കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെതിരെ മീനാക്ഷി നടരാജന്റെ ഹര്‍ജി തള്ളി സുപ്രീംകോടതി; തിരഞ്ഞെടുപ്പ് നടപടികള്‍ പുരോഗമിക്കുമ്പോള്‍ ഇടപെടാന്‍ പരിമിതി; അധികാരം തെരഞ്ഞെടുപ്പു കമ്മീഷനെന്ന് കോടതി

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെതിരെ കോണ്‍ഗ്രസ് നേതാവ് മീനാക്ഷി നടരാജന്‍ നല്‍കിയ ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. തിരഞ്ഞെടുപ്പ് നടപടികള്‍ പുരോഗമിക്കുമ്പോള്‍ അതില്‍ ഇടപെടാന്‍ കോടതികള്‍ക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി മീനാക്ഷിയുടെ ഹര്‍ജി തള്ളിയത്.

കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് കോടതി വിധി. തെരഞ്ഞെടുപ്പ് കമീഷനില്‍ അപ്പീല്‍ നല്‍കാനും കോടതി നിര്‍ദേശം നല്‍കി. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭ തെരഞ്ഞെടുപ്പില്‍ പത്രിക തള്ളിയതിനെതിരെയാണ് മീനാക്ഷി കോടതിയെ സമീപിച്ചത്. മൂന്ന് സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ജൂണ്‍ 18ന് നടക്കാനിരിക്കെയാണ് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കോടതിയെ സമീപിച്ചത്. പത്രിക തള്ളിയ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോടതിയുടെ അവധിക്കാല ബെഞ്ചിലാണ് ഹരജി നല്‍കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നടന്നുകൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടാന്‍ കോടതിക്ക് കഴിയില്ലെന്ന് സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കി. ഇത്തരം പരാതികളില്‍ ചിലര്‍ക്ക് മാത്രമായി ഇളവ് നല്‍കാന്‍ കഴിയില്ലെന്നും, തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷം തിരഞ്ഞെടുപ്പ് ഹര്‍ജികളിലൂടെ മാത്രമേ പരിഹാരം തേടാന്‍ സാധിക്കൂ എന്നും കോടതി ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പത്രിക തള്ളിയാല്‍ അതിനുള്ള പരിഹാരം തേടേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനെയാണെന്ന് കോടതി വ്യക്തമാക്കി.

നാമനിര്‍ദ്ദേശ പത്രിക തള്ളിയ കേസില്‍ സുപ്രീം കോടതി ഇതുവരെ ഇടപെട്ട ഏതെങ്കിലും ഒരു സാഹചര്യം ചൂണ്ടിക്കാണിക്കാന്‍ മീനാക്ഷിയുടെ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു. ഇത്തരം പരാതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനാണ് കൈകാര്യം ചെയ്യേണ്ടതെന്നാണ് കോടതി വ്യക്തമാക്കിയത്. നിലവിലുള്ള ക്രിമിനല്‍ കേസിനെക്കുറിച്ചുള്ള വിവരങ്ങള്‍ സത്യവാങ്മൂലത്തില്‍ മറച്ചുവെച്ചു എന്നാരോപിച്ചാണ് വരണാധികാരി മീനാക്ഷി നടരാജന്റെ പത്രിക തള്ളിയത്.

മീനാക്ഷിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വി കോടതിയില്‍ ശക്തമായി വാദിച്ചു. ബന്ധപ്പെട്ട ക്രിമിനല്‍ കേസില്‍ കുറ്റം ചുമത്തിയിട്ടില്ലാത്തതിനാല്‍, ജനപ്രാതിനിധ്യ നിയമപ്രകാരം അത് വെളിപ്പെടുത്തേണ്ടതില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താനല്ല, മറിച്ച് സുതാര്യമായ ഒരു തിരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് തങ്ങള്‍ കോടതിയെ സമീപിച്ചതെന്ന് മീനാക്ഷിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിംഗ്വി വാദിച്ചു. എന്നാല്‍, തിരഞ്ഞെടുപ്പ് നടപടികളിലെ ജുഡീഷ്യല്‍ ഇടപെടല്‍ തടയുന്ന പൊന്നുസ്വാമി വിധിയിലെ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് കോടതി ഹര്‍ജി തള്ളിയത്.

പത്രിക തള്ളിയതിനെതിരെ ജൂണ്‍ 10-ന് മീനാക്ഷി നടരാജന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ നേരിട്ട് കണ്ട് തന്റെ വാദങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും കമ്മീഷന്റെ ഭാഗത്തുനിന്നും അനുകൂലമായ ഉത്തരവുകള്‍ ഒന്നും ഉണ്ടായില്ലെന്ന് കോടതി നിരീക്ഷിച്ചു. തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷം ബന്ധപ്പെട്ട ഹൈക്കോടതിയില്‍ തിരഞ്ഞെടുപ്പ് ഹര്‍ജി നല്‍കാന്‍ മീനാക്ഷി നടരാജന് സാധിക്കുമെന്ന് കോടതി വ്യക്തമാക്കി.

ബി.ജെ.പി സ്ഥാനാര്‍ഥി മഹേഷ് കേവത്, സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ കോത്താരി എന്നിവരുള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ ഉന്നയിച്ച എതിര്‍പ്പുകളെത്തുടര്‍ന്ന് ജൂണ്‍ ഒമ്പതിനാണ് റിട്ടേണിങ് ഓഫീസറും മധ്യപ്രദേശ് അസംബ്ലി പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ അരവിന്ദ് ശര്‍മ മീനാക്ഷി നടരാജന്റെ പത്രിക തള്ളിയത്. തെലങ്കാനയിലെ ഒരു കോടതിയുടെ പരിഗണനയിലുള്ള കേസിന്റെ വിശദാംശങ്ങള്‍ നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മീനാക്ഷി മറച്ചുവെച്ചു എന്നാരോപിച്ചാണ് പത്രിക തള്ളിയത്.

എന്നാല്‍ തന്റെ പേരിലുള്ളത് ക്രിമിനല്‍ കേസല്ല, മറിച്ച് ഒരു നിയമപരമായ നോട്ടീസ് മാത്രമാണെന്ന് മീനാക്ഷി നടരാജന്‍ വ്യക്തമാക്കി. കോടതി ഈ പരാതിയില്‍ കേസെടുക്കുകയോ ഔദ്യോഗികമായി കേസ് രജിസ്റ്റര്‍ ചെയ്യുകയോ ചെയ്തിട്ടില്ലെന്നും, അതിനാല്‍ നാമനിര്‍ദേശ പത്രികയില്‍ ഇത് വെളിപ്പെടുത്തേണ്ടതില്ലെന്നും വാദിച്ചിരുന്നു. പത്രിക തള്ളിയതിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ വെള്ളിയാഴ്ചയും പ്രതിഷേധം സംഘടിപ്പിച്ചു. സീറ്റ് ചോരി ആരോപണം ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാ സീറ്റിലേക്കായിരുന്നു മീനാക്ഷി നടരാജന്‍ മത്സരിക്കാനിരുന്നത്. പത്രിക തള്ളപ്പെട്ടതോടെ സംസ്ഥാനത്തെ മൂന്ന് രാജ്യസഭാ സീറ്റുകളിലും ബിജെപി വിജയിച്ചു.

 

Top