നക്ഷത്രഹോട്ടലില്‍ കോക്‌ടെയില്‍പാര്‍ട്ടി..2000 പേര്‍ക്ക് സദ്യ, അതിഥിയായി മുഖ്യമന്ത്രി പിണറായിയും,ആഡംബരത്തികവിൽ ഒരു കമ്യൂണിസ്റ്റ് വിവാഹം

കൊച്ചി:തൊഴിലാളി പാർട്ടിയുടെ നേതാവ് ആഡംബരവിവാഹത്തിന്റെ പേരിൽ വിവാദത്തിലേക്ക് . സി.പി.എം. സംസ്ഥാനസമിതിയംഗം സി.എന്‍. മോഹനനാണു മകളുടെ വിവാഹം ആര്‍ഭാടപൂര്‍വം കൊണ്ടാടി, വിമര്‍ശനവിധേയനായത്.വിവാഹത്തിൽ മുഖ്യമന്ത്രിയും പങ്കെടുത്തു . എറണാകുളം ജില്ലയില്‍ പിണറായി പക്ഷത്തിന്റെ കരുത്തനായ വക്താവും വിശാല കൊച്ചി വികസന അതോറിട്ടി (ജി.സി.ഡി.എ) ചെയര്‍മാനുമാണു സി.എന്‍. മോഹനന്‍. കഴിഞ്ഞ ഞായറാഴ്ച കോലഞ്ചേരിയിലും കൊച്ചിയിലുമായി നടന്ന വിവാഹച്ചടങ്ങും പണം വാരിയെറിഞ്ഞുള്ള സല്‍ക്കാരവും പാര്‍ട്ടിവൃത്തങ്ങളില്‍ ചര്‍ച്ചയായി. ആഡംബരവസതിയുടെ പേരില്‍ അണികള്‍ക്കിടയില്‍ മുമ്പും വിമര്‍ശനവിധേയനായിട്ടുള്ള നേതാവാണു മോഹനന്‍. നേതാക്കളും പ്രവര്‍ത്തകരും ലളിതജീവിതം നയിച്ച് മാതൃകയാകണമെന്നാണു സി.പി.എമ്മിന്റെ പ്രഖ്യാപിതനിലപാട്. 16-നു തുടങ്ങുന്ന ഏരിയാ സമ്മേളനങ്ങളില്‍ ആഡംബരവിവാഹം ചര്‍ച്ചചെയ്യണമെന്ന നിലപാടിലാണു പാര്‍ട്ടിയില്‍ ഒരുവിഭാഗം. മകളുടെ വിവാഹം റിസോര്‍ട്ടില്‍ നടത്തി വിവാദത്തിലായ സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനു പിന്നാലെയാണു പാര്‍ട്ടി സംസ്ഥാനനേതാവിനെതിരേയും സമാനമായ ആരോപണമുയരുന്നത്. സി.പി.ഐയിലെ ഗീതാ ഗോപി എം.എല്‍.എയുടെ മകളുടെ വിവാഹവും ആര്‍ഭാടത്തിന്റെ പേരില്‍ സമീപകാലത്തു വിവാദമായിരുന്നു.MOHANAN DAUGHTER POSH

ഹെക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്റെ മകനാണു മോഹനന്റെ മകള്‍ ചാന്ദ്‌നിയെ വിവാഹം കഴിച്ചത്. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന വിവാഹച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബസമേതം പങ്കെടുത്തിരുന്നു. വിവാഹസല്‍ക്കാരത്തില്‍ രണ്ടായിരത്തിലേറെ പേര്‍ പങ്കെടുത്തു. അതിനു പുറമേയാണു കൊച്ചി മരടിലെ നക്ഷത്ര ഹോട്ടലില്‍ മദ്യസല്‍ക്കാരം ഉള്‍പ്പെടെയുള്ള രാത്രിവിരുന്നു സംഘടിപ്പിച്ചത്. വരന്റെ ബന്ധുക്കളാണു ഹോട്ടല്‍ ബില്‍ അടച്ചത്. കോക്‌ടെയില്‍ ഡിന്നര്‍ സല്‍ക്കാരത്തില്‍ മാത്രം മുന്നൂറിലേറെപ്പേര്‍ പങ്കെടുത്തു എന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു

പുത്തന്‍കുരിശിനടുത്തു പൂത്തൃക്കയില്‍ ഡി.െവെ.എഫ്.ഐ. പ്രവര്‍ത്തകനായി രാഷ്ട്രീയജീവിതമാരംഭിച്ച മോഹനന്‍ പിന്നീട് സംഘടനയുടെ ജില്ലാ സെക്രട്ടറിയായി. ഡി.െവെ.എഫ്.ഐ. കേന്ദ്ര കമ്മിറ്റി ഓഫീസ് സെക്രട്ടറിയായി ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചതോടെ പാര്‍ട്ടി നേതാക്കളുമായി ഉറ്റബന്ധം സ്ഥാപിച്ചു. തുടര്‍ന്ന് ഡി.െവെ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായി. ഇ.പി. ജയരാജന്‍ പാര്‍ട്ടി പത്രത്തിന്റെ ജനറല്‍ മാനേജരായി ചുമതലയേറ്റപ്പോള്‍, പ്രഫഷണലിസം നടപ്പാക്കുന്നതിന്റെ ഭാഗമായി കൊച്ചി യൂണിറ്റ് മാനേജരായിരുന്ന മോഹനനു ചുമതലയൊഴിയേണ്ടിവന്നു. ഔദ്യോഗികപദവിയൊന്നും ഇല്ലാതിരിക്കേയാണ്, എല്‍.ഡി.എഫ്. അധികാരമേറിയപ്പോള്‍ ജി.സി.ഡി.എ. ചെയര്‍മാനായത്.കഴിഞ്ഞതവണ മോഹനനെ പാര്‍ട്ടി ജില്ലാ സെക്രട്ടറിയാക്കാന്‍ ആലോചിച്ചിരുന്നെങ്കിലും വിഭാഗീയതമൂലം നടന്നില്ല. വി.എസ്. പക്ഷത്തിന് ആധിപത്യമുള്ള കോലഞ്ചേരി ഏരിയയില്‍, പിണറായി പക്ഷത്തെ കരുത്തനായ സി.എന്‍. മോഹനന്‍ കടുത്ത വിമര്‍ശനങ്ങള്‍ മറികടന്നാണ് ഉയര്‍ന്നുവന്നത്.

Top