിക്കാന്‍ ആലോചന.മോഹന്‍ലാലിന്റെയും കുമ്മനം രാജശേഖരന്റെയും പേരുകള്‍ പരിഗണിച്ചിരുന്നെങ്കിലും ശശി തരൂരിനെതിരെ ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്ന പോരാട്ടത്തിനാണ് ബിജെപി ഇപ്പോള്‍ ആലോചിക്കുന്നത്.കേന്ദ്ര പ്രതിരോധ മന്ത്രിയും രാജ്യസഭാംഗവുമായ നിര്‍മല സീതാരാമനെ രംഗത്തിറക്കാനാണ് ബിജെപി പദ്ധതിയിടുന്നത്.കഴിഞ്ഞ തവണ 15470 വോട്ടിന് മാത്രം ഒ രാജഗോപാല്‍ തോറ്റ തിരുവനന്തപുരത്ത് നിര്‍മല സീതാരാമന് ജയിച്ചു കയറാനാകുമെന്നാണ് ബിജെപി കണക്കുകൂട്ടല്‍.നിര്‍മലയുടെ സ്ഥാനാര്‍ത്ഥിത്വം കേരളത്തിലെ മറ്റ് മണ്ഡലങ്ങളിലും ബിജെപി അനുകൂല തരംഗമുണ്ടാക്കുമെന്നും പാര്‍ട്ടി കണക്ക്കൂട്ടുന്നു.
തമിഴ്‌നാട്ടിലെ മധുരയില്‍ ജനിച്ച നിര്‍മല സീതാരാമന്‍ ജെഎന്‍യുവില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്.2006ല്‍ ബജെപിയില്‍ ചേര്‍ന്ന അവര്‍ നിതിന്‍ ഗഡ്കരി പ്രസിഡന്റായിരുന്ന കാലത്താണ് പാര്‍ട്ടി ദേശീയ വക്താവാകുന്നത്.പിന്നീട് കേന്ദ്ര സഹമന്ത്രിയായ നിര്‍മലയെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ പുനസംഘടനയിലാണ് പ്രതിരോധമന്ത്രിയാക്കിയത്.കേന്ദ്രമന്ത്രി സഭയിലെ നിര്‍ണായക സാന്നിധ്യം കൂടിയായ നിര്‍മല സീതാരാമന്‍ തിരുവനന്തപുരത്തെ പോരാട്ടത്തിന് തയ്യാറായിട്ടുണ്ടെന്നാണ് വിവരം.