പട്‌ന: ബിഹാറില്‍ രാഷ്ട്രീയ മാറ്റം ഉറപ്പായി. മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ ഗവര്‍ണറെ കാണാന്‍ സമയം തേടി. ഉച്ചയ്ക്ക് അദ്ദേഹം ഗവര്‍ണറെ കാണും. ജെഡിയു–ആർജെഡി–കോൺഗ്രസ് സഖ്യ സർക്കാർ രൂപീകരിച്ചേക്കും. ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ നിതീഷ് കുമാർ ജെഡിയു എംഎൽഎമാരുമായും എംപിമാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. സ്ഫോടനാത്മകമായ വാർത്തകൾ ഉടൻ ഉണ്ടായേക്കുമെന്ന്’ ജെഡിയുവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, നിതീഷ് കുമാര്‍ മന്ത്രിസഭയിലെ 16 ബിജെപി മന്ത്രിമാര്‍ ഉടന്‍ രാജിവയ്ക്കുമെന്നാണ് വിവരം.ഇതിന്റെ ഭാഗമായി ഇവരും ഇന്ന് ഗവര്‍ണറെ കാണുന്നുണ്ട്. പ്രതിപക്ഷമായ മഹാസഖ്യം പ്രത്യേക യോഗം ചേര്‍ന്നിരിക്കുകയാണ്. നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കി പുതിയ സര്‍ക്കാരുണ്ടാക്കുന്നതിന് കോണ്‍ഗ്രസ് പിന്തുണ നല്‍കുമെന്ന് നേതാക്കള്‍ അറിയിച്ചു.
രാഷ്ട്രീയ ജനതാദള്‍ (ആർജെഡി) അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ പട്‌നയിലെ വസതിയിൽ ആർജെഡി എംഎൽഎമാരും നേതാക്കളും യോഗം ചേരുന്നുണ്ട്. ഇരുയോഗങ്ങളിലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ആർജെഡിയും കോൺഗ്രസും തമ്മിൽ ഉച്ചയ്ക്ക് ശേഷം യോഗം ചേരുന്നുണ്ട്. നിതീഷ് കുമാർ ബിജെപി വിട്ടാൽ സഖ്യത്തിന് തയാറാണെന്ന് ആർജെഡിയും കോൺഗ്രസും സൂചിപ്പിച്ചു. ഹിന്ദുസ്ഥാൻ അവാം മോർച്ചയും സിപിഐഎംഎല്ലും പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.
കേന്ദ്ര മന്ത്രിസഭയിൽ വീണ്ടും ചേരേണ്ടതില്ലെന്ന് പാർട്ടി തീരുമാനിച്ചതായി ജെഡി–യു ദേശീയ അധ്യക്ഷൻ ലലൻ സിങ് പ്രഖ്യാപിച്ചിരുന്നു. നേരത്തേ പാർട്ടി അധ്യക്ഷനായിരുന്ന ആർസിപി സിങ്ങിന് രാജ്യസഭാംഗത്വം പുതുക്കി നൽകാതെ മന്ത്രിസഭയിൽനിന്ന് പാർട്ടി പുറത്തെത്തിച്ചിരുന്നു. അഴിമതിയുടെ കാര്യത്തിൽ വിശദീകരണം ചോദിച്ചതോടെ ആർസിപി സിങ് ശനിയാഴ്ച പാർട്ടി വിട്ടു. ഈ വിഷയം ചർച്ച ചെയ്യാനാണ് യോഗം ചേരുന്നതെന്നാണ് ജെഡിയുവിന്റെ ഔദ്യോഗിക വിശദീകരണം.
