
ഡൽഹി: പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ ഷഹീൻ ബാഗിൽ സമരം നടത്തുന്നവരുമായി അമിത് ഷാ ഒരു കൂടിക്കാഴ്ച്ചയും നടത്തിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം . മാത്രമല്ല നാളെ അത്തരമൊരു കൂടിക്കാഴ്ച അമിത് ഷായുമായി നടക്കില്ലെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി .പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ഉൾപ്പെടെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് അമിത് ഷായുമായി നാളെ ചർച്ച നടത്താൻ തീരുമാനമായതായി പ്രതിഷേധക്കാരിൽ ചിലർ അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിലപാടിൽ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഏത് സംശയവും ദൂരീകരിക്കാൻ സർക്കാർ സന്നദ്ധമാണെന്ന് അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നും 2014 ഡിസംബർ 31ന് മുൻപ് ഇന്ത്യയിലെത്തിയ ജന്മനാടുകളിൽ മതവിവേചനം അനുഭവിക്കുന്ന ഹിന്ദു, സിഖ്, ജൈന, പാഴ്സി, ബൗദ്ധ, ക്രിസ്ത്യൻ വിഭാഗങ്ങളിൽ പെട്ടവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതാണ് പൗരത്വ ഭേദഗതി നിയമം.സിഎഎ, എൻആർസി എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ഞായറാഴ്ച ഉച്ചയ്ക്ക് അമിത് ഷായെ അദ്ദേഹത്തിന്റെ വസതിയിലോ ഓഫീസിലോ സന്ദർശിക്കുമെന്ന് ഷഹീൻ ബാഗിലെ പ്രതിഷേധക്കാർ അവകാശപ്പെട്ടതിന് പിന്നാലെയാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രസ്താവന .
രണ്ട് ദിവസങ്ങൾക്ക് മുമ്പ്, സിഎഎയെക്കുറിച്ച് സംശയമുള്ള ആർക്കും തന്റെ ഓഫീസിൽ നിന്ന് അപ്പോയിന്റ്മെന്റ് തേടാമെന്നും മൂന്ന് ദിവസത്തിനുള്ളിൽ ആ വ്യക്തികളെ കാണാൻ തയ്യാറാണെന്നും അമിത് ഷാ ഒരു പരിപാടിയിൽ പറഞ്ഞിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ഷഹീൻ ബാഗിലെ സമരക്കാർ അമിത് ഷായെ കാണാൻ പോകുകയാണെന്ന് പ്രഖ്യാപിച്ചതെന്നാണ് നിഗമനം.
മഹാരാഷ്ട്രയിൽ എന്‍.പി.ആര്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു . കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും നിര്‍ദേശം തള്ളിയാണ് ശിവസേന മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മറ്റു സംസ്ഥാനങ്ങളെപ്പോലെ ഏറ്റവും വേഗത്തില്‍ എന്‍.പി.ആര്‍ സംസ്ഥാനത്ത് നടപ്പിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ഈ വര്‍ഷം മെയ് ഒന്ന് മുതല്‍ നടപടികള്‍ തുടങ്ങുമെന്നും അദേഹം വ്യക്തമാക്കി.
സഖ്യകക്ഷിയായ കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും ശക്തമായ എതിര്‍പ്പ് പരസ്യമായി തള്ളിയാണ് എന്‍.പി.ആറുമായി മുന്നോട്ടു പോകാന്‍ താക്കറെ തീരുമാനിച്ചിരിക്കുന്നത്. ഈ തീരുമാനം മഹാരാഷ്ട്ര മഹാവികാസ് അഖാഡി സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്തിയിട്ടുണ്ട്. എന്നാല്‍, ആഭ്യന്തരമന്ത്രിയും എന്‍.സി.പി നേതാവുമായ അനില്‍ ദേശമുഖ് മുഖ്യമന്ത്രിയെ വെല്ലവിളിച്ച് രംഗത്തെത്തിയിട്ടുണ്ട്. എന്‍.പി.ആര്‍ നടപ്പാക്കുന്നതിന് എതിരെ സാധ്യമായ നിയമവഴികള്‍ തേടുമെന്ന് അദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ജൂണ്‍ അവസാനത്തോടെ എന്‍.പി.ആര്‍ പൂര്‍ത്തീകരിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. നേരത്തെ എന്‍.പി.ആറിനെതിരായിരുന്നു ശിവസേന. എന്നാല്‍, രാജ്താക്കറയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന എന്‍പിആറിനെ അനുകൂലിച്ച് കൂറ്റന്‍ റാലി നടത്തിയതോടെയാണ് ശിവസേന തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയത്.