ക്രൈസ്തവ സമുദായശക്തികൾ തകർത്ത ആദ്യ മന്ത്രിസഭ!ഏപ്രില്‍ അഞ്ച്, ആദ്യ ഇ.എം.എസ്സ്.മന്ത്രിസഭയുടെ 63 വര്‍ഷങ്ങള്‍.

1957-ൽ തിരഞ്ഞെടുപ്പിലൂടെ ഭരണത്തിലെത്തിയ ലോകത്തിലെ രണ്ടാമത്തേയും ഏഷ്യയിലെ ആദ്യത്തേയും കമ്മ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തിൽ നിലവിൽ വന്നു. അങ്ങനെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ സർക്കാരിന്റെ മുഖ്യമന്ത്രി ആയി ഇ.എം.എസ് തിരഞ്ഞെടുക്കപ്പെട്ടു .ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അദ്ദേഹം രണ്ടുവർഷം മുഖ്യമന്ത്രിയായിരുന്നു.അധികാരത്തിലേറി ഒരാഴ്ചക്കകം ഇ.എം.എസിന്റെ ചിരകാല സ്വപ്നമായിരുന്ന കേരളത്തിലെ ജന്മിത്വ സമ്പ്രദായത്തിന്റെ അടിവേരറുക്കുന്ന രീതിയില്‍ ഭൂപരിഷ്കരണ നിയമം മന്ത്രിസഭ പാസ്സാക്കി. പാട്ടവ്യവസ്ഥയും കുടിയായ്മ നിയമവുമെല്ലാം മാറ്റിയെഴുതപ്പെട്ടു. കൃഷിഭൂമി കര്‍ഷകനു നല്‍കിയ ഭൂപരിഷ്ക്കരണനിയമം ഇഎംഎസിന്‍റെ ഭരണകാലത്തെ സുവര്‍ണ്ണാദ്ധ്യായമാണ്.

ഏലംകുളം മനക്കല്‍ ശങ്കരന്‍ നമ്പൂതിരിപാട് (ഇ.എം.എസ്)മുഖ്യമന്ത്രിയായി 1957 ഏപ്രില്‍ 5 ന് അധികാരത്തിലേറിയ പതിനൊന്നംഗ മന്ത്രിസഭ. അഞ്ച് സ്വതന്ത്രരുടെ പിന്തുണയോടെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, സർക്കാർ രൂപീകരിച്ചത്.  സി.അച്യുതമേനോന്‍,  ടി.വി.തോമസ്,കെ.സി.ജോര്‍ജ്,കെ.പി.ഗോപാലന്‍,ടി.എ.മജീദ്,പി.കെ.ചാത്തന്‍ മാസ്റ്റര്‍,പ്രൊഫ.ജോസഫ് മുണ്ടശ്ശേരി,കെ.ആര്‍.ഗൗരിയമ്മ,വി.ആര്‍.കൃഷ്ണ അയ്യര്‍,എ.ആര്‍.മോനോന്‍ എന്നിവരായിരുന്നു ആദ്യ മന്ത്രിസഭയിലെ മറ്റ് അംഗങ്ങള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുവിതാംകൂറിലെയും പിന്നീട് കേരളത്തിലെയും പ്രമുഖ രാഷ്ട്രീയക്കാരനായിരുന്ന പുല്ലോളി തോമസ് ചാക്കോ (P.T.ചാക്കോ) ആയിരുന്നു കേരളത്തിന്റെ ആദ്യത്തെ പ്രതിപക്ഷ നേതാവ്. അദ്ദേഹം, 1960-62 കാലഘട്ടത്തിൽ റവന്യൂ നിയമത്തിന്റെ അധിക വകുപ്പുകൾ വഹിച്ചിരുന്ന ആഭ്യന്തരമന്ത്രിയും 1962-64ല്‍ കേരളത്തിന്‍റെ ആഭ്യന്തര മന്ത്രിയുമായിരുന്നു.

ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഇന്ത്യ സംഭാവന നല്കിയ ചരിത്രത്തിനും മുന്നേ നടന്ന മൂന്നക്ഷരം ആണ് സഖാവ് ഇ.എം.എസ്. മാര്‍ക്‌സിസം-ലെനിനിസത്തെ ഇന്ത്യന്‍ സാഹചര്യത്തിന്‌ അനുയോജ്യമായി രൂപപ്പെടുത്തിയെടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച വ്യക്തി ആയിരുന്നു സഖാവ് ഇ.എം.എസ്.
ഇന്ന് കാണുന്ന ആധുനിക കേരളത്തിന്റെ ശിൽപി അതിന്റെ പുരോഗതിക്ക്‌ അടിസ്ഥാനമിട്ട എല്ലാ പ്രവർത്തങ്ങൾക്കും ചുക്കാൻ പിടിച്ച വ്യക്തി.

