സോള്‍: ആയുധ ശേഖരത്തിന്റെ വലിപ്പം വര്‍ദ്ധിപ്പിക്കാന്‍ ഉത്തരകൊറിയ. ആണവ പരീക്ഷണത്തിനും മിസൈല്‍ പരീക്ഷണത്തിനും പിന്നാലെയാണ് ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനി നിര്‍മാണവുമായിട്ടാണ് ഉത്തരകൊറിയ മുന്നോട്ട് പോകുന്നത്. ഉത്തരകൊറിയയുടെ നാവികസേനാ തുറമുഖത്ത് അന്തര്‍വാഹിനി നിര്‍മാണം അതിവേഗം നടക്കുന്നതായി യുഎസ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് റിപ്പോര്‍ട്ടു ചെയ്തത്.
നവംബര്‍ അഞ്ചിനെടുത്ത നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉപഗ്രഹചിത്രങ്ങള്‍ സഹിതമാണു റിപ്പോര്‍ട്ട്. സിന്‍പോ-സി ബാലിസ്റ്റിക് മിസൈല്‍ വഹിക്കാന്‍ ശേഷിയുള്ള അന്തര്‍വാഹിനിയാകാം നിര്‍മിക്കുന്നതെന്ന് 38 നോര്‍ത്ത് റിപ്പോര്‍ട്ടില്‍ പറയുന്നു. അന്തര്‍വാഹിനിയുടെ ഭാഗങ്ങളും ഘടകങ്ങളും തുറമുഖത്തിനു മധ്യഭാഗത്തായുള്ള നിര്‍മാണ ഹാളിനകത്തേക്കും പുറത്തേക്കും നിരന്തരം കൊണ്ടുപോയിട്ടുണ്ട്.
നവംബര്‍ അഞ്ചിലെ ചിത്രത്തില്‍ വൃത്താകൃതിയിലുള്ള രണ്ട് വലിയ വസ്തുക്കളാണുള്ളത്. അന്തര്‍വാഹിനിയുടെ പ്രധാന ഭാഗമാണിതെന്നു കരുതുന്നു. ഉത്തരകൊറിയയുടെ റോമിയോ ക്ലാസ് അന്തര്‍വാഹിനിയില്‍ ഉള്ളതിനേക്കാളും വലുതാണിവ. അന്തര്‍വാഹിനിയില്‍നിന്നു മിസൈല്‍ തൊടുക്കുന്ന സംവിധാനത്തിന്റെ പരീക്ഷണം നടത്തുന്ന സ്റ്റാന്‍ഡിന്റെ ചിത്രങ്ങളും ഇതിലുണ്ട്. എന്നാല്‍ അന്തര്‍വാഹിനിയില്‍നിന്നു മിസൈല്‍ തൊടുക്കുന്ന പരീക്ഷണത്തിനുള്ള തയാറെടുപ്പുകളൊന്നും നടക്കുന്നതായി കണ്ടിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
യുഎസില്‍ എത്തുന്ന തരത്തില്‍ ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ നിര്‍മിക്കാനുള്ള തയാറെടുപ്പിലാണ് ഉത്തര കൊറിയ. ഇതിനെതിരെ രാജ്യാന്തര തലത്തില്‍തന്നെ വലിയ വിമര്‍ശനങ്ങളാണുയരുന്നത്. പുതിയ ഡീസല്‍- വൈദ്യുത അന്തര്‍വാഹിനിയുടെ പണിപ്പുരയിലാണ് ഉത്തര കൊറിയയെന്ന് മുന്‍പു യുഎസ് റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഈ വര്‍ഷം ഒട്ടേറെ മിസൈല്‍ പരീക്ഷണങ്ങളാണ് ഉത്തര കൊറിയ നടത്തിയത്.
ഇവയില്‍ ഏറ്റവും വലുത് സെപ്റ്റംബര്‍ മൂന്നിന് നടത്തിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷണമാണ്. സെപ്റ്റംബര്‍ 15ന് ജപ്പാനു സമീപം നടത്തിയ പരീക്ഷണ വിക്ഷേപണത്തിനുശേഷം കിം ജോങ് ഉന്നിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ശാന്തമായിരുന്നു. അതേസമയം, ഒക്ടോബര്‍ 15നും 21നുമിടയ്ക്ക് പുതിയ സോളിഡ് ഫ്യുവല്‍ എന്‍ജിന്റെ പരീക്ഷണം നടന്നതായി യുഎസ് വൃത്തങ്ങളെ ഉദ്ധരിച്ച് നയതന്ത്രജ്ഞന്‍ പറഞ്ഞിരുന്നു. ഇതില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.