മകന്റെ വിവാഹനിശ്ചയം; വിവാദമുണ്ടാക്കിയവര്‍ തന്നെ ബാക്കി കാര്യങ്ങള്‍ പരിശോധിക്കട്ടെയെന്ന് അടൂര്‍ പ്രകാശ്

MARRIAGE

കൊച്ചി: അടൂര്‍ പ്രകാശിന്റെ മകനും ബിജു രമേശിന്റെ മകളും തമ്മിലുള്ള വിവാഹ നിശ്ചയ പ്രശ്‌നത്തിനെതിരെ അടൂര്‍ പ്രകാശ് പ്രതികരിക്കുന്നു. വിവാദമുണ്ടാക്കിയവര്‍ തന്നെ ഇക്കാര്യം പരിശോധിക്കട്ടെയെന്നാണ് അടൂര്‍ പ്രകാശ് പറഞ്ഞത്.

ഇത്തരം ഇടപെടലുകള്‍ പാര്‍ട്ടി നേതൃത്വം നടത്താറുണ്ടെന്നും അടൂര്‍ പ്രകാശ് കുറ്റപ്പെടുത്തി. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങിന് പോയത് തെറ്റാണെന്ന് പരസ്യ പ്രസ്താവന നടത്തിയ കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെ എ ഐ ഗ്രൂപ്പുകള്‍ ഹൈക്കമാന്റിന് പരാതി നല്‍കിയിരുന്നു. പരസ്യപ്രസ്താവന നടത്തരുതെന്ന നിര്‍ദേശം ലംഘിച്ചെന്ന് കാണിച്ചാണ് ഇരു ഗ്രൂപ്പുകളും ഹൈക്കമാന്റിന് പരാതി നല്‍കിയത്.

ബിജുരമേശിന്റെ മകളുടെ വിവാഹനിശ്ചയചടങ്ങില്‍ ഉമ്മന്‍ ചാണ്ടിയും, രമേശ് ചെന്നിത്തലയും പങ്കെടുത്തിരുന്നു. ഇതിനെതിരെ വി എം സുധീരന്‍ നടത്തിയ പരാമര്‍ശമാണ് പരാതിക്ക് കാരണം. സഹപ്രവര്‍ത്തകനായ അടൂര്‍പ്രകാശിന്റെ മകന്റെ വിവാഹനിശ്ചയചടങ്ങ് എന്ന നിലയിലാണ് പങ്കെടുത്തതെന്നും പരാതിയില്‍ പറയുന്നു. ഈ ചടങ്ങില്‍ പങ്കെടുക്കരുതെന്ന നിലയില്‍ നേരത്തെ നേത്യത്വത്തിന്റെ ഭാഗത്തുനിന്നും നിര്‍ദേശം ഉണ്ടായിരുന്നില്ലെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

തന്റെ മകളും അടൂര്‍ പ്രകാശിന്റെ മകനും തമ്മിലുളള വിവാഹ നിശ്ചയത്തിന് ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വന്നത് അടൂര്‍ പ്രകാശ് വിളിച്ചിട്ടാണെന്ന് ബാറുടമ ബിജു രമേശ വ്യക്തമാക്കിയിരുന്നു. കെപിസിസി പ്രസിഡന്റിന് പബ്ലിസിറ്റി മാനിയയാണെന്നും എതിര്‍പ്പുണ്ടെങ്കില്‍ സുധീരന്‍ പറയേണ്ടത് പാര്‍ട്ടിക്കകത്താണെന്നും ബിജു രമേശും പ്രതികരിച്ചിരുന്നു. എന്നാല്‍ ഇതു വരെ പരസ്യപ്രതികരണത്തിന് അടൂര്‍ പ്രകാശ് മുതിര്‍ന്നിരുന്നില്ല.

ബിജു രമേശിന്റെ മകളുടെ വിവാഹനിശ്ചയത്തിന് പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മറുപടിയുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രംഗത്തു വന്നിരുന്നു. താന്‍ പോയത് സഹപ്രവര്‍ത്തകനായ അടൂര്‍ പ്രകാശിന്റെ മകന്റെ വിവാഹനിശ്ചയ ചടങ്ങിനാണെന്നും കെസിപിസിസി യോഗത്തിന് ഇടയ്ക്കാണ് താന്‍ ചടങ്ങില്‍ പങ്കെടുത്തതെന്നും ചടങ്ങിനു ശേഷം തിരിച്ച് കെപിസിസിയില്‍ തിരിച്ചെത്തിയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Top