കമ്പനികള്‍ക്ക് ഭൂമി വാങ്ങാനും വില്‍ക്കാനും സ്റ്റാമ്പ് ഡ്യൂട്ടിയില്ല;രജിസ്ട്രേഷന്‍ ഫീസുമില്ല; സാധാരണക്കാരെ തോമസ് ഐസക്ക് പറ്റിക്കുന്നു

Thomas_issac

തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാര്‍ ഉണ്ടാക്കിയ കടബാധ്യതകളെക്കുറിച്ച് ഘോരമായി പ്രസംഗിച്ച ധനമന്ത്രി തോമസ് ഐസക്ക് പാവങ്ങളെ പറ്റിക്കുന്നു. സര്‍ക്കാര്‍ ഒരു നയാപൈസ പോലും ചെലവാകാതെ നടക്കുന്ന കമ്പനികളുടെ ഭൂമി കൈമാറ്റം കണ്ടില്ലെന്ന് നടിക്കുകയാണ്.

പാവപ്പെട്ടവര്‍ പത്ത് സെന്റ് മക്കള്‍ക്ക് വീതിക്കുമ്പോള്‍ പിടിച്ചു പറിക്കുന്ന തോമസ് ഐസക് വന്‍കിട കമ്പനികളുടെ തട്ടിപ്പിന് നേരെ കണ്ണടയ്ക്കുകയാണ്. കമ്പനികള്‍ക്ക് ഭൂമി വാങ്ങാനും വില്‍ക്കാനും നയാപൈസ സ്റ്റാമ്പ് ഡ്യൂട്ടിയില്ല. രജിസ്ട്രേഷന്‍ ഫീസുമില്ല. ഇത്തരം നിയമങ്ങളിലൂടെ ഖജനാവിലെത്തുക കോടികളാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗാധാരത്തിന് മുന്‍ സര്‍ക്കാര്‍ പരമാവധി പരിധി നിശ്ചയിച്ചത് സംസ്ഥാനത്തിന്റെ വരുമാനത്തില്‍ 2500 കോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് ധന വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ചെറു സമ്പന്ന വിഭാഗത്തിന് മാത്രമാണ് ഈ ഇളവ് ഗുണം ചെയ്തത്. ചെറിയ കുടുംബങ്ങള്‍ക്ക് ബാധകമായിട്ടില്ല. ഈ സാഹചര്യത്തില്‍ കുടുംബാംഗങ്ങള്‍ തമ്മിലെ ഭാഗപത്രം, ഒഴിമുറി, ദാനം, ധനനിശ്ചയം എന്നിവയ്ക്ക് മുദ്രവില 3 ശതമാനമാക്കി പരിഷ്‌കരിക്കാനുള്ള ബഡ്ജറ്റിലെ നിര്‍ദ്ദേശം പിന്‍വലിക്കില്ലെന്ന നിലപാടിലാണ് ധനമന്ത്രി തോമസ് ഐസക്. കുടുംബാംഗങ്ങള്‍ തമ്മില്‍ എത്രയേറെ ഭൂമി കൈമാറ്റം ചെയ്താലും മുദ്രപ്പത്രത്തിന് പരമാവധി 1000 രൂപ ചെലവിട്ടാല്‍ മതിയായിരുന്നു. ഇതാണിപ്പോള്‍ മൂന്ന് ശതമാനമാക്കിയത്. ഇതോടെ 30,000 രൂപയ്ക്ക് മേല്‍ ന്യായവില കാട്ടുന്ന ഭാഗപത്ര, ഒഴിമുറി ഇടപാടുകള്‍ക്ക് ചെലവേറും. ഇത് സാധാരണക്കാര്‍ക്ക് താങ്ങാനാവാത്തതാണ്.

