ദില്ലി: ഭാര്യമാരെ ഉപേക്ഷിച്ച് ഒളിച്ചോടിയ എട്ട് എൻ ആർ ഐ ഭർത്താക്കന്മാരുടെ പാസ്പോർട്ട് ഇന്ത്യ റദ്ദാക്കി. വനിതാ ശിശുക്ഷേമ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. വനിതാ ശിശുക്ഷേമ മന്ത്രാലയവും, വിദേശകാര്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി ഒരു സമിതി രൂപീകരിച്ച് ഭാര്യമാരെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ വിദേശ ഇന്ത്യക്കാരുടെ വിവരങ്ങൾ ശേഖരിച്ചിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ എഴുപത് പരാതികളാണ് സമിതിക്ക് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എട്ട് വിദേശ ഇന്ത്യക്കാരുടെ പാസ്പോർട്ട് റദ്ദാക്കിയത്. ഇവർക്കായി ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. വിദേശ ഇന്ത്യക്കാരുമായുള്ള വിവാഹം രജിസ്റ്റർ ചെയ്യാൻ മന്ത്രാലയം ഒരു ഓൺലൈൻ പോർട്ടൽ ആരംഭിച്ചിട്ടുണ്ടെങ്കിലും ഇത് പൂർണമായും പ്രവർത്തന സജ്ജമായിട്ടില്ല. എല്ലാ വിദേശ ഇന്ത്യക്കാരുടെ വിവാഹവും ഏഴ് ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യണമെന്ന് വനിതാ ശിശുക്ഷേമ മന്ത്രാലയം നേരത്തെ ഉത്തരവിട്ടിരുന്നു. നിർദ്ദേശം പാലിക്കാതിരിക്കുന്നവർക്ക് വിസയം പാസ്പോർട്ടും നിഷേധിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭാര്യമാരെ ഉപേക്ഷിച്ചുപോകുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നിർദ്ദേശവും പരിഗണനയിലുണ്ട്.