ലോകം യുദ്ധ ഭീതിയില്‍ തന്നെ; ഉത്തരകൊറിയയില്‍ നിന്നും പൗരന്മാരെ ചൈന തിരികെ വിളിക്കുന്നു; നടപടിക്ക് പിന്നില്‍ യുദ്ധം ഉഴിവാക്കാനാവില്ലെന്ന തിരിച്ചറിവ്

ബെയ്ജിങ്: യുദ്ധ ഭീതിയില്‍ നിന്നും ലോകത്തിന് മോചനമില്ലെന്ന സംശയം ഉണര്‍ത്തി ചൈന സര്‍ക്കാര്‍. ഏതു നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന ആശങ്കയ്ക്ക് ആക്കം കൂട്ടി ഉത്തരകൊറിയയിലുള്ള പൗരന്മാരെ ചൈന തിരിച്ചു വിളിക്കുന്നു. ഉത്തരകൊറിയയില്‍ നിന്നു എത്രയും പെട്ടെന്നു ചൈനയിലേക്കു മടങ്ങാന്‍ അവിടെയുള്ള പൗരന്മാര്‍ക്കു ചൈനീസ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. സംഘര്‍ഷമൊഴിവാക്കാന്‍ തുടക്കം മുതല്‍ ശ്രമിച്ചുവന്ന ചൈന, അപ്രതീക്ഷിതമായി പൗരന്‍മാരെ തിരിച്ചുവിളിച്ചത് ലോകരാജ്യങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. യുദ്ധം ഒഴിവാക്കാനാവില്ലെന്ന തിരിച്ചറിവാണ് ചൈനീസ് സര്‍ക്കാരിനെ ഇത്തരമൊരു നടപടിക്കു പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തല്‍.

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ലോകത്തെ മൂന്നാം ലോകമഹായുദ്ധത്തിലേക്കു തള്ളിവിടുമെന്നാണ് അവരുമായി സൗഹൃദം പുലര്‍ത്തുന്ന ഏകരാജ്യമായ ചൈനയുടെ ആശങ്ക. അതുകൊണ്ടുതന്നെ ഉത്തരകൊറിയയില്‍ താമസിക്കുന്നവരും തൊഴില്‍ എടുക്കുന്നവരുമായ എല്ലാ ചൈനീസ് പൗരന്മാരും എത്രയും പെട്ടെന്നു മടങ്ങാനാണ് നിര്‍ദേശം. ഉത്തരകൊറിയയുടെ തലസ്ഥാനമായ !പ്യോങ്യാങിലെ ചൈനീസ് എംബസിയാണ് മുന്നറിയിപ്പു സന്ദേശം പുറപ്പെടുവിച്ചത്. ഉത്തരകൊറിയയില്‍നിന്നും ചൈന പൗരന്‍മാരെ ഒഴിപ്പിക്കുന്നത് നടാടെയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എംബസിയില്‍ നിന്നു ഇത്തരമൊരു സന്ദേശം ആദ്യമാണെന്നാണു കൊറിയയില്‍ താമസമാക്കിയ ഒരു ചൈനീസ് പൗരന്റെ പ്രതികരണം. താനും കുടുംബവും ഭയാശങ്കയിലാണെന്നും എത്രയും പെട്ടെന്നു രാജ്യം വിടാനുള്ള ഒരുക്കത്തിലാണെന്നും ഇയാള്‍ പറഞ്ഞു. കൊറിയന്‍ പീപ്പിള്‍സ് ആര്‍മിയുടെ 85-ാം വാര്‍ഷിക പ്രകടനം നടന്നതോടനുബന്ധിച്ച് ഏപ്രില്‍ 25നാണ് ചൈന മുന്നറിയിപ്പ് പുറപ്പെടുവിച്ചതെന്നാണ് വിവരം. കിം ജോങ് ഉന്‍ ആറാം ആണവപരീക്ഷണം നടത്തിയേക്കുമെന്ന ആശങ്ക ശക്തമാകുന്നതിനിടെയാണ് ചൈനയുടെ നടപടിയെന്നതും ശ്രദ്ധേയമാണ്.

അതേസമയം, ആണവപരീക്ഷണ പദ്ധതികളുമായി മുന്നോട്ടു പോകുമെന്ന് ഉത്തരകൊറിയ ആവര്‍ത്തിക്കുമ്പോള്‍ ചര്‍ച്ചയുടെ സാധ്യത തെളിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചതു പ്രത്യാശയോടെയാണ് ലോകം വീക്ഷിക്കുന്നത്. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ ചര്‍ച്ചയെന്നാണ് ഒരു അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കിയത്. ട്രംപ് ഉയര്‍ത്തിയതു സമാധാനത്തിന്റെ വെള്ളക്കൊടിയോ എന്ന സംശയം നിലനില്‍ക്കുമ്പോഴും കൊറിയന്‍ ഉപദ്വീപില്‍ കാര്യങ്ങള്‍ സംഘര്‍ഷഭരിതമായി തുടരുകയാണ്. യുഎസ് ബോംബര്‍ വിമാനങ്ങള്‍ കൊറിയന്‍ ആകാശത്തു പരിശീലനം നടത്തി. കടലില്‍ യുഎസ് നാവികസേനയുടെ പരിശീലനവും. യുഎസ് സേനകളുടെ പ്രകടനത്തില്‍ ദക്ഷിണ കൊറിയയും പങ്കാളികളാണ്.

Top