കമ്പനികാര്യ നിയമത്തിലെ പഴതുപയോഗിച്ചാണ് കോടികളുടെ നേട്ടം വന്‍കിടക്കാര്‍ നേടുന്നത്. ഹാരിസണും ടാറ്റയും യുണിലിവറുമൊക്കെയാണ് നേട്ടം കൊയ്യുന്നത്. ചെറിയൊരു നിയമനിര്‍മ്മാണത്തിലൂടെ 7000 കോടിയോളം രൂപ സര്‍ക്കാര്‍ ഖജനാവിലേക്ക് ഒഴുകിയെത്താവുന്ന അവസ്ഥയുണ്ട്. എന്നാല്‍ വന്‍കിടക്കാരെ തൊടാനോ നോവിക്കാനോ തയ്യാറാകാതെയാണ് പാവപ്പെട്ടവരുടെ ഭാഗാധാരത്തില്‍ നിന്ന് ലക്ഷങ്ങള്‍ പിടിച്ചെടുത്ത് 3000 കോടി രൂപയുടെ അധിക വിഭവ സമാഹരണം തോമസ് ഐസക് ലക്ഷ്യമിടുന്നത്. ഈ കള്ളക്കളിയെ മഹാരാഷ്ട്ര നിയമം മൂലം തടഞ്ഞപ്പോള്‍ സുപ്രീംകോടതി പോലും അതിനെ അംഗീകരിക്കുകയായിരുന്നു. ഇതെല്ലാം അറിയാമായിരുന്നിട്ടും വന്‍കിട തോട്ട ഉടമകളെ തൊടാന്‍ തോമസ് ഐസക് തയ്യാറല്ല.

കമ്പനികാര്യനിയമത്തില്‍ കമ്പനികളുടെ ലയനവും പുനഃസംഘടനയും കോടതികളുടെ അംഗീകരാരത്തോടെ വേണമെന്നാണ് വ്യവസ്ഥ. വകുപ്പ് 394 അനുസരിച്ചാണ് ഇത്. തോട്ടം മേഖലയിലെ വമ്പന്‍ കമ്പനികള്‍ ഭൂമി വില്‍പ്പന ഇതുവഴി നടപ്പിലാക്കുന്നു. ഇതുവഴി സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷന്‍ ഫീസ് ഇനത്തില്‍ നേട്ടവും ഉണ്ടാക്കുന്നു. വില്‍ക്കുന്നവരും വാങ്ങുന്നവരും ഓരോ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്യും. ഇവ തമ്മില്‍ ലയനം, ഷെയര്‍ കൈമാറ്റം എന്നിവ നടത്തുന്നതിന് അനുമതി തേടി ഏതെങ്കിലും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. ഇതോടൊപ്പം ഇവരുടെ കൈവശഭൂമിയുടെ കൈമാറ്റം അംഗീകരിക്കുന്നതിന് തണ്ടപ്പേരുകള്‍ മാറ്റി നല്‍കണമെന്ന ആവശ്യം ഹൈക്കോടതിയില്‍ ഉന്നയിക്കും. കോടതി ഹര്‍ജി അംഗീകരിക്കുന്നതോടെ തണ്ട പേര് മാറ്റികിട്ടാന്‍ ബന്ധപ്പെട്ട വകുപ്പുകളിലെത്തും. വകുപ്പുകള്‍ തണ്ട പേര് മാറ്റിനല്‍കാന്‍ നിര്‍ബന്ധിതമാവുകയും ചെയ്യും.

