സോൾ∙ പ്രകോപനം തുടരുകയാണെങ്കിൽ കൊറിയൻ പെനിൻസുലയിൽ ആണവയുദ്ധം അനിവാര്യമാകുമെന്ന് ഉത്തരകൊറിയയുടെ മുന്നറിയിപ്പ്. മേഖലയിൽ യുഎസിനോടൊപ്പം ചേർന്ന് ദക്ഷിണകൊറിയ യുദ്ധാഭ്യാസ പ്രകടനങ്ങൾ നടത്തുന്ന പശ്ചാത്തലത്തിലാണ് ഉത്തര കൊറിയയുടെ പുതിയ ഭീഷണി.
ഇരുനൂറോളം യുദ്ധവിമാനങ്ങളാണ് അഭ്യാസത്തിന്റെ ഭാഗമായി മേഖലയിലുള്ളത്. യുദ്ധമുറപ്പിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്നതിലൂടെ യുഎസും പോരാട്ടം തന്നെയാണ് ഉദ്ദേശിക്കുന്നതെന്ന് ഉത്തരകൊറിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. അമേരിക്കൻ ചാരസംഘടന തലവൻ മൈക്ക് പോംപിയോ വരെ അക്കാര്യത്തിൽ മുന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തരമായും രാജ്യാന്തരതലത്തിലും ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ അവസ്ഥ എത്രമാത്രം ദുർബലമാണെന്ന കാര്യത്തിൽ അദ്ദേഹത്തിന് യാതൊരു ധാരണയുമില്ലെന്ന് പോംപിയോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പരമോന്നത പദവിയിലിരിക്കുന്ന വ്യക്തിയെ വിമർശിച്ചതിലൂടെ രാജ്യത്തെ ജനങ്ങളെയാണു പോംപിയോ വെല്ലുവിളിക്കുന്നതെന്ന് ഉത്തരകൊറിയ വ്യക്തമാക്കുന്നു. എന്നാണ് യുദ്ധം പൊട്ടിപ്പുറപ്പെടുക എന്ന ഒറ്റച്ചോദ്യം മാത്രമാണ് ഇനി അവശേഷിക്കുന്നതെന്നും വക്താവിന്റെ മുന്നറിയിപ്പ്.
- ‘യുദ്ധം ഞങ്ങൾ ആഗ്രഹിക്കുന്നില്ല. എന്നാൽ യുദ്ധമുണ്ടായാൽ അതിൽ നിന്ന് ഒളിച്ചോടുകയുമില്ല. ഞങ്ങളുടെ ക്ഷമയെപ്പറ്റി യുഎസിനു തെറ്റിദ്ധാരണകളൊന്നും വേണ്ട. ആണവയുദ്ധത്തിനു തുടക്കമിടാനാണ് യുഎസിന്റെ തീരുമാനമെങ്കിൽ കനത്ത തിരിച്ചടി ഉറപ്പാണ്. തുടർച്ചയായി ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഉത്തരകൊറിയയുടെ ആണവായുധ ശേഖരത്തെപ്പറ്റി യുഎസിന് ധാരണയുണ്ടായിരിക്കുന്നതു നല്ലതാണ്’– വക്താവിനെ ഉദ്ധരിച്ച് കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി പുറത്തുവിട്ട വാർത്തയിൽ വ്യക്തമാക്കുന്നു.