ലണ്ടന്‍: ഭാര്യയെയും മക്കളെയും ഭര്‍ത്താവ് കൊലപ്പെടുത്തിയ സംഭവം യുകെയില്‍ മുന്‍പും നടന്നു. 2015ല്‍ നടന്ന കൊലപാതകം മലയാളികള്‍ക്ക് മറക്കാന്‍ കഴിയില്ല. കിഴക്കന്‍ ലണ്ടനിലെ ചാഡ്വെല്‍ ഹീത്തിലായിരുന്നു മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകങ്ങള്‍ നടന്നത്. അന്ന് ഭാര്യയെയും ഇരട്ട പെണ്‍മക്കളെയും കൊലപ്പെടുത്തിയ മലയാളി ഗൃഹനാഥന്‍ ജീവനൊടുക്കിയതിനാല്‍ കോടതി ശിക്ഷ അനുഭവിക്കേണ്ടി വന്നില്ല.
മലയാളി സോഷ്യല്‍ വര്‍ക്കറായിരുന്ന ഷിഗി രതീഷ് കുമാര്‍ (37), പതിമൂന്ന് വയസു വീതം പ്രായമുള്ള ഇരട്ട പെണ്‍കുട്ടികളായ നിയ, നേഹ എന്നിവരെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ഭര്‍ത്താവ് രതീഷ് കുമാര്‍ (44 ) പിന്നീട് തൂങ്ങിമരിക്കുകയായിരുന്നു. മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. യുകെയില്‍ നിന്നും നാട്ടിലേക്ക് മടങ്ങണമെന്ന രതീഷിന്റെ ആവശ്യത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിച്ചത്. തര്‍ക്കത്തെ തുടര്‍ന്ന് ഷിഗി ഭര്‍ത്താവ് രതീഷിനോട് വിവാഹ മോചനം ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ രതീഷ് ഭാര്യയെയും മക്കളെയും കൊല്ലുകയായിരുന്നു.
ചാഡ്വെല്‍ ഹീത്തിലെ ഗ്രോവ് റോഡിലെ വീട്ടിലാണ് രണ്ട് കുട്ടികളെയും അമ്മയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പിറ്റേന്ന് രാവിലെ വാള്‍താംസ്റ്റോവിലെ ഫോറസ്റ്റ് റോഡിലെ റിസര്‍വോയറിന് സമീപമുള്ള മരത്തില്‍ രതീഷ് കുമാറിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. സംഭവം നടക്കുന്നതിനു എട്ട് വര്‍ഷം മുമ്പാണ് ഇവരുടെ കുടുംബം യുകെയില്‍ എത്തിയത്. കെറ്ററിങിലേതിന് സമാനമായ കൊലപാതകങ്ങളാണ് ചാഡ്വെല്‍ ഹീത്തിലും നടന്നത്. കെറ്ററിങില്‍ മലയാളി നഴ്‌സായ അഞ്ജു(40), മക്കളായ ജാന്‍വി (4), ജീവ(6) എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് സാജുവിന് (52) 42 വര്‍ഷത്തെ ജയില്‍ ശിക്ഷ ലഭിച്ചു.