അടുത്തിടെ ചില സുപ്രധാന വിട്ടുനിൽക്കലിലൂടെയാണ് നിതീഷ് രാഷ്ട്രീയം വ്യക്തമാക്കിയത്. രാഷ്ട്രപതി ദ്രൗപദി മുർമു അധികാരമേൽക്കുന്ന ചടങ്ങിലും മുൻ രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ വിടവാങ്ങൽ ചടങ്ങിലും അദ്ദേഹം പങ്കെടുത്തില്ല. ഞായറാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന നിതി ആയോഗ് യോഗത്തിൽ നിന്നും വിട്ടുനിന്നു. കോവിഡ് അനന്തര ബുദ്ധിമുട്ടുകളാണ് വിട്ടുനിൽക്കാൻ കാരണമെന്ന് മുഖ്യമന്ത്രിയോട് അടുപ്പമുള്ളവർ വിശദീകരിക്കുന്നു.
എന്നാൽ ഇതേ ദിവസങ്ങളിൽ മറ്റു യോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. നേരത്തെ കോവിഡ് വിഷയത്തിൽ പ്രധാനമന്ത്രി വിളിച്ച യോഗത്തിലും സ്വാതന്ത്ര്യദിനാഘോഷത്തെപ്പറ്റി ചർച്ച ചെയ്യാൻ അമിത്ഷാ വിളിച്ച യോഗത്തിലും നിതീഷ് പങ്കെടുത്തിരുന്നില്ല. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി നിതീഷ് ഫോണിൽ ചർച്ച നടത്തിയെന്ന വാർത്തയുണ്ടെങ്കിലും ഇക്കാര്യം കോൺഗ്രസ് സ്ഥിരീകരിച്ചില്ല.
സഖ്യം വിട്ടാൽ ആർജെഡി സഖ്യത്തിന്റെ പിന്തുണയോടെ മന്ത്രിസഭ രൂപീകരിക്കാൻ ജെഡിയുവിന് കഴിയും. ആർജെഡി സഖ്യം–110, എൻഡിഎ സഖ്യം 125 എന്നിങ്ങനെയാണ് കക്ഷിനില. 122 സീറ്റാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആർജെഡി–75, ബിജെപി–74, ജെഡി–യു–43, ഇടതുപക്ഷം– 16 എന്നിങ്ങനെയായിരുന്നു വിജയം. എന്നാൽ വികാശീൽ ഇൻസാഫ് പാർട്ടിയിലെ 3 അംഗങ്ങൾ മാർച്ചിൽ ബിജെപിയിൽ ചേർന്നതോടെ നിലവിൽ ബിജെപിയാണ് ഏറ്റവും വലിയ കക്ഷി.
2013ൽ നരേന്ദ്രമോദിയെ എൻഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതു മുതൽ ബിജെപിയിൽ അതൃപ്തിയുണ്ടായിരുന്ന നിതീഷ് കുമാർ രണ്ട് വർഷത്തിന് ശേഷം ആർജെഡിയുമായും കോൺഗ്രസുമായും സഖ്യമുണ്ടാക്കിയിരുന്നു. എന്നാൽ 2017-ൽ തേജസ്വി യാദവിനെതിരായ അഴിമതി ആരോപണങ്ങൾ ചൂണ്ടിക്കാട്ടി ആർജെഡിയുമായുള്ള സഖ്യം അവസാനിപ്പിക്കുകയും ബിജെപിയുമായി സഖ്യമുണ്ടാക്കുകയും ചെയ്തു.
നിതീഷ് കുമാര്‍ മഹാസഖ്യത്തിനൊപ്പം വന്നാല്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന അംഗം ഷക്കീല്‍ അഹമ്മദ് ഖാനും പറഞ്ഞു. അതേസമയം, ആര്‍ജെഡിക്ക് കുരുക്കിടാനാണ് കോണ്‍ഗ്രസ് ഒരു മുഴം മുമ്പേ എറിയുന്നത് എന്ന വാര്‍ത്തകളും വരുന്നുണ്ട്. ബിഹാര്‍ നിയമസഭയില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പാര്‍ട്ടി ലാലു പ്രസാദിന്റെ ആര്‍ജെഡിയാണ്.