1909 ജൂൺ 13-ന് മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണക്കടുത്ത് കുന്തിപ്പുഴയുടെ തീരത്ത് ഏലംകുളത്ത് മനയിൽ പിതാവ് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെയും മാതാവ് വിഷ്ണുദത്തയുടെയും നാലാമത്തെ മകൻ ആയി ഏലംകുളം മനക്കൽ ശങ്കരൻ നമ്പൂതിരിപ്പാട്‌ അഥവാ ഇ. എം. എസ്‌. നമ്പൂതിരിപ്പാട്‌ ജനിച്ചു . ‘കുഞ്ചു‘ എന്ന ഓമനപ്പേരിലാണ്‌ അറിയപ്പെട്ടിരുന്നത്. ജന്മിത്വം കൊടികുത്തിവാണിരുന്ന ഘട്ടത്തിലാണ്‌ ജനനം .


രാജ്യത്തെ ആദ്യത്തെ കോൺഗ്രസ് ഇതര മുഖ്യമന്ത്രിയായിരുന്നു ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാട്. സോഷ്യലിസ്റ്റ് ആശയങ്ങളോടുള്ള അടുപ്പവും തൊഴിലാളിവർഗത്തോടുള്ള അനുകമ്പയും അദ്ദേഹത്തെ കമ്മ്യൂണിസ്റ്റുകാരനാക്കി. അന്നത്തെ ഇന്ത്യൻ സർക്കാർ അദ്ദേഹത്തെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) സ്ഥാപകരിലൊരാളാക്കി കേസ്സെടുത്തതിന്‍റെ ഫലമായി അദ്ദേഹത്തിന് ഒളിവില്‍ പോകേണ്ടി വന്നു. 1964 ൽ സിപിഐ പിരിഞ്ഞപ്പോൾ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) (സിപിഐ (എം)) യായി ഇ എം എസ് നിലകൊണ്ടു. സി.പി.ഐ (എം) യുടെ കേരള സംസ്ഥാന സമിതിയുടെ നേതാവായും 1998-ൽ മരിക്കുന്നതുവരെ സെൻട്രൽ കമ്മിറ്റിയിലും സി.പി.ഐ.(എം)ന്‍റെ പോളിറ്റ് ബ്യൂറോയിലും അദ്ദേഹം പ്രവര്‍ത്തിച്ചു. 1977 മുതല്‍ 1992 വരെ ഇ.എം.എസ് സി.പി.ഐ.(എം)ജനറൽ സെക്രട്ടറിയായിരുന്നു.

1956 ലെ സംസ്ഥാന പുനസംഘടന നിയമപ്രകാരം 1956 നവംബർ 1 നാണ് കേരളാ സംസ്ഥാനം രൂപീകൃതമായത്. പഴയ തിരുവിതാംകൂർ-കൊച്ചി, മദ്രാസ് സംസ്ഥാനത്തിലെ മലബാർ ജില്ല എന്നിവ പുനസംഘടിപ്പിച്ച് കേരള സംസ്ഥാനം രൂപീകരിച്ചു. 1957 ൽ കേരള നിയമസഭയിലേക്കുള്ള ആദ്യ തിരഞ്ഞെടുപ്പിനു ശേഷം, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ 60 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റ പാർട്ടിയായി.126 സീറ്റുകളില്‍ 101 സീറ്റുകളിലേയ്ക്കാണ് കമ്യൂണിസ്റ്റു പാര്‍ട്ടി മത്സരിച്ചത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് 124 സീറ്റുകളിലേയ്ക്ക് മത്സരിച്ചുവെങ്കിലും 43 സീറ്റുകളില്‍ മാത്രമേ വിജയിക്കാനായുള്ളൂ. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി 9 സീറ്റുകളും സ്വതന്ത്രര്‍ 14 സീറ്റുകളുമാണ് യഥാക്രമം നേടിയത്.