സംസ്ഥാന സര്‍ക്കാറിന് നിയമ നിര്‍മ്മാണം വഴി ഈ തട്ടിപ്പ് തടയാമെങ്കിലും അതിന് ശ്രമിച്ചിട്ടില്ല. ഇത്തരം തട്ടിപ്പ് തടഞ്ഞ് മഹാരാഷ്ട്ര സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തിയിട്ടുമുണ്ട്. പൊതുമേഖലാ സ്ഥാപനമായിരുന്ന മോഡേണ്‍ ബ്രഡ് കമ്പനിയുടെ കൊച്ചിയിലെ കോടികള്‍ വിലവരുന്ന ഏക്കര്‍ കണക്കിന് ഭൂമി ഹന്ദുസ്ഥാന്‍ യൂണിലിവറിന് കൈമാറിയത് ഈ വിധത്തിലായിരുന്നു. മുംബൈ ഹൈക്കോടതിയുടെ അനുമതിയോടെയായിരുന്നു അത്. പിന്നീട് എച്ച് യു എല്‍ മോഡേണ്‍ ബ്രഡ് എവര്‍സ്റ്റോണ്‍ എന്ന കമ്പനിക്ക് കൈമാറി. പീരുമേടിലെ ഹോപ്സ് പ്ലാന്റേഷന്റെ 6000 ഏക്കര്‍ ഭൂമി കൈമാറ്റം ചെയ്തതുകൊല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവിന്റെ പിന്‍ബലത്തിലായിരുന്നു. 6000 ഏക്കര്‍ ഭൂമി കൈമാറ്റത്തിലൂടെ 45 കോടിയെങ്കിലും സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷന്‍ ഇനത്തില്‍ സര്‍ക്കാരിന് കിട്ടേണ്ടതാണ്.

എന്നാല്‍ ഈ ഇടപാടൊന്നും സംസ്ഥാന സര്‍ക്കാര്‍ അറിയുന്നതുപോലുമില്ല. ടാറ്റയും ഹിന്ദുസ്ഥാന്‍ ലിവറും തമ്മില്‍ സമാനമായ ഭൂമി ഇടപാട് മഹാരാഷ്ട്രയില്‍ നടന്നു. അപ്പോഴാണ് അവിടെ പ്രത്യേക നിയമ നിര്‍മ്മാണം നടത്തിയത്. കമ്പനികളുടെ ലയനവും പുനഃസംഘടനയും വഴി ഭൂമി കൈമാറ്റം ചെയ്യുന്നതിന് നിയമസാധുത ലഭിക്കണമെങ്കില്‍ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ഫീസും അടച്ച് തണ്ടപ്പേരുകള്‍ മാറ്റണമെന്നതായിരുന്നു വ്യവസ്ഥ. അതിനെതിരെ കമ്പനികള്‍ സുപ്രീംകോടതിയില്‍ വരെ നിയമ പോരാട്ടം നടത്തി. ഹാരിസണിന്റെ ഭൂമി ഇടപാടിനുള്ള ശ്രമം നടന്നിരുന്നില്ല. അത് സംഭവിച്ചിരുന്നുവെങ്കില്‍ ആയിരക്കണക്കിന് രൂപ സര്‍ക്കാരിന് നഷ്ടമാകുമായിരുന്നു. ഈ സാഹചര്യത്തില്‍ ഇനിയെങ്കിലും മഹാരാഷ്ട്ര മോഡല്‍ നിയമനിര്‍മ്മാണം നടത്തണമെന്നാണ് ആവശ്യം.

ഇഷ്ടദാനത്തിനുള്ള രജിസ്ട്രേഷന്‍ ഫീസ് കൂട്ടിയതിലെ പ്രതിഷേധം തുടരുമ്പോഴാണ് വന്‍കിടക്കാര്‍ ഈ ലാഭം കൊയ്യുന്നതെന്നതാണ് ശ്രദ്ധേയം. സെന്റിന് 50000 മാര്‍ക്കറ്റ് വിലയും സര്‍ക്കാര്‍ ഒരു ലക്ഷം ന്യായവിലയും നിശ്ചയിച്ചിട്ടുള്ള ഒരേക്കര്‍ ഭൂമി ഇഷ്ടദാനമോ ഭാഗ ഉടമ്പടിയോ ചെയ്ത് മക്കള്‍ക്ക് നല്‍കാന്‍ സ്റ്റാമ്പ് ഡ്യൂട്ടിയായി നല്‍കേണ്ടി വരുക നാലു ലക്ഷം രൂപയാണ് പുറമേ, മറ്റു ചെലവുകളും. ഇത് സാധാരണക്കാരായ നിരവധിപേരെ വെട്ടിലാക്കുന്നുണ്ട്. ഗ്രമാങ്ങളില്‍ കൃഷി ചെയ്ത് ജീവിക്കുന്നവര്‍ക്കാണ് ഇത് വലിയ തിരിച്ചടിയാകുന്നത്. സ്റ്റാമ്പ് ഡ്യൂട്ടിയായി 1000 വും രജിസ്ട്രേഷന്‍ ഫീസായി പരമാവധി 25000രൂപയുമടക്കം 26000 രൂപ മതിയായിരുന്നു. ഇതിനാണ് ധനമന്ത്രി തോമസ് ഐസക് മാറ്റം വരുത്തിയത്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണം പറഞ്ഞായിരുന്നു ഇത്. സ്റ്റാമ്പ് ഡ്യൂട്ടിയനുസരിച്ച് ഭാഗഇഷ്ടദാന ആധാരങ്ങള്‍ക്ക് ന്യായവിലയുടെ നാലു ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയായി നിശ്ചയിച്ചു. ഈ ഭൂമി വിറ്റാല്‍ യഥാര്‍ഥത്തില്‍ കിട്ടുക 50 ലക്ഷമാണെങ്കില്‍ സര്‍ക്കാര്‍ കണക്കില്‍ അത് ഒരു കോടിയാണ്.

