ഇനി നാട്ടില്‍ ബാങ്ക് നിക്ഷേപം നടത്തുന്ന പ്രവാസികളേ, ഈ 5 കാര്യങ്ങള്‍ നിങ്ങള്‍ നിര്‍ബന്ധമായി അറിഞ്ഞിരിക്കണം !!.ഇന്ത്യയിലെ ബാങ്കുകളില്‍ വിദേശ മലയാളികള്‍ പണം നിക്ഷേപിച്ചാല്‍ ഇപ്പോള്‍ കൂടുതല്‍ പലിശ കിട്ടും. പക്ഷേ ഇത് എത്രത്തോളം ആദായകരമാണ് ? ബാങ്ക് നിക്ഷേപങ്ങളെക്കുറിച്ച് പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ:
നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശയുടെ നിരക്ക് നിര്‍ണ്ണയിക്കാനുള്ള അധികാരം 1992 മുതല്‍ പല ഘട്ടങ്ങളിലായി റിസര്‍വ്വ ബാങ്ക് കൊടുക്കുകയുണ്ടായി. വിദേശത്തേക്ക് യഥേഷ്ടം പണം അയയ്ക്കാന്‍ അനുവാദമില്ലാത്ത എന്‍ആര്‍ഒ(ഓര്‍ഡിനറി നോണ്‍ റെസിഡന്റ്) നിക്ഷേപങ്ങളുടെ പലിശ നിര്‍ണ്ണയിക്കാനുള്ള അധികാരം ബാങ്കുകള്‍ക്ക് മുന്‍പ് തന്നെ നല്‍കപ്പെട്ടിരുന്നു. പ്രവാസികളുടെ നിക്ഷേപങ്ങളിന്‍മേലുള്ള പലിശ മാത്രം റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണത്തില്‍ തുടര്‍ന്നുകൊണ്ടിരുന്നു.
2011 ഡിസംബറില്‍ എന്‍ആര്‍ഇ(ന്രെ) സേവിംഗ്‌സ് അക്കൗണ്ടിനും ഒരു വര്‍ഷത്തിനുമേലുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്കും നല്‍കുന്ന പലിശ നിശ്ചയിക്കാനുള്ള വിവേചനാധികാരം ആര്‍ബിഐ ബാങ്കുകള്‍ക്ക് നല്‍കി. ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്ക് നല്‍കുന്ന പലിശ നിരക്കില്‍ കൂടുതല്‍ പ്രവാസികള്‍ക്ക് നല്‍കാന്‍ പാടില്ല എന്നൊരു നിബന്ധനയോടുകൂടിയാണ് ഈ സ്വാതന്ത്ര്യം ബാങ്കുകള്‍ക്ക് നല്‍കിയത്.
രൂപയുടെ മുല്യം ഈയിടെയായി സ്ഥിമായി കുറഞ്ഞത് കാരണം പലിശ നിരക്കില്‍ എന്‍ആര്‍ഇ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ ബുദ്ധിമുട്ടാണെന്നും ഇത് നമ്മുടെ വിദേശനാണ്യ ശേഖരത്തെ പ്രതികൂലമായി ബാധിക്കുമെന്നുള്ള തിരിച്ചറിവുമായിരിക്കണം പ്രവാസി നിക്ഷേപങ്ങളുന്‍മേലുള്ള പലിശ സ്വയം നിശ്ചയിക്കാനുള്ള അധികാരം ബാങ്കുകള്‍ക്ക് നല്‍കാന്‍ റിസര്‍വ്വ ബാങ്കിനെ പ്രേരിപ്പിച്ച പ്രധാന ഘടകങ്ങള്‍.
പ്രവാസികള്‍ക്ക് പലിശ വര്‍ദ്ധന നിക്ഷേപങ്ങളില്‍ നിന്ന് കൂടുതല്‍ വരുമാനം ഉണ്ടാക്കുവാനുള്ള അവസരം നല്‍കുന്നു. എന്നാല്‍, രൂപയുടെ മൂല്യത്തിലുണ്ടാകുന്ന കുറവും, വിദേശ നാണ്യത്തിലുള്ള നിക്ഷേപങ്ങളില്‍മേലുള്ള പലിശയും, എന്‍ആര്‍ഇ നിക്ഷേപത്തില്‍ നിന്ന് കിട്ടുന്ന പലിശയും തൂലനം ചെയ്ത് വേണം ഒരു തീരുമാനമെടുക്കാന്‍. എന്‍ആര്‍ഇ നിക്ഷേപങ്ങളുടെ പലിശ നിശ്ചയിക്കാനുള്ള അധികാരം ലഭ്യമായതോടെ ബാങ്കുകള്‍ ഇത്തരം നിക്ഷേപങ്ങള്‍ക്കുള്ള പലിശ വളരെയധകം വര്‍ദ്ധിപ്പിച്ച് സ്വദേശീയ നിക്ഷേപങ്ങളുടെ പലിശയോളം ആക്കിയിട്ടുണ്ട്.