നോമിനേറ്റഡ് പ്രതിനിധിയുള്‍പ്പെടെ 127 അംഗ ആദ്യ നിയമസഭ നിലവില്‍ വന്നു. ആ സര്‍ക്കാര്‍ നമ്മുടെ സംസ്ഥാനത്തിന്‍റെ പുരോഗമനത്തിന്‍റേയും വികസനത്തിന്‍റേയും നാഴികകല്ലായി മാറിയ ‘ഭൂപരിഷ്കരണ’വും ‘വിദ്യാഭ്യാസ ബില്ലും’ അവതരിപ്പിച്ചു. എന്നാല്‍ കേരളത്തിലെ ഒന്നാം മന്ത്രിസഭയ്ക്ക് അതിന്റെ 5 വർഷത്തെ കാലാവധി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പുതിയ വിദ്യാഭ്യാസ ബിൽ നിലവിൽ വന്നാൽ വിദ്യാഭ്യാസരംഗത്തെ തങ്ങളുടെ താൽപര്യങ്ങൾ ഹനിക്കപ്പെടുമെന്ന് ക്രൈസ്തവ സമുദായശക്തികൾ മനസ്സിലാക്കി. ഇത് വിദ്യാഭ്യാസബില്ലിനെതിരേയുള്ള എതിർപ്പിനു കാരണമായി. ഇതോടൊപ്പം മന്നത്തു പദ്മനാഭന്റെ നേതൃത്വത്തിലുള്ള എൻ.എസ്.എസ്സും കൂടി ചേർന്നതോടെ അത് നിലവിലുള്ള സർക്കാരിനെ അധികാരത്തിൽ നിന്നും പുറത്താക്കാനുള്ള സമരമായി മാറി. കാർഷിക നിയമത്തിലൂടെ തങ്ങളുടെ കൈവശമുള്ള കണക്കില്ലാത്ത ഭൂമി കൈമോശം വരുമെന്നു മനസ്സിലാക്കിയ സമ്പന്നവർഗ്ഗവും വിമോചനസമരം എന്ന പേരിൽ നടന്ന ഈ പ്രക്ഷോഭത്തെ കൈയ്യയച്ച് സഹായിച്ചിരുന്നു. ഇതിനു പിന്നിലുള്ള പ്രധാന ശക്തികൾ കത്തോലിക്കാ സഭ, മന്നത്തു പത്മനാഭന്റെ നേതൃത്വത്തിലുള്ള നായർ സർ‌വ്വീസ് സൊസൈറ്റി(എൻ.എസ്.എസ്), മുസ്ലീം ലീഗ് എന്നിവ ആയിരുന്നു.

‘വിമോചന സമരത്തെ’ തുടര്‍ന്ന് 1959 ജൂലൈ 31 ഇന്ത്യൻ ഭരണഘടനയുടെ വിവാദമായ ആർട്ടിക്കിൾ 356 ഉപയോഗിച്ച് യൂണിയന്‍ മന്ത്രിസഭയുടെ നിര്‍ദ്ദേശപ്രകാരം രാഷ്ട്രപതി ഇ.എം.എസ് സര്‍ക്കാരിനെ പിരിച്ചുവിട്ടു രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി.

ജനാധിപത്യത്തിന്റെ ചരിത്രത്തിലെ ഒരു കറുത്ത ഏടായി ഇ.എം.എസ് മന്ത്രിസഭ പിരിച്ചുവിട്ടതിനെ കണക്കാക്കപ്പെടുന്നു. ”കമ്മ്യൂണിസം ഇവിടെ ആവശ്യമില്ല” എന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്രുവും 1958 ൽ പറയുകയുണ്ടായി. എങ്കിലും ജനാധിപത്യവാദിയെന്ന തന്റെ പ്രതിഛായയെ വിലമതിച്ചിരുന്ന നെഹ്രു, പക്ഷപാതപരമെന്നു തോന്നിക്കുന്ന നടപടികളെടുക്കാൻ മടിച്ചു. എന്നാൽ കേരളസന്ദർശനം കഴിഞ്ഞു മടങ്ങിയ ഇന്ദിരാഗാന്ധി, ”കമ്മ്യൂണിസ്റ്റുകൾ ചെയ്യുന്നതെല്ലാം തെറ്റാ”ണെന്നു പ്രസ്താവിച്ചു. അക്കാലത്ത് സംഘടനയുടെ അദ്ധ്യക്ഷപദവിയിലെത്തിയിരുന്ന ഇന്ദിരയുടെ നേതൃത്വത്തിൽ കോൺഗ്രസ് പാർട്ടി, ഇ.എം.എസ്സ്. സർക്കാരിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടു. രാഷ്ട്രപതി രാജേന്ദ്രപ്രസാദിന്റെ മുന്നിൽ ഈ ആവശ്യം ഉന്നയിക്കാൻ പോയ കോൺഗ്രസ്സ് നേതാക്കളുടെ സംഘത്തെ നയിച്ചത് ഇന്ദിരയായിരുന്നു.

ഒരു മാർക്സിസ്റ്റു പണ്ഡിതനായ ഇ.എം.എസ്സി ന്‍റെ കാഴ്ചപ്പാടുകളാണ് കേരളത്തിന്റെ വികസനത്തെ സ്വാധീനിച്ചത്.

Top