പ്യോങ്യാങ്: അമേരിക്കയുടെ വിറപ്പിക്കല്‍ തങ്ങളോട് വേണ്ടെന്ന് ഉത്തര കൊറിയയുടെ ഭീഷണി. പ്രകോപനമുണ്ടായാല്‍ അമേരിക്കയ്ക്കെതിരെ അണ്വായുധം പ്രയോഗിക്കുമെന്ന് ഉത്തര കൊറിയയുടെ മുന്നറിയിപ്പും വന്നതോടെ ലോകം അണ്വാവയുധ ഭീഷണിയിലായി.
ഉത്തരകൊറിയയെ ലക്ഷ്യമിട്ട് അമേരിക്കന്‍ കപ്പലുകള്‍ നിങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിയിലാണ് ഭീഷണിയുമായി ഉത്തര കൊറിയ രംഗത്തെത്തിയിരിക്കുന്നത്. അണ്വായുധം പ്രയോഗിക്കുമെന്ന ഭീഷണിയെത്തുമ്പോള്‍ ലോക മഹായുദ്ധത്തിന്റെ സാഹചര്യമാണ് ഉരുത്തിരിയുന്നത്. ഉത്തര കൊറിയന്‍ പക്ഷത്ത് റഷ്യയും ചൈനയും അണിനിരന്നേക്കുമെന്നും സൂചനയുണ്ട്.
മേഖലയില്‍ അമേരിക്കയുടെ അധിനിവേശ നീക്കങ്ങള്‍ ഗുരുതരമായ ഘട്ടത്തിലെത്തിച്ചിരിക്കുകയാണ്. ഈ നീക്കങ്ങളൊന്നും വിലപ്പോവില്ല. തിരിച്ചടിക്കാന്‍ മടിയില്ലെന്നും ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. കൊറിയന്‍ ഉപദ്വീപില്‍ യുഎസ് വിമാനവാഹിനി കപ്പല്‍ നങ്കൂരമിട്ടതിനെ തുടര്‍ന്നാണ് ഉത്തരകൊറിയ മറുപടിയുമായി രംഗത്തെത്തിയത്. ഉത്തരകൊറിയ അടുത്തിടെ നടത്തിയ മിസൈല്‍ പരീക്ഷണങ്ങളെല്ലാം അമേരിക്കയെ പ്രകോപിപ്പിച്ചിരുന്നു. മിസൈല്‍, അണ്വായുധ പരീക്ഷണങ്ങള്‍ വര്‍ധിപ്പിക്കാനുള്ള കൊറിയന്‍ നീക്കം ലോകത്തിനു തന്നെ ഭീഷണിയാണെന്നാണ് അമേരിക്കന്‍ നിലപാട്.
മുന്നൊരുക്കത്തിന്റെ ഭാഗമായാണ് യുഎസ് യുദ്ധക്കപ്പലുകള്‍ അയച്ചത്. കിഴക്കന്‍ പസഫിക് ലക്ഷ്യം വച്ചാണ് യുദ്ധക്കപ്പലുകള്‍ നീങ്ങുന്നത്. ഓസ്‌ട്രേലിയന്‍ തുറമുഖം വഴി നീങ്ങാനാണ് ആദ്യം നിശ്ചയിച്ചത്. പിന്നീടത് സിംഗപ്പൂര്‍ വഴി കിഴക്കന്‍ പസഫിക് കടലിലേക്ക് പോകാന്‍ തീരുമാനിച്ചു. ഉത്തര കൊറിയയുടെ നീക്കങ്ങള്‍ക്കുള്ള തെയ്യാറെടുപ്പാണിതെന്ന് യുഎസ് പസഫിക് വക്താവ് കമാന്‍ഡര്‍ ദേവ് ബെന്‍ഹം അറിയിച്ചു. അതിനിടെ ഉത്തര കൊറിയന്‍ ആണവ ഭീഷണിയെ ഒറ്റയ്ക്ക് നേരിടാന്‍ യുഎസ് സുസജ്ജമാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
മിസൈല്‍, വിമാന വാഹിനിക്കപ്പലുകളും മിസൈല്‍ വേധക്കപ്പലുകളുമടങ്ങുന്ന യുഎസ്എസ് കാള്‍ വിന്‍സണ്‍ സംഘമാണ് കൊറിയയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയും ഉത്തര കൊറിയ ജപ്പാനു സമീപത്തെ കടലിലേക്ക് മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. അതേസമയം ദക്ഷിണ കൊറിയയുടേയും യുഎസിന്റേയും ഭാഗത്തുനിന്നുള്ള പ്രകോപനത്തെ തുടര്‍ന്നാണ് മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതെന്നാണ് ഉത്തര കൊറിയ ഇതുമായി ബന്ധപ്പെട്ട് അറിയിച്ചത്. ഈ സാഹചര്യം സ്ഥിതിഗതികള്‍ വഷളാക്കിയത്.
കപ്പലുകള്‍ കൊറിയന്‍ സമുദ്രാതിര്‍ത്തിയിലെത്താന്‍ ഒരാഴ്ചയെടുക്കും. ശത്രുവിന്റെ നീക്കങ്ങള്‍ സൈന്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഉത്തര കൊറിയ പറഞ്ഞു. ഉത്തര കൊറിയ പ്രശ്നമുണ്ടാക്കാന്‍ നോക്കുന്നുവെന്നാണു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വിറ്ററിലൂടെ പ്രതികരിച്ചത്. ചൈന സഹായിച്ചാലും ഇല്ലെങ്കിലും പ്രശ്നം അമേരിക്ക തീര്‍ക്കുമെന്നും ട്രംപ് പറഞ്ഞു, ഉത്തര കൊറിയയെ നിയന്ത്രിക്കാന്‍ ഇടപെടണമെന്ന് ചൈനയോട് ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞയാഴ്ച സിറിയന്‍ സേനയ്ക്കെതിരെ നടന്ന വ്യോമാക്രമണത്തിനു പിന്നാലെ ഉത്തര കൊറിയയ്ക്കെതിരെയും യുഎസ് ആക്രമണമുണ്ടാകുമെന്ന ആശങ്ക വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ദക്ഷിണകൊറിയന്‍ സൈന്യവുമായി അമേരിക്ക നടത്തിയ സംയുക്ത അഭ്യാസ പ്രകടനങ്ങളും വലിയ ചര്‍ച്ചയായിരുന്നു.