2010ല്‍ നിശ്ചയിച്ച ന്യായവിലയെക്കാള്‍ കുറഞ്ഞ വിലയില്‍ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ വസ്തു വില്‍പന നടക്കാതിരിക്കുമ്പോഴാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ‘അന്യായ’വില പ്രകാരം സ്റ്റാമ്പ് ഡ്യൂട്ടി ചുമത്തുന്നത്. അഞ്ചു വര്‍ഷത്തിനിടെ വസ്തു കൈമാറ്റ രജിസ്ട്രേഷന് സ്റ്റാമ്പ് ഡ്യൂട്ടി, ഭൂനികുതി എന്നീയിനത്തില്‍ കൂട്ടിയത് നൂറുമുതല്‍ 500ശതമാനത്തിലേറെയാണ്. 2010ല്‍ നിലവില്‍ വന്ന ന്യായവില അടിസ്ഥാനമാക്കിയാണ് രജിസ്ട്രേഷന് സ്റ്റാമ്പ് ഡ്യൂട്ടി നിശ്ചയിക്കുന്നത്. എന്നാല്‍, ന്യായവിലയെക്കുറിച്ച പരാതികള്‍ ആറുവര്‍ഷം കഴിഞ്ഞപ്പോഴും തുടരുകയാണ്. നിരവധി പേരുടെ വസ്തുക്കള്‍ ന്യായവില രജിസ്റ്ററില്‍ സര്‍ക്കാര്‍ വകയെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അടിസ്ഥാന രേഖകളുള്ളതു മാത്രമല്ല, ബാങ്ക് വായ്പയെടുത്ത വസ്തുക്കള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. വില നിശ്ചയിക്കാതിരിക്കുക, മാര്‍ക്കറ്റ് വിലയെക്കാള്‍ ഉയര്‍ന്ന വില നിശ്ചയിക്കുക തുടങ്ങിയവയെക്കുറിച്ചാണ് പരാതികളിലേറെയും.

ഇതിനിടെ, 2010ലെ ന്യായവിലയുടെ 50 ശതമാനം കൂടി 2014 നവംബറില്‍ ഓര്‍ഡിനന്‍സില്‍കൂടി ഉയര്‍ത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടി ചുമത്തേണ്ടത്. 2014ല്‍ ന്യായവില വര്‍ധിപ്പിച്ചെങ്കിലും മക്കള്‍ക്ക് ഭൂമി നല്‍കുന്നതിന് സ്റ്റാമ്പ് ഡ്യൂട്ടിയായി 1000വും രജിസ്ട്രേഷന്‍ ഫീസായി പരമാവധി 25000രൂപയുമായി നിലനിര്‍ത്തിയിരുന്നു. ഇതിനാണ് മാറ്റമുണ്ടായത്. അപ്പോഴും മഹാരാഷ്ട്ര മോഡലില്‍ തോട്ടം മേഖലയില്‍ നിയമം ഉണ്ടാക്കാന്‍ തോമസ് ഐസക് മറക്കുകയാണ്.

Top