മണലാരണ്യത്തില്‍ കൊലചെയ്യപ്പെട്ടവരുടെ മൃതദേഹം രണ്ടാഴ്ച്ചയ്ക്ക് ശേഷം സംസ്‌ക്കരിച്ചു; ഭാര്യയെ കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കിയത് സംശയ രോഗം കാരണം

ജിദ്ദ: സൗദിയിലെ മണല്‍ക്കാട്ടില്‍ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയ മലയാളി ദമ്പതികളുടെ മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ചു. രണ്ടാഴ്ച്ചയ്ക്ക് ശേഷമാണ് അല്‍ഹസ്സയിലെ ഖബറിടത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. കോഴിക്കോട് നാദാപുരം സ്വദേശി കക്കട്ടില്‍ പുളിച്ചാലില്‍ കുഞ്ഞബ്ദുല്ല (38 ), ഭാര്യ കുനിങ്ങാട് മാഞ്ഞിരോളി മീത്തല്‍ റിസ്‌വാന (30) എന്നിവരുടെ മൃതദേഹങ്ങള്‍ ഫെബ്രുവരി പത്തൊമ്പതിന് ദമാം-അല്‍ഹസ്സ പാതയിലെ അല്‍ഉയൂന്‍ എന്ന വിജനമായ പ്രദേശത്ത് നിന്ന് പൊലീസ് കണ്ടെടുക്കുകയായിരുന്നു.

റിസ്വാനയെ കത്തി ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം കുഞ്ഞബ്ദുള്ള സ്വയം ജീവനൊടുക്കുകയായിരുന്നു എന്നാണ് കരുതുന്നത്. ക്രൂര കൃത്യത്തിന് ഉപയോഗിച്ചതായി കരുതുന്ന കത്തി സമീപത്തു നിന്ന് കണ്ടെടുത്തിരുന്നു. ഇതില്‍ മറ്റാരുടെയും വിരലടയാളം ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. രണ്ടു പേരെയും അടുത്തടുത്താണ് ഖബറടക്കിയത്. നാട്ടില്‍ നിന്ന് എത്തിയ റിസ്വാനയുടെ സഹോദരന്‍ ആഷിഖ്, ദുബായില്‍ നിന്നെത്തിയ അമ്മാവന്‍ മഹ്മൂദ്, റിയാദില്‍ നിന്നെത്തിയ കുഞ്ഞബ്ദുള്ളയുടെ പിതൃസഹോദരന്‍ കരീം അബ്ദുല്ല എന്നിവര്‍ ഉള്‍പ്പെടെ വന്‍ ജനാവലി സംബന്ധിച്ചു. കുഞ്ഞബ്ദുള്ള ജോലി ചെയ്തിരുന്ന ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഡയറക്ടര്‍ നാസര്‍ അടക്കം ജീവനക്കാരും നിരവധി സ്വദേശികളും ദുഃഖം തളം കെട്ടിയ ഖബറടക്കത്തില്‍ പങ്കെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ടാഴ്ചയോളം നീണ്ട നിയമ നടപടികള്‍ പൂര്‍ത്തിയായതിന് ശേഷമാണ് മൃതദേഹങ്ങള്‍ പൊലീസ് വിട്ടുനല്‍കിയത്. കുഞ്ഞബ്ദുല്ലയുടെ മൃതദേഹം അല്‍ഹസ്സയില്‍ തന്നെ സംസ്‌കരിക്കുമെന്നും റിസ്വാനയുടെ മൃതദേഹം മാതാവിന്റെ ആഗ്രഹപ്രകാരം നാട്ടിലേയ്ക്ക് കൊണ്ടു പോകുമെന്നുമായിരുന്നു ആദ്യ വിവരം. ഇക്കാര്യം തീരുമാനിക്കാന്‍ ഹൈപ്പര്‍മാര്‍ക്കറ്റ് അധികൃതര്‍ റിസ്വാനയുടെ സഹോദരനെ നാട്ടില്‍ നിന്ന് അല്‍ഹസ്സയില്‍ എത്തിക്കുകയുണ്ടായി. തുടര്‍ന്ന് തീരുമാനത്തില്‍ മാറ്റമുണ്ടാവുകയായിരുന്നു. ഇതനുസരിച്ച്, നേരത്തെ എംബസിയില്‍ നല്‍കിയ അപേക്ഷകള്‍ മടക്കി വാങ്ങി തിരുത്തുകയും വീണ്ടും സമര്‍പ്പിക്കുകയും ചെയ്തുവെന്ന് നടപടികള്‍ക്കായി രംഗത്തുണ്ടായിരുന്നവര്‍ വിവരിച്ചു.

റിസ്വാനയുടേതായി പൊലീസ് തിരിച്ചേല്‍പ്പിച്ച സ്വര്‍ണാഭരണങ്ങള്‍ സഹോദരന്‍ ഏറ്റുവാങ്ങി. ജനാസയ്ക്കു ശേഷം റിസ്വാനയുടെ ബന്ധുക്കള്‍ ഉംറ നിര്‍വഹിക്കാന്‍ മക്കയിലേക്ക് പോയി. കുഞ്ഞബ്ദുള്ളയുടെ ബന്ധു റിയാദിലേക്കു മടങ്ങുകയും ചെയ്തു. നാലു വര്‍ഷമായി ദമ്പതികളുടെ വിവാഹം കഴിഞ്ഞിട്ട്. ഇവര്‍ക്ക് സന്താനങ്ങളില്ല. ഇക്കാര്യത്തില്‍ ദമാമിലെ ഒരാശുപത്രിയില്‍ചികിത്സയിലായിരുന്നു. അവിടേയ്ക്കു പോയി മടങ്ങി വരുമ്പോഴായിരുന്നു പ്രവാസി കുടുംബങ്ങളെ വേദനയിലാഴ്ത്തിയ സംഭവം. രണ്ടു മാസം മുന്‍പ് വിസിറ്റിങ് വീസയില്‍ എത്തി ഭര്‍ത്താവിനോടൊപ്പം അല്‍ഹസ്സയില്‍ കഴിയുകയായിരുന്നു റിസ്വാന.

കൊലപാതകവും ആത്മഹത്യയും ചേര്‍ന്ന സംഭവത്തിലെ പ്രതി ഭര്‍ത്താവ് കുഞ്ഞബ്ദുള്ള സംശയ രോഗം പ്രകടിപ്പിക്കുന്ന ശീലമുള്ള വ്യക്തിയാണെന്ന് പരിചയക്കാര്‍ പറഞ്ഞു. മറ്റു ദൂഷ്യങ്ങളോ പ്രശ്‌നങ്ങളോ ഇല്ലാതിരുന്ന കുഞ്ഞബ്ദുള്ള നാലു വര്‍ഷത്തിനു മുന്‍പ് നടന്ന വിവാഹശേഷം സംശയ രോഗത്തിന് അടിമയാവുകയായിരുന്നുവെന്നാണ് പരിചയക്കാര്‍ പറയുന്നത്. ഇതുമൂലം ഭാര്യയുമായി ഇടയ്ക്ക് അസ്വാരസ്യങ്ങളും പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ടത്രെ. ഇതിന്റെ ദുരന്തപൂര്‍ണമായ ഫലമായിരിക്കാം ഇരുവരുടെയും ദാരുണാന്ത്യം എന്നാണു കരുതുന്നത